Sorry, you need to enable JavaScript to visit this website.

കുരുമുളക് വിലയിൽ മുന്നേറ്റം; കാർഷിക മേഖല  ആവേശത്തിൽ

കേരളത്തിൽ കുരുമുളക് വിലയിലെ പൊടുന്നനെയുള്ള മുന്നേറ്റം കാർഷിക മേഖലയെ ആവേശത്തിലാക്കി. കാർഷിക മേഖലയിൽ നിന്നുള്ള മുളക് നീക്കം ചുരുങ്ങിയതോടെ അൺ ഗാർബിൾഡിന് ക്വിന്റലിന് 1700 രൂപ വർധിച്ച് 31,500 രൂപയായി. നിരക്ക് വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് ഉൽപാദന മേഖലയിലെ സ്റ്റോക്കിസ്റ്റുകൾ. ഇടുക്കി, വയനാട് ഭാഗങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതിനിടയിൽ കൂർഗ്ഗ് കുരുമുളക് കൊച്ചിയിലെത്തി. ഹൈറേഞ്ച് ചരക്കുമായി കലർത്തിയാണ് വിൽപനയ്ക്ക് വന്നത്. തെക്കൻ കേരളത്തിലെ തോട്ടങ്ങൾ വിളവെടുപ്പിന് സജ്ജമായി. ശനിയാഴ്ച്ച ഗാർബിൾഡ് കുരുമുളക് 33,500 രൂപയായി ഉയർന്നു.    
സംസ്ഥാനത്ത് റബർ ഉൽപാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞു. മുഖ്യ വിപണിയിൽ ചരക്ക് വരവ് കുറഞ്ഞത് ഇത് വ്യക്തമാക്കുന്നു.  അന്താരാഷ്ട്ര വില ഉയരുന്നതിനാൽ ഇറക്കുമതി കുറച്ച് കൊച്ചി, കോട്ടയം വിപണികളെ ആശ്രയിക്കാൻ ചില ടയർ കമ്പനികൾ നീക്കം നടത്താം. കമ്പനി സപ്ലെയർമാരിൽ നിന്നുള്ള ഡിമാന്റിൽ ആർ എസ് എസ് നാലാം ഗ്രേഡ് 12,500 ൽ നിന്ന് 12,700 രൂപയായി. ഈ വിലയ്ക്കും കാര്യമായി ചരക്ക് ലഭിക്കാത്തവർ 12,800 വരെ മുൻകൂർ കച്ചവടങ്ങൾക്ക് ശ്രമിച്ചു. 
ക്രിസ്മസിന് മുമ്പേ റബർ ഉൽപാദനം ഉയർത്താനാണ് വ്യവസായികൾ വിതരണക്കാരെകൊണ്ട് വില വർധിപ്പിച്ചത്. നാലാം ഗ്രേഡിനെ 13000-13,200  ലേയ്ക്ക് ഉയർത്താനാവും ആദ്യ ശ്രമം. അവിടെ നിന്ന് ഉയർന്നാൽ 13,500 ൽ വീണ്ടും പ്രതിരോധം നേരിടാം. തുലാം ആദ്യ പകുതിയെ അപേക്ഷിച്ച് മഴ കുറഞ്ഞത് റബർ ടാപ്പിങിന് അനുകൂലമാണെങ്കിലും വില ഉയർന്നാൽ മാത്രം കർഷകർ ടാപ്പിങ് രംഗത്ത് സജീവമാകൂ. തായ്‌ലന്റിൽ ലഭ്യത ചുരുങ്ങുമെന്ന റിപ്പോർട്ടുകൾ വ്യവസായികളെ ബാങ്കോക്കിലേയ്ക്ക് ആകർഷിച്ചു. വ്യാവസായിക ഡിമാന്റിൽ അവിടെ നിരക്ക് 10,476 രൂപയിൽ നിന്ന് 10,646 ലേയ്ക്ക് കയറി. റെഡി മാർക്കറ്റിലെ ഉണർവ് നിക്ഷേപകരെ ടോക്കോമിൽ  വാങ്ങലുകാരാക്കി. റബർ കിലോ 152 യെന്നിൽ നിന്ന് 161 യെന്നായി. 167 യെന്നിലേയ്ക്ക് ഉയർന്നാൽ ഇന്ത്യൻ വ്യവസായികൾ ആഭ്യന്തര മാർക്കറ്റിൽ പിടിമുറുക്കും. 
ഒരുമാസമായി സ്‌റ്റെഡിയായി നീങ്ങിയ വെളിച്ചെണ്ണ വില പോയവാരം താഴ്ന്നു. ദീപാവലി വേളയിൽ ചൂടുപിടിക്കാത്ത എണ്ണയ്ക്ക് മാസാരംഭത്തിലും മുന്നേറാനായില്ല. ഇതിനിടയിൽ മില്ലുകാർ കൊപ്ര സംഭരണം കുറച്ചത് തമിഴ്‌നാട് വിപണിയെ സമ്മർദ്ദത്തിലാക്കി. കാങ്കയത്ത് കൊപ്ര 9100 ലേയ്ക്ക് ഇടിഞ്ഞു. കൊച്ചിയിൽ കൊപ്ര 9670 രൂപയായും വെളിച്ചെണ്ണ 14,425 രൂപയായും താഴ്ന്നു. 
ലേലത്തിനുള്ള ഏലക്ക നീക്കം കുറച്ച് വില ഉയർത്താനുള്ള നീക്കത്തിലാണ് ഉൽപാദകർ. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ക്രിസ്മസ് മുന്നിൽ കണ്ട് ഏലക്ക സംഭരിക്കുന്നുണ്ട്. വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ ഏലം അവധി വില ഇടിഞ്ഞത് മറയാക്കി വില താഴ്ത്താൻ വാരമധ്യം ഒരു വിഭാഗം ശ്രമിച്ചു. ശനിയാഴ്ച്ച തേക്കടിയിൽ നടന്ന ലേലത്തിൽ 51,778 കിലോ കൈമാറി. മികച്ചയിനം കിലോ 2880 രൂപയിലാണ്. 
കേരളത്തിൽ സ്വർണ വില പവന് 480 രൂപ കുറഞ്ഞു. 28,800 രൂപയിൽ നിന്ന് പവൻ 28,320 രൂപയിലാണ്. ആഗോള വിപണിയിൽ നാലുമാസമായി ഔൺസിന് 1480-1520  ഡോളർ റേഞ്ചിൽ സഞ്ചരിച്ച സ്വർണം ശക്തമായ വിൽപന സമ്മർദ്ദത്തിലാണ്. പിന്നിട്ടവാരം വില മൂന്ന് ശതമാനം ഇടിഞ്ഞു. 2017 മെയ് അഞ്ചിന് ശേഷം ഇത്ര ശക്തമായ വില തകർച്ച ആദ്യമാണ്. 1514 ഡോളറിൽ നിന്ന് 1456 ഡോളറായി. ഈവാരം 1443-1424 ഡോളറിൽ സപ്പോട്ടുണ്ട്, മുന്നേറിയാൽ 1484 ഡോളറിൽ പ്രതിരോധവും.    
ഇന്ത്യയുടെ സ്വർണ ഇറക്കുമതി നാല് മാസമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 46 ശതമാനം ചുരുങ്ങി 20.8 ടണ്ണിൽ ഒതുങ്ങി. ഈ വർഷം വിവിധ കേന്ദ്ര ബാങ്കുകൾ മൊത്തം 550 ടൺ സ്വർണം ശേഖരിച്ചു. ഒക്ടോബറിൽ ചൈനീസ് കേന്ദ്ര ബാങ്ക് ഒരു ടൺ സ്വർണം പോലും വാങ്ങിയില്ല. അവരുടെ കരുതൽ ശേഖരം 64.65 ടണ്ണിൽ തുടരുകയാണ്. പത്തു വർഷമായി ഇറക്കുമതിക്ക് ഉത്സാഹിച്ചിരുന്ന ചൈനയുടെ പെടുന്നനെയുള്ള പിൻമാറ്റം ആഗോള സാമ്പത്തിക മേഖല ആശ്ചര്യത്തോടെയാണ് വീക്ഷിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം അവസാനിച്ചത് സ്വർണത്തിന്റെ തിളക്കത്തിന് മങ്ങൽ ഏൽപ്പിക്കും. 

 

Latest News