Sorry, you need to enable JavaScript to visit this website.

വിദഗ്ധ ഡോക്ടറും ബുദ്ധിജീവികളും

കാനം സഖാവിനു 'സ്ഥലജലഭ്രമം' പിടിപ്പെട്ട ലക്ഷണമാണ്. മുഖ്യമന്ത്രിയാണോ, ചീഫ് സെക്രട്ടറിയാണോ മുകളിൽ എന്ന ചോദ്യം സഖാവിൽനിന്നാരും പ്രതീക്ഷിച്ചില്ല. മാത്രമല്ല, ചീഫ് സെക്രട്ടറിയെ അമേരിക്കൻ പ്രസിഡന്റിനോടു താരതമ്യം ചെയ്യുക പോലുമുണ്ടായി; മാനസികാവസ്ഥയുടെ കാര്യത്തിൽ ലോകത്തെ ഭീകര സംഘടനകളുടെ പട്ടികയിൽ ആറാം സ്ഥാനം നൽകി ട്രംപിന്റെ ഭരണം മാവോയിസ്റ്റുകളെ ആദരിച്ചതാണെന്ന വിവരം കാനത്തിനു പിടികിട്ടിയില്ല. ഒഡീഷയിലെ പോലീസ് ക്യാമ്പിൽ നിന്നു മോഷ്ടിച്ച തോക്കുകളാണ് മഞ്ചിക്കണ്ടിയിൽനിന്നു കണ്ടെടുത്തതെന്ന കാര്യവും മിണ്ടാൻ വയ്യ. 


ഉടനെ കാനം ചോദിക്കും, ആ പറഞ്ഞ വാക്ക് സ്ഥലമാണോ ഓട്ടുകിണ്ടിയാണോ എന്ന്. കിട്ടിയ തർക്കത്തിന് സി.പി.എമ്മിനിട്ടു നാല് പൂശുക എന്ന സംശുദ്ധ ലക്ഷ്യമേ പിന്നിലുള്ളൂ എന്നു നാട്ടുകാർക്കു മനസ്സിലായിത്തുടങ്ങുന്നതേയുള്ളൂ. ജേക്കബ് തോമസ് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ പുസ്തകമെഴുതിയതിനു നടപിയെടുത്ത സർക്കാർ എന്തുകൊണ്ട് ഐ.എ.എസുകാരൻ ചീഫിനെതിരെ മിണ്ടിയില്ല എന്നതാണ് സഖാവിന്റെ ചോദ്യം. ആ നിൽപും ഭാഷയും സൂചിപ്പിക്കുന്നത് കാനം മെയിൻ റോഡിൽ പൊതുജന മധ്യത്തിൽ നിൽക്കുന്നുവെന്ന ധാരണയിലെന്നത്രേ! സിവിൽ സർവീസുകാരുടെ എഴുത്തും സാഹിത്യ വായനയുമൊക്കെ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ സർക്കാറാണ് എൽ.ഡി.എഫിന്റേത്. 
മുന്നണിയിൽ തന്നെയുള്ള കാനം അത് മറക്കുന്നത് 'സ്ഥലജലഭ്രമം' കൊണ്ടു തന്നെയാകണം. ഈയിടെ അധികമൊന്നും ക്യാമറയിൽ പതിയാൻ അവസരം കിട്ടാത്തതിലുള്ള വൈക്ലബ്യവും ഉണ്ടാകം. പക്ഷേ അതിന് ഇരിക്കുന്ന മുന്നണിയുടെ കൊമ്പ് മുറിക്കുന്ന പരിപാടി വേണോ? കൊമ്പ് എന്നാൽ ധാർഷ്ട്യം എന്നും അർഥമുണ്ടെന്നാകും മറുപടി. നവോത്ഥാന കാലത്തു തന്നെ പിണറായിയുടെ ധാർഷ്ട്യം നാട്ടുകാർ കണ്ടതാണ്. അതുകൊണ്ടു കാനത്തിനു കൈയടിക്കാനും ആളെക്കിടാതിരിക്കില്ല.

****                                 ****                   **** 
കുടുംബാസൂത്രണം ഒരു മോശപ്പെട്ട കാര്യമല്ല. കേൾക്കുമ്പോൾ ഗൂഢമന്ദഹാസം വിരിയുമെങ്കിലും അത് നാടൻ കന്യകമാരുടെ മുഖങ്ങളിൽ മാത്രമായിരിക്കും. കോൺഗ്രസ് ഒരു കന്യകയല്ല. ഇന്നത്തെ നിലയിൽ ഒരു പടുകിഴവിയാണെന്ന് മുല്ലപ്പള്ളി ഇവിടെയും മാഡം അങ്ങു ദില്ലിയിലും സമ്മതിക്കുക തന്നെ ചെയ്യും. 'പണ്ടേ ദുർബല, പോരാഞ്ഞിട്ടു ഗർഭിണിയും' എന്ന പഴഞ്ചൊല്ലിനു പോലും മേപ്പടി 'കെളവി'യെ കുമാരിയാക്കി സങ്കൽപിക്കാൻ കഴിയില്ല. ആ പാവം വൃദ്ധയാണ് കഴിഞ്ഞ കാലം വരെ (പോരാ, ഇപ്പോഴും), ഒരു ജംബോ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ താങ്ങി തീറ്റിപ്പോറ്റിയത്. പാഞ്ചാലിക്ക് അഞ്ചുപേർക്കും മദർ-ഇൻ-ലായുമായി ആറുപേർക്കു വിളമ്പിയാൽ മതിയായിരുന്നു. നൂറ്റിയഞ്ച്-നൂറ്റിപ്പത്തുപേരാണ് സംസ്ഥാന ഭരണ സമിതിയംഗങ്ങൾ എന്നു കേട്ടാൽ, സീനിയർ മോസ്റ്റ് കോൺഗ്രസ് അനുഭാവികൾ വീണു വാ പൊളിക്കും. മൊത്തം ഇരുനൂറ്റിപ്പത്തുണ്ട് ഊണ് കഴിക്കാനും കൂടിയുള്ള ക്ഷണിതാക്കൾ. പാർട്ടി ക്ഷീണിക്കാതിരിക്കുമോ? സംഘടനാ തെരഞ്ഞെടുപ്പിലായായത് പൂർവജന്മ സുകൃതം. അല്ലെങ്കിൽ ഇന്ദിരാഭവന്റെ ബോർഡ് പോലും ഇളക്കി പണയം വെയ്‌ക്കേണ്ടിവരുമായിരുന്നു.
ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗൗരവപൂർവം ചിന്തിക്കുന്ന ഒരാളേ ഇനി കോൺഗ്രസിൽ അവശേഷിക്കുന്നുളഅളൂ, സാക്ഷാൽ കെ. മുരളീധരൻ. അദ്ദേഹം പഴയ മുരളിയല്ല. കുഴൽ വെച്ചുനോക്കിയും 'എൻഡോസ്‌കോപ്പി' വഴി അകത്തുകടന്നും സംഘടനയെ ശരിക്കൊന്നു പരിശോധിച്ചു. ഇ.സി.ജി, എം.ആർ.ഐ സ്‌കാൻ, അൾട്രാ സൗണ്ട് എന്നിവ വേറെയും തരമാക്കി. സംഘടനയുടെ ആരോഗ്യത്തിന് ജംബോ സമിതികൾ ഒട്ടും നന്നല്ല എന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് സോണിയാജിക്ക് അയച്ചുകൊടുത്തു.
മറ്റു ഗ്രൂപ്പുകളുടെ പട്ടികയുടെ വാഗൺ ദില്ലിയിൽ എത്തും മുമ്പേ വായു വേഗത്തിലാണ് ഡോക്ടർ മുരളീധരന്റെ കുറിപ്പടി എത്തിച്ചേർന്നത്. അതിൽ പീതാംബരക്കുറുപ്പിന്റെ പേര് കടന്നുകൂടിയിട്ടുണ്ടോ എന്നത് പരമ രഹസ്യമാണ്. കുറുപ്പു ചേട്ടനാണ് ഡോക്ടറുടെ രാഷ്ട്രീയ പ്രസ്തവനകളുടെ ഹരിശ്രീ പഠിപ്പിച്ചത്. മുരളീധരൻ നന്ദികേടു കാട്ടുമെന്നു ആരും കരുതുന്നില്ല. വാശിക്കാരനുമാണ്, വട്ടിയൂർകാവിൽ കുറുപ്പിന്റെ പേര് നിർദേശിക്കുകയും നിമിഷാർധം കൊണ്ടു പിൻവലിക്കുകയും ചെയ്യേണ്ടിവന്നതിന്റെ വേദനയും പകയും ഉള്ളിലുണ്ട്. 'ആനപ്പക' പോലെയാണത്. കൊണ്ടു നടക്കും!

****                               ****                   ****

 

'കടുവയെ കിടുവ പിടിച്ചു' എന്നാണ് പഴയ പ്രയോഗം. മറിച്ചും ആകാം. മഹാരാഷ്ട്രയിൽ അമിത് ഷാജിയുടെ കിടുവയെ ശിവസേന പിടികൂടിയിരിക്കുന്നു. കഷ്ടപ്പെട്ട് കോടികൾ വാരി വിതറി ജയിച്ചതാണ്. പക്ഷേ, ചുണ്ടിനും കപ്പിനുമിടയിൽ ചായ വഴുതിപ്പോയ അനുഭവമാണിപ്പോൾ. ജീവനിൽ കൊതിയുള്ള ശിവസേന എമ്മെല്ലേമാർ സംസ്ഥനത്തിനു പുറത്തെ റിസോർട്ടുകൾ നോക്കി പരക്കം പായുന്നു. കോൺഗ്രസിന്റെ അവസ്ഥയും അതു തന്നെ. പക്ഷേ, ദേശീയ കക്ഷിക്ക് അതു പുത്തരിയല്ല. ആര് കൈയിൽ ബാഗു വെച്ചുനീട്ടിയാലും സ്വീകരിക്കുക എന്ന മര്യാദ മാത്രമേ കോൺഗ്രസുകാർ പഠിച്ചിട്ടുള്ളൂ. ഇടപാടിൽ ഡോക്ടറേറ്റ് നേടിയ പലരും ജയിലിൽ സുഖമായി കഴിയുന്നു. ഇടയ്ക്കിടെ പിണറായിയും മോഡിയും ഒന്നു തന്നെയെന്ന ചെന്നിത്തല- മുല്ലപ്പള്ളിമാരുടെ പ്രസ്താവനകൾ ഇല്ലായിരുന്നവെങ്കിൽ, നമ്മുടെ സംസ്ഥാന ടൂറിസവും പെട്ടെന്നു വികസിച്ചേനേ. ബോംബേവാലകൾ കോടിക്കണക്കിനു പണവുമായി കേരളത്തിലെത്തി അവരുടെ എമ്മെല്ലേമാരെ ഇവിടുത്തെ റിസോർട്ടുകളിൽ പാർപ്പിക്കുന്ന രംഗം ആലോചിച്ചാൽ കുളിരു കോരും. പക്ഷേ, അന്ധമായ പിണറായി വിരോധം നിമിത്തം കോൺഗ്രസ് നേതാക്കൾ നമ്മുടെ ടൂറിസം വരുമാനത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്നു. കോന്നി ഉപതെരഞ്ഞെടുപ്പിൽ പ്രാർഥിച്ചും കീർത്തനം പാടിയും ശീലിച്ചതിനാൽ സി.പി.എം പ്രതിനിധികൾ വീണ്ടും അതേ വഴിക്കു തിരിയുകയാണ്. മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും നല്ല ബുദ്ധി തോന്നിക്കണേ എന്നാണ് പ്രാർഥന.

****                            ****                       ****
രണ്ടിടത്തും ഭരണമില്ലാത്തതു നിമിത്തം മുണ്ടുമുറുക്കിയുടുത്ത് കഴിയുകയാണ് കോൺഗ്രസ്. സംസ്ഥാന ബി.ജെ.പിയാകട്ടെ, വെൺമണിക്കവി ഗവർണറായി നാടുവിട്ടതോടെ നാഥനില്ലാക്കളരിയുമായി. സെക്രട്ടറിയേറ്റ് നടയിലെത്തി ജലപീരങ്കിയുടെ സഹായത്തോടെ കുളിച്ചു വൃത്തിയായി മടങ്ങുന്നതൊഴിച്ചാൽ മറ്റു പരിപാടികളൊന്നുമില്ല. ശിഷ്ടനേരം കളർ ടി.വി തന്നെ ശരണം.
 ഈയൊരു അവസ്ഥയിലാണ്, വാളയാർ പീഡനക്കേസിൽ കരുണാർദ്രമായ ഒരു പ്രസ്താവന മുഖ്യമന്ത്രി പിണറായി നടത്തിക്കളഞ്ഞത് ഓർത്താൽ ആർക്കും സഹിക്കില്ല. 
പീഡനക്കേസിൽ സി.ബി.ഐ അന്വേഷണം തേടി കുടുംബ കോടതിയെ സമീപിക്കുകയാണെങ്കിൽ സർക്കാർ അതിനെ എതിർക്കില്ലത്രേ! ഇത്ര വലിയൊരു ദയാവായ്പ് ശിബി ചക്രവർത്തിയോ, ഹരിശ്ചന്ദ്ര മഹാരാജാവോ, കർണനോ കാട്ടിയതായി രേഖയില്ല. അതുകൊണ്ടു ചരിത്രം പിണറായിയുടെ പേര് തങ്കലിപികളിൽ തന്നെ എഴുതിച്ചേർക്കുമെന്ന കാര്യം നിശ്ചയം. 
നിയമസഭ നിർത്തിവെച്ച് പ്രശ്‌നം ചർച്ച ചെയ്യണമെന്ന് പതിവുപോലെ പ്രതിപക്ഷം നാടകമാടി. പക്ഷേ കൈയിൽ ചില്ലിക്കാശില്ലാതെ ഉച്ചയൂണിനു നട്ടം തിരിയുന്ന ആ പാവങ്ങൾ എങ്ങനെയാണ് വാളയാറിലെ ദളിതരുടെ കേസ് നടത്തുക? അത് ബുദ്ധിരാക്ഷസനായ മുഖ്യമന്ത്രിക്കറിയാം. ആരാ മോൻ?

Latest News