Sorry, you need to enable JavaScript to visit this website.

ഓർമയിൽ ഒരു അപകടം

നവംബർ നാലാം തീയതി  അശ്വിനി ബറുവ വീണ്ടും വിളിച്ചു.  കഴിഞ്ഞ മൂന്നുനാലു കൊല്ലമായി അതൊരു പതിവായിരിക്കുന്നു, നവംബർ നാലാം തീയതിയിലെ ബറുവയുടെ വിളി.  ഗുവാഹതിക്കാരൻ ബറുവയും ഞാനും തമ്മിൽ അത്ര അടുത്ത ചങ്ങാത്തമാണെന്നു പറഞ്ഞുകൂടാ. ഏറ്റവും ഒടുവിൽ ഞങ്ങൾ കണ്ടത് അര നൂറ്റാണ്ടു മുമ്പായിരുന്നു.
അതിനു മുമ്പ് ഏതാനും മാസം ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തു, ശാസ്ത്രി ഭവന്റെ ഏഴാം മാളിക മുകളിൽ.  ബറുവയെ കൂടാതെ എന്റെ ഓർമയിൽ തങ്ങിനിൽക്കുന്നത് എഴാം മാളികയുടെ മുക്കിലും മൂലയിലും അടിഞ്ഞു കൂടിയ പൊടിയും ഞരങ്ങിനീങ്ങുന്ന മടിയൻ എലിവേറ്ററുമാണ്. അറച്ചുനിൽക്കുന്ന എലിവേറ്റർ ഒഴിവാക്കി കോണിപ്പടി കേറാനും ഇറങ്ങാനും അന്ന് ധൈര്യമുണ്ടായിരുന്നു.
ഏതാനും മാസം ഒരുമിച്ചു ജോലി ചെയ്ത ശേഷം ബറുവ ബറുവയുടെ വഴിക്കു പോയി, ഞാൻ എന്റെ വഴിക്കും. തമ്മിൽ ബന്ധപ്പെട്ടതേയില്ല. അങ്ങനെയിരിക്കേ ഒരു ദിവസം ബറുവയെ കണ്ടുമുട്ടി, ഇന്റർനെറ്റിൽ. തമ്മിൽ കാണാത്തവരുടെയും കേൾക്കാത്തവരുടെയും കൂട്ടായി കൊരുത്തെടുക്കുന്ന ഇന്റർനെറ്റ് പുതിയ ശക്തി ഉൾക്കൊണ്ടു വരുന്നു. എന്നേ മൺ മറഞ്ഞുപോയവരെ കാഴ്ചയായും കേൾവിയായും വായുവിൽ സൂക്ഷിച്ചുവെക്കാവുന്ന സാങ്കേതിക വിദ്യ മനുഷ്യന് കാലത്തിനു മേൽ ഒരു മേൽക്കൈ നേടിക്കൊടുക്കുന്നതു പോലെ.
അര നൂറ്റാണ്ടിന്റെ അകലത്തിൽ വീണ്ടും ഇടപഴകാനിടയായ അശ്വിനി ബറുവ ഒരു നവംബർ നാലാം തീയതി ഓർത്തു വിളിച്ചു. പിന്നെ നവംബർ നാലു വരുമ്പോഴൊക്കെ ബറുവ വിളിക്കും. ഒരേ ഓർമ, ഒരേ സന്ദേശം. അത് കഴിഞ്ഞ നവംബർ നാലിനുമുണ്ടായി.  
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴിലെ നവംബർ നാലായിരുന്നു അതിനെല്ലാം അവലംബം. അന്ന് ജോർഹട്ടിൽ ഉണ്ടായ വിമാനാപകടം അസംകാരനായ അശ്വിനി ബറുവയുടെയും എന്റെയും ഓർമയിൽ മായാതെ കിടക്കാൻ കാരണം പലതായിരുന്നു. അസമിൽ ആകാശവാണി വാർത്തയുടെ മേൽനോട്ടക്കാരനായിരുന്നു ബറുവ. ഞാനാകട്ടെ, ആ അപകടത്തിൽനിന്നു രക്ഷപ്പെട്ടയാളും. എന്നോടൊപ്പം രക്ഷപ്പെട്ടവരിൽ ഒരാളായിരുന്നു പ്രധാനമന്ത്രി മൊറാർജി ദേശായി.
അഞ്ചു ദിവസത്തെ വടക്കു കിഴക്കൻ പര്യടനത്തിനു പുറപ്പെട്ടതായിരുന്നു പ്രധാനമന്ത്രി. ഇരുപത്തിനാലു പേരുടെ സഘത്തിൽ ആകാശവാണിയുടെ ലേഖകനായി ഞാൻ.  
വ്യോമസേനയുടെ ഏറ്റവും മികച്ച വൈമാനികനായ വിംഗ് കമാണ്ടർ ക്ലാരൻസ് ഡി ലിമ അമരത്ത്. വൈകുന്നേരം അഞ്ചു മണിക്ക് ദൽഹിയിൽനിന്നു പറന്നുയർന്ന് എട്ടു മണിയോടെ ജോർഹട്ടിൽ പ്രധാനമന്ത്രിയെ എത്തിക്കുകയായിരുന്നു  പുഷ്പകം എന്നു പേരിട്ടിരുന്ന റഷ്യൻ വിമാനത്തിന്റെ ദൗത്യം. 
എട്ടു മണിക്ക് നിലത്തിറങ്ങാൻ പുഷ്പകം ജോർഹട് വിമാനത്താവളത്തിനു മുകളിൽ കറങ്ങാൻ തുടങ്ങി. ആദ്യത്തെ ശ്രമത്തിൽ എന്തുകൊണ്ടോ ഇറങ്ങിയില്ല. വീണ്ടും പറന്നു പൊങ്ങി.
അതിനു മുമ്പ് ഒന്നോ രണ്ടോ തവണ മാത്രം പറന്നിട്ടുള്ള ഞാൻ അകാരണമായി അസ്വസ്ഥനായി. അതേപ്പറ്റി ആലോചിക്കുന്നതിനിടെ പുഷ്പകം വീണ്ടും താഴ്ന്നു പറക്കുകയും ഇടതു വശത്തെ മുളങ്കാടുകളെ അരിഞ്ഞുവീഴ്ത്തി ചളി കെട്ടിയ കണ്ടങ്ങളിലൂടെ മുന്നോട്ടായുകയും ഒരു മൊട്ടക്കുന്നിന്റെ ഓരത്ത് ഇടിച്ചുനിൽക്കുകയും ചെയ്തു.
വിംഗ് കമാണ്ടർ ഡി ലിമ സ്വസ്ഥാനത്തുനിന്ന് പുറത്തേക്ക് തെറിച്ചുപോയിരുന്നു.
ഒപ്പം വേറെ മൂന്നു വൈമാനികരും. ഇനിയും മരിച്ചിട്ടില്ലാത്ത ഞങ്ങൾ സ്വന്തം പുറത്ത് തട്ടി അഭിനന്ദിക്കുകയോ ഡി ലിമക്കും കൂട്ടുകാർക്കും നന്ദി പറയുകയോ ചെയ്യേണ്ട അവസരം. തകർന്നടിഞ്ഞ വിമാനത്തിൽ തീനാളങ്ങൾ കണ്ടു. മരിച്ചിട്ടില്ലെന്ന് മനസ്സിലായവർ രക്ഷാമാർഗത്തിന്റെ സങ്കേതങ്ങളും സിദ്ധാന്തങ്ങളും ആരായുകയായിരുന്നു. അതിനിടെ ചളി പുരണ്ടു കിടന്നിരുന്ന ഡി ലിമയുടെ നെഞ്ചു തടവാനുള്ള ചുമതല എനിക്കായി. അതേറെ നേരം നീണ്ടില്ല, അസുഖകരമായ ശബ്ദത്തോടെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.  ആ ശബ്ദത്തിന്റെ ഓർമയായി വിംഗ് കമാണ്ടർ ക്ലാരൻസ് ഡി ലിമ ഇന്നും എന്നിൽ ജീവിക്കുന്നു.
പ്രധാനമന്ത്രിയുടെ അതിജീവനമായിരുന്നു വാർത്ത. ആകാശവാണിയുടെ അവസാനത്തെ ലോകവാർത്താ ബുള്ളറ്റിനു പാകത്തിൽ വാർത്ത എത്തിച്ച് ഞാൻ പ്രസിദ്ധനായി. ഒരായിരം കാരണം പറയാം, ഞാൻ ദൗത്യത്തിൽ ജയിച്ചു. ഒരൊറ്റ കാരണം കൊണ്ട് തോൽക്കാമായിരുന്നു. മരിക്കാമായിരുന്നു, മുറിവേറ്റ് നിശ്ചലനാകാമായിരുന്നു, ടെലിഫോൺ സൗകര്യമുള്ള സൈനിക സങ്കേതത്തിലേക്ക് എത്താൻ വൈകാമായിരുന്നു, ഫോൺ കണ്ടപ്പോൾ എന്നെ വെട്ടാൻ നോക്കിയ പി.ടി.ഐ ലേഖകന്റെ ഊഴം ആദ്യം വരാമായിരുന്നു, എന്റെ വാർത്ത ദൽഹി ന്യൂസ് റൂമിൽ എഴുതിയെടുത്ത എഡിറ്റർ ഒന്ന് ഉഴപ്പാമായിരുന്നു അങ്ങനെ ആയിരം കാരണമുണ്ടായിരുന്നു എന്റെ പരാജയത്തിന്. അര നിമിഷത്തിന്റെ അകലമേ ഉണ്ടായിരുന്നുള്ളൂ മരണത്തിനും വിജയത്തിനുമിടയിൽ. അതൊന്നുമോർക്കാതെ ആർത്തുല്ലസിച്ച്, വിജയത്തിന്റെ മേനി പറഞ്ഞ്, ഞാൻ വിലസി. ഓരോ കാൽവെപ്പിലും കുഴങ്ങി വീഴാം എന്ന ചിന്തക്കായിരുന്നില്ല അപ്പോൾ മുൻതൂക്കം. പ്രശസ്തിയുടെയും വിജയത്തിന്റെയും ലഹരി ഒതുങ്ങാൻ ഇടം വലം ആലോചിക്കാനുള്ള നേരം വേണമായിരുന്നു. അസമിൽ ആകാശവാണിയുടെ പ്രക്ഷേപണം ഏകോപിപ്പിച്ചിരുന്ന അശ്വിനി
ബറുവ മുഖ്യമന്തിയുടെയും മറ്റും കൂടെ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ജോർഹട്ടിൽ എത്തിയിരുന്നു. നിലത്തിറങ്ങാതെ പറന്നുയർന്നു പോയ പുഷ്പകത്തെയോർത്ത് അവർ രാത്രിയുടെ മടിയിൽ വീണു. പതിനൊന്നു മണിയായപ്പോൾ വിമാനം തകർന്നെന്ന വിവരം ദൽഹി ആകാശവാണിയിൽനിന്നു കേട്ടപ്പോൾ ബറുവ തരിച്ചിരുന്നു.
അന്നേക്ക് ഏഴു കൊല്ലം മുമ്പ് കണ്ടു പിരിഞ്ഞ എന്നെ ഓർക്കാൻ വീണ്ടും ഒരവസരമായി.കാലം കുറച്ചായി. ഓർമ മങ്ങുന്നു.  പ്രധാനമന്ത്രിയുടെ വിമാനം വീണ ടെക്കലഗാംവ് എന്ന ഉൾനാട്ടിലെ കൊച്ചു മനുഷ്യർ ഇന്നും അത് കാത്തു സൂക്ഷിക്കുന്നു, അഭിമാനത്തോടെ, ആദരത്തോടെ, സ്വൽപം ഖേദത്തോടെ.  പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ആ സംഭവം മാത്രമേ ടേക്കലഗാംവിനെ സവിശേഷമാക്കാനുള്ളൂ. അവിടെ ഒരു സ്മാരകം ഉയരും, പ്രധാനമന്ത്രി വീണ്ടും വരും, ചരിത്രത്തിൽ പേര് ചേരും എന്നൊക്കെ നാട്ടുകാർ വിചാരിച്ചെങ്കിൽ, തെറ്റി. 
അങ്ങനെയൊരു പരാതി കൂടി കലർന്നതായിരുന്നു കഴിഞ്ഞ നവംബർ നാലിന്റെ കർമവിപാക പ്രായശ്ചിത്തം. പ്രാഗ് ന്യൂസ് എന്ന അസമീസ് ചാനലിൽ ഒരു തവണ കൂടി ബറുവ ഓർമ പുതുക്കി.  അര നൂറ്റാണ്ടുകൊണ്ടൊന്നും മായുന്നതല്ല ആ ഓർമ. 
ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ! 

Latest News