ഹൈദരാബാദില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്- തെലങ്കാനയിലെ കച്ചെഗുഡ റെയില്‍വേ സ്റ്റേഷനില്‍ ട്രെയ്‌നുകള്‍ കൂട്ടിയിടിച്ച് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഒരു ട്രെയ്‌നിന്റെ ഡ്രൈവര്‍ തകര്‍ന്ന ക്യാബിനിനുള്ളില്‍ കുടുങ്ങി. യാത്രാ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച സൂചന. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. രണ്ടു ട്രെയ്‌നുകളില്‍ കുറഞ്ഞ വേഗതയിലായത് അപകടത്തിന്റെ ആഘാതം കുറച്ചു. ഒരു ട്രെയ്‌നിന്റെ ആറു കോച്ചുകളും എതിര്‍ദിശയില്‍ നിന്നു വന്ന ട്രെയ്‌നിന്റെ മൂന്ന ്‌കോച്ചുകളും തകര്‍ന്നു. പരിക്കേറ്റ യാത്രക്കാരെ ഉസ്മാനിയ ആശുപത്രിയിലേക്കു മാറ്റി. നിസ്സാര പരിക്കേറ്റ യാത്രക്കാര്‍ക്ക് 5000 രൂപ വീതവും ഗുരുതര പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും റെയില്‍വെ മന്ത്രാലയം സഹായം പ്രഖ്യാപിച്ചു. ഇരു ട്രെയ്‌നുകളിലേയും നിരവധി യാത്രക്കാര്‍ക്കുമേലും ഇടിയുടെ ആഘാതമുണ്ടായി. അപകടത്തെ തുടര്‍ന്ന് 20ഓളം ട്രെയ്‌നുകള്‍ ഭാഗികമായി റദ്ദാക്കേണ്ടി വന്നു. അപകടം സംബന്ധിച്ച് ഉന്നത തല അന്വേഷണം നടക്കുമെന്ന് റെയില്‍വേ അറിയിച്ചു.
 

Latest News