Sorry, you need to enable JavaScript to visit this website.

കൗമാരക്കാരന്റെ തലയോട്ടി 64 കഷ്ണങ്ങളാക്കിയ  കുറ്റവാളിക്ക് രാഷ്ട്രപതിയുടെ മാപ്പ്

കൊളംബോ-സ്വീഡിഷ് കൗമാരക്കാരനെ വകവരുത്തിയ സംഭവത്തില്‍ മരണശിക്ഷ കാത്തിരുന്ന കുറ്റവാളിയെ മോചിപ്പിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ്. അധികാരം ഒഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന ഈ തീരുമാനം കൈക്കൊണ്ടത്. പ്രസിഡന്റിന്റെ തീരുമാനം ഇതിനകം ദേശീയ തലത്തില്‍ വിവാദമായി മാറിക്കഴിഞ്ഞു.
ധനിക കുടുംബത്തില്‍ നിന്നുള്ള ജൂഡ് ജയമഹയാണ് അപ്രതീക്ഷിതമായ മാപ്പ് ലഭിച്ചതോടെ വെലികാട ജയിലില്‍ നിന്നും സ്വതന്ത്രനായി പുറത്തിറങ്ങിയത്. 2005ല്‍ ശ്രീലങ്കയില്‍ സന്ദര്‍ശനത്തിനെത്തിയ വോണ്‍ ജോണ്‍സണാണ് ജൂഡിന്റെ ഇരയായത്. കൊളംബോയിലെ ബഹുനില അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് വഴക്കുണ്ടായതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
വോണിന്റെ തലയോട്ടി 64 കഷ്ണങ്ങളായി പ്രതി തകര്‍ത്തെന്ന് കോടതിയില്‍ വിശദീകരിക്കപ്പെട്ടു. ആദ്യം 12 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട ജൂഡിന്റെ ശിക്ഷ അപ്പീലില്‍ ഉയര്‍ന്ന കോടതി മരണശിക്ഷയായി തിരുത്തി. സുപ്രീംകോടതി 2014ല്‍ ഈ വിധി ശരിവെച്ചു. ജൂഡിന് മാപ്പ് നല്‍കിയ തീരുമാനത്തില്‍ വോണിന്റെ സഹോദരി കരോളിന്‍ ആശങ്ക അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. 'ചെയ്ത തെറ്റില്‍ യാതൊരു പശ്ചാത്താപവും അയാള്‍ പ്രകടിപ്പിച്ചില്ല. ഞങ്ങള്‍ ജീവിതം സാധാരണമാക്കാന്‍ പാടുപെടുമ്പോഴാണ് വെറുതെവിടുന്നത്. 15 വര്‍ഷത്തിന് ഇപ്പുറവും നീതിക്കായി പോരാടേണ്ടി വരുന്നു. ഇതാണ് ഏറ്റവും മോശം അവസ്ഥ', കരോളിന്‍ വ്യക്തമാക്കി.
സിരിസേനയുടെ തീരുമാനത്തില്‍ ശ്രീലങ്കയില്‍ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. അതേസമയം ജൂഡിന് പൊതുമാപ്പ് നല്‍കിയത് പ്രതികരണം പരിശോധിക്കാനാണെന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് റേഡിയോ, ടെലിവിഷന്‍ സ്‌റ്റേഷനുകളുള്ള മറ്റൊരു വധശിക്ഷാ തടവുകാരന് മാപ്പ് നല്‍കി വിട്ടയക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. സിരിസേനയെ പിന്തുണയ്ക്കുന്നതാണ് ഈ ചാനലുകളുടെ ഉള്ളടക്കം.

Latest News