കൂടോത്രം ആരോപിച്ച് വൃദ്ധയെ ചെരുപ്പുമാലയിട്ട് മുഖത്ത് കരിതേച്ച് തെരുവിലൂടെ നടത്തിച്ചു

ഷിംല- ഹിമാചല്‍ പ്രദേശിലെ ഗഹര്‍ പഞ്ചായത്തില്‍ കൂടോത്രം ചെയ്തതെന്നാരോപിച്ച് 81 വയസ്സുള്ള വൃദ്ധയെ നാട്ടുകാര്‍ മുഖത്ത് കരിവാരിത്തേച്ച് കഴുത്തില്‍ ഷൂകള്‍ കൊണ്ടുണ്ടാക്കിയ മാല അണിയിച്ച് തെരുവിലൂടെ നടത്തിച്ചു. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ ഇതിലുള്‍പ്പെട്ട 21 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഡിയോ മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹമാണ് കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഇത്തരമൊരു അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കണ്ട് കഴിഞ്ഞ മാസം പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് വൃദ്ധയുടെ മകള്‍ പറഞ്ഞു. ഈ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നുവെന്നും എന്നാല്‍ തൊട്ടടുത്ത ദിവസം പരാതി പിന്‍വലിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.
 

Latest News