ന്യൂദല്‍ഹി- ചൈനയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന് ഇന്ത്യ വീസ അനുവദിക്കാത്തതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ ഈ ആഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ-ചൈന ബിസിനസ് ഫോറം ഉപേക്ഷിച്ചു. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥി ആയി പങ്കെടുക്കുന്ന പരിപാടി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുമെന്നായിരുന്നു നേരത്തെ അയച്ച് ക്ഷണക്കത്തില്‍ അറിയിച്ചിരുന്നത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ സുബ്രമണ്യന്‍, നിതി ആയോഗ് അംഗങ്ങള്‍ എന്നിവരും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഈ ചര്‍ച്ചായോഗം നടക്കില്ലെന്ന് പരിപാടിയുടെ ഇന്ത്യയിലെ സംഘാടകരായ ഇന്റര്‍നാഷണല്‍, ബിസിനസ് ലിങ്കേജ് ഫോറം, ഫിക്കി എന്നിവര്‍ അറിയിച്ചു. അപ്രതീക്ഷിത സാഹചര്യങ്ങളെ തുടര്‍ന്ന് ഫോറം ഇപ്പോള്‍ നടത്തേണ്ടതില്ലെന്നാണ് തങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശമെന്ന് അവര്‍ വ്യക്തമാക്കി. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും സംഘാടകരുടെ വെബ്സൈറ്റില്‍ പറയുന്നു.
പരിപാടിയില്‍ സംബന്ധിക്കാന്‍ ഇന്ത്യയിലേക്കു വരാനായി 70 അംഗ ചൈനീസ് സംഘം കഴിഞ്ഞയാഴ്ച വീസയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ വീസ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ പിന്തുണയോടെ നേരത്തെ ഈ ഫോറം സംഘടിപ്പിച്ചിട്ടുള്ള സംഘാടകര്‍ ചൈനിസ് സംഘത്തിന് വീസയ്ക്കായി പരമാവധി ശ്രമിച്ചെങ്കിലും ഇപ്പോള്‍ വീസ നല്‍കാനാവില്ലെന്ന അറിയിപ്പാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.






