Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്രയിൽ ശിവസേനക്ക് കോൺഗ്രസ് പിന്തുണ 

മുംബൈ- മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശിവസേന നീക്കത്തെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എക്കുള്ള പിന്തുണ ഇന്ന് പിൻവലിച്ച ശിവസേന മന്ത്രി സ്ഥാനത്ത്‌നിന്ന് തങ്ങളുടെ അംഗത്തിന്റെ രാജിയും സമർപ്പിച്ചിരുന്നു. തുടർന്ന് എൻ.സി.പി നേതാവ് ശരദ് പവാർ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് ശിവസേനയെ പിന്തുണക്കാൻ തീരുമാനിച്ചത്.  സർക്കാർ രൂപീകരിക്കാനുള്ള ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ ക്ഷണം ബി.ജെ.പി നിരസിച്ചിരുന്നു. പിന്തുണക്ക് ആവശ്യമായ അംഗങ്ങളുടെ പിൻബലം ഉറപ്പിക്കാനാകില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ക്ഷണം നിരസിച്ചത്. ഇതോടെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിക്കുന്നതായി ശിവസേന വ്യക്തമാക്കി. 
ഗവർണറുടെ ക്ഷണം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്നലെ ബി.ജെ.പി രണ്ടുവട്ടം യോഗം ചേർന്നിരുന്നു. തുടർന്നാണ് തീരുമാനമെടുത്തത്. സംസ്ഥാനത്ത് ബി.ജെ.പി-ശിവസേന സർക്കാർ രൂപീകരിക്കാനായിരുന്നു ജനവിധിയെന്നും എന്നാൽ അത് അംഗീകരിക്കാൻ ശിവസേന തയ്യാറായില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു. എൻ.സി.പിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാനാണ് ശിവസേന ശ്രമിക്കുന്നതെങ്കിൽ അവർ ജനവിധിയെ അപമാനിക്കുകയാണ്. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പാട്ടീൽ പറഞ്ഞു. അതേസമയം, എന്തുവില കൊടുത്തും മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി യാഥാർത്ഥ്യമാകുമെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവത്ത് തിരിച്ചടിച്ചു. സ്ഥിരതയാർന്ന സർക്കാരിന് പിന്തുണ നൽകുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാറും വ്യക്തമാക്കിയിരുന്നു.
 

Latest News