Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൂടുതല്‍ സൗദികളെ നിയമിച്ചാല്‍ സ്ഥാപനങ്ങളുടെ പിഴ ഒഴിവാക്കും

റിയാദ് - കൂടുതൽ സ്വദേശികൾക്ക് ജോലി നൽകുന്ന സ്വകാര്യ കമ്പനികളുടെ പേരിൽ തൊഴിൽ നിയമ ലംഘനങ്ങൾക്ക് നേരത്തെ ചുമത്തിയ പിഴകൾ ഒത്തുതീർക്കുന്ന പുതിയ പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു.

കൂടുതൽ സൗദി പൗരന്മാർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് ബദൽ പോംവഴികൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി മന്ത്രാലയം ആരംഭിച്ചത്.

പിഴകൾ ഒത്തുതീർക്കുന്ന പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി ഒരു വർഷ കാലാവധിയുള്ള കരാർ ഒപ്പുവെക്കണം. പിഴ ചുമത്തി മുപ്പതു ദിവസത്തിനകം പിഴ ഒത്തുതീർക്കൽ അപേക്ഷ തൊഴിലുടമകൾ ഓൺലൈൻ വഴി സമർപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്. നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ച നിയമ ലംഘനങ്ങളിലെ പിഴകൾ ഒത്തുതീർക്കുന്നതിന് അപേക്ഷ സമർപ്പിക്കാനും പാടില്ല.

അപേക്ഷ സമർപ്പിക്കുന്ന സ്ഥാപനങ്ങൾ നിതാഖാത്ത് പ്രകാരം ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം വിഭാഗങ്ങളിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 
പിഴ ചുമത്തപ്പെട്ട്, പിഴകൾ ഒത്തുതീർക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി തൊഴിലുടമകൾ സൗദി പൗരന്മാരെ പുതുതായി ജോലിക്കു വെക്കുകയും ഇവരെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും വേണം. ഇങ്ങനെ ജോലിക്കു വെക്കുന്ന സൗദികളുടെ വേതനം 4000 റിയാലും അതിൽ കൂടുതലും ആയിരിക്കണം. ഒരു വർഷത്തേക്ക് ഇവരെ ജോലിയിൽ നിലനിർത്തുന്നതിന് സ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. പദ്ധതി പ്രകാരം ജോലിക്കു വെക്കുന്ന ഏതെങ്കിലും സൗദി ജീവനക്കാരെ പിരിച്ചുവിടുന്ന പക്ഷം മുപ്പതു ദിവസത്തിനകം അതേ വ്യവസ്ഥകളോടെ ബദൽ സൗദികളെ ജോലിക്കു വെക്കണം. അല്ലാത്ത പക്ഷം പിഴ ഒത്തുതീർക്കൽ അപേക്ഷകൾ റദ്ദാക്കും. 


ഒത്തുതീർക്കൽ അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ എണ്ണം അപേക്ഷ സമർപ്പിക്കുന്ന സമയത്തെ സ്വദേശി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവോ തുല്യമോ ആയിരിക്കൽ നിർബന്ധമാണ്. ഒരേ സൗദി തൊഴിലാളിയെ ഒന്നിലധികം തവണ പിഴ ഒത്തുതീർക്കൽ പദ്ധതിക്ക് സ്ഥാപനം ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഒത്തുതീർക്കൽ പദ്ധതി സംഘത്തിന്റെ അന്വേഷണങ്ങൾക്ക് ഏഴു ദിവസത്തിൽ കവിയാത്ത സമയത്തിനകം സ്ഥാപന ഉടമകൾ മറുപടി നൽകലും നിർബന്ധമാണ്. അല്ലാത്ത പക്ഷം ഒത്തുതീർക്കൽ അപേക്ഷകൾ ഓട്ടോമാറ്റിക് ആയി റദ്ദാക്കപ്പെടുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. 

 

Latest News