Sorry, you need to enable JavaScript to visit this website.

രോഗികൾക്ക് തണലേകിയ നന്മമരം 

മധ്യവയസ്സിനോടനുബന്ധിച്ച ഒരു ഗൃഹനാഥൻ മരിക്കുമ്പോൾ സ്വാഭാവികമായും എല്ലാവർക്കും പറയുവാനുണ്ടാകുക, ആ കുട്ട്യോളുടെ കല്യാണം ഒന്നു കാണാൻ കഴിയാതെയാണല്ലോ മൂപ്പര് പോയത്. അവരുടെ കല്യാണം മൂപ്പരുടെ ഒരു സ്വപ്നമായിരുന്നു. സ്വന്തം വീടില്ലാത്തവരുടേതാണെങ്കിൽ, ആ വീട്ടിലൊന്ന് കയറൽ പുള്ളിക്കാരന്റെ സ്വപ്നമായിരുന്നു -ഇങ്ങനെയൊക്കെയായിരിക്കും. എന്നാൽ കഴിഞ്ഞ ദിവസം ഇഹലോകം വെടിഞ്ഞ പുളിയുള്ള പറമ്പിൽ സക്കീർ  എന്ന സക്കീർ കോവൂരിനെ സംബന്ധിച്ചിടത്തോളം മരണത്തിലേക്ക് നടന്നടുക്കുമ്പോഴും താനടക്കമുള്ള ജീവകാരുണ്യ പ്രവർത്തകർ പടുത്തുയർത്തിയ കാൻസർ, വൃക്ക രോഗികൾക്ക് ആശ്രയമായുള്ള മെഡിക്കൽ കോളേജിനടുത്തുള്ള കെയർഹോം എന്ന സ്ഥാപനത്തിന്റെ വരുംകാല വളർച്ചയെ സ്വപ്നം കണ്ടാണ് അദ്ദേഹം മടങ്ങിയതെന്ന് വേണമെങ്കിൽ പറയാം. പത്തുപതിനഞ്ച് ലക്ഷം രൂപ മാസത്തിൽ ചെലവുവരുന്ന ഈ സ്ഥാപനത്തിന് സ്ഥിരം വരുമാനമുണ്ടാക്കുവാനുള്ള ഒരു പദ്ധതി എന്ന സ്വപ്നം -ഇതായിരുന്ന സക്കീർ കോവൂർ. 
കോഴിക്കോട് നഗരത്തിലെ മാരകമായ രോഗം പിടിപെട്ടവരുടെയും നിരാശ്രയവരായവരുടെയും കണ്ണീരൊപ്പാൻ ഇത്രയധികം ഓടിനടന്ന ചുരുക്കം ചില സാമൂഹ്യ പ്രവർത്തകരിൽ ഒരാളായിരുന്നു ഇദ്ദേഹം. പുലർച്ചെ മൂന്നിന് തുടങ്ങുന്ന ഇദ്ദേഹത്തിന്റെ ജീവിതചര്യയിലെ ആദ്യത്തെ പരിപാടി, രാവിലത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണ വിതരണമായിരുന്നു. ഇതു കഴിഞ്ഞാൽ കെയർ ഹോമിലെ കാൻസർ, വൃക്ക രോഗികളുടെ അടുത്തേക്ക്. ശേഷം വെള്ളിപറമ്പിലെ എച്ച് ഐ വി പോസറ്റീവായവർക്കായുള്ള കേന്ദ്രത്തിലേക്ക്. ഇങ്ങനെ ദൈനംദിനമായുള്ള ഈ കണ്ണീരൊപ്പൽ യാത്രക്ക് രണ്ടു പതിറ്റാണ്ടിന്റെ പ്രായമെങ്കിലും കാണും. മെഡിക്കൽ കോളേജിലെ ഭക്ഷണ വിതരണത്തിനിടയിലായിരിക്കും അവിടെ വരുന്നവരിൽ ചിലരെ അടുത്ത് പരിചയപ്പെടുക. അങ്ങനെയാണ് കൂട്ടില്ലാത്ത രോഗികളെയും നട്ടെല്ല് തകർന്ന് കിടപ്പിലായവരെയുമെല്ലാം തേടിപ്പോവുക. ഇങ്ങനെ കട്ടിലിൽ നിന്നനങ്ങാൻ കഴിയാത്തവരായ രോഗികളെ കാസർകോട്ടും പാലക്കാട്ടുമെല്ലാമുള്ള ബന്ധുക്കളെ തേടിപ്പിടിച്ച് എത്തിച്ചുകൊടുത്തിട്ടുണ്ട് സക്കീർക്ക, അതും സ്വന്തം കീശയിൽ നിന്ന് മാത്രം പണമെടുത്തായിരുന്നുവെന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യമേറുക. കഴിഞ്ഞ ദിവസം മരണ വീട്ടിൽ നിന്ന് പോലും ഇതിന്റെ ഉദാഹരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. സക്കീർക്കയുടെ മയ്യിത്ത് കിടത്തിയിരുന്ന വീടിന് മുന്നിലെ പള്ളിക്കടുത്ത് കൂട്ടംകൂടിനിന്നിരുന്ന ഏതാനും ആളുകളുടെ ദുഃഖം ഘനീഭവിച്ച മുഖഭാവമാണ് അവരുടെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കാൻ തോന്നിപ്പിച്ചത്. അവരിൽ പലർക്കും ഒരു ഞെട്ടലും അതിനപ്പുറം വലിയ ആശങ്കയുമായിരുന്നു. വെള്ളിപറമ്പിലെ എയ്ഡ്‌സ് രോഗികൾക്കായുള്ള കേന്ദ്രത്തിലെ അന്തേവാസികളിൽ ചിലരായിരുന്നു അവർ. രാവിലത്തെ ഭക്ഷണം മുതൽ മരുന്നടക്കമുള്ള കാര്യങ്ങൾക്ക് തങ്ങളുടെ ആശ്രയം പോയെന്നത് വിശ്വസിക്കാൻ സാധിക്കാതെ നിൽക്കുന്നവരായിരുന്നു അവർ. ഇനി തങ്ങൾക്കാരുണ്ടെന്ന ആശങ്ക കൂടിയുണ്ടായിരുന്നു കൂടുംബങ്ങളടക്കം കൈവിട്ട ആ നിരാംലബർക്ക്.
ഇങ്ങനെ കണ്ണീരൊപ്പാൻ കൈകോ ർക്കുകയെന്ന മുദ്രാവാക്യം സ്വന്തം ജീവിതത്തിൽ ഇരുപത്തിനാലു മണിക്കൂറും പ്രാവർത്തികമാക്കിയ ആളായിരുന്നു സക്കീർക്ക. മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഓടിനടക്കുന്നതുകൊണ്ടായിരിക്കാം. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം മാത്രമേ എപ്പോഴും പടച്ചവൻ പുറംലോകത്തേക്ക് എല്ലാവർക്കുമായി കാണിച്ചിരുന്നുള്ളൂ. ഇതുപോലെ ഒരിക്കലും അദ്ദേഹത്തിൽ നിന്ന് നോ എന്ന വാക്ക് ആർക്കും കേൾക്കുവാൻ സാധിച്ചിരുന്നില്ല. മറിച്ച് ഞമ്മക്ക് ശരിയാക്കാമെന്നതായിരിക്കും എന്ത് വലിയ പ്രശ്‌നങ്ങൾക്കുമുള്ള അദ്ദേഹത്തിന്റെ മറുപടി.
ജീവിതത്തിന്റെ നല്ലൊരു സമയവും ജീവകാരുണ്യ പ്രവർത്തനങ്ങൾ തന്നെ ഹോബിയായി, ദൈവികമായി പുണ്യകരമായ പ്രവൃത്തിയായി കണ്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കാൻസർ രോഗികൾക്കായുള്ള ഹെൽപിംഗ് ഹാന്റ് ചാരിറ്റബിൾ ട്രസ്റ്റ്, എയ്ഡ്‌സ് രോഗികൾക്കായുള്ള കേന്ദ്രം, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വൃക്ക രോഗികൾക്കായുള്ള സ്‌നേഹ സ്പർശം, നട്ടെല്ല് തകർന്നവർക്കായുള്ള തണൽ - ഇഖ്‌റ ഹോസ്പിറ്റൽ കേന്ദ്രം, മൊയ്തീൻ പള്ളിയുടെ കീഴിലുള്ള സാമൂഹ്യക്ഷേമ വിഭാഗം കൺവീനർ അദ്ദേഹം ഭാരവാഹിത്വം വഹിച്ചിരുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് എടുക്കുമ്പോഴും ഇത് നമുക്ക് വ്യക്തമാവുകയാണ്. 
ജീവിതത്തിൽ പല വേഷങ്ങളും കെട്ടിയിട്ടുണ്ട്. ഹോട്ടൽ നടത്തിപ്പടക്കം പല നിലക്കുള്ള കച്ചവടക്കാരനായും പ്രവാസി മലയാളിയായും പ്രവർത്തിച്ചതിനു ശേഷമാണ് അദ്ദേഹം വർത്തമാനം ദിനപത്രത്തിലെ സൂപ്പർവൈസർ പണിയിലെത്തുന്നത്. പ്രാദേശിക പേജിന്റെ ചുമതലക്കാരൻ എന്ന നിലക്ക്,  ഫർദൂ നല്ല പേജായില്ലേ എന്ന് വിളിച്ചവരവിൽ നിന്നാണ് അദ്ദേഹത്തെ ഞാനെന്റെ ഓർമയിൽ അദ്യം സേവ് ചെയ്യുന്നത്. പലപ്പോഴും അത് പേജ് നേരം വൈകിയതുകൊണ്ടുള്ള ദേഷ്യത്തിലെത്തുമെങ്കിലും, മുഷിഞ്ഞ ഒരു മുഖഭാവത്തിലേക്കെത്തിയിരുന്നില്ല ഒരിക്കലും. 
ഇന്നലെ പത്രങ്ങളിൽ കണ്ട ചരമ ഫോട്ടോയിലെ പുഞ്ചിരി കാണുമ്പോൾ വീണ്ടും ഓർമകൾ പിന്നോട്ടെടുക്കുമ്പോഴും വേറൊരു പെരുമാറ്റം ഉണ്ടായതായി അറിയുന്നേയില്ല. വർത്തമാനം വിട്ടതിനുശേഷം ഹെൽപിംഗ് ഹാന്റിലെ പ്രവർത്തനങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ എത്തിക്കാൻ വേണ്ടിയാണ് പിന്നീട് 'ല്ല, ഫർദൂ' എന്ന വിളിയോടെയുള്ള കോൾ പലപ്പോഴും എത്തിയിരുന്നത്. കെയർ ഹോം ഉദ്ഘാടനം സമ്മേളനം കഴിഞ്ഞപ്പോൾ അടുത്ത പരിപാടി കോഴിക്കോട്ടെത്തുന്ന സിനിമക്കാരും കായികതാരങ്ങളുമെല്ലാമടങ്ങിയ സെലിബ്രിറ്റികളെ കെയർഹോമിലെ കാൻസർ പേഷ്യന്റ്‌സിന്റെ സന്തോഷത്തിനായി അവരുടെ അടുത്തു കൊണ്ടുവരികയെന്നതായിരുന്നു. 
നന്മമരം നന്മമരം എന്നത് ഒരു തമാശ പ്രയോഗം കൂടിയായി മാറുന്ന വർത്തമാനകാലത്ത് നൂറുകണക്കിന് കാൻസർ, എയിഡ്‌സ്, വൃക്ക, സ്‌ട്രോക്ക് രോഗികൾ തുടങ്ങിയവരുടെ തണലായി മാറിയ ഒരു യഥാർത്ഥ നന്മമരം തന്നെയായിരുന്നു ഞാൻ കണ്ട സക്കീർ കോവൂർ എന്ന ഇഷ്ടപ്പെട്ടവരുടെ സക്കീർക്ക. 
കോവൂർ സലഫി പള്ളിയുടെ മൂന്ന് നിലയിലും സ്ഥലം പോരാതെ പുറത്തേക്കുമൊഴുകിയ മയ്യിത്ത് നമസ്‌കാരത്തിനെത്തിയ ജനബാഹുല്യം തന്നെ ഈ തണൽ മരത്തിന്റെ സാന്നിധ്യം സമൂഹത്തിൽ എത്രമാത്രം അനിവാര്യമായിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു.
 

Latest News