Sorry, you need to enable JavaScript to visit this website.

റിജോഷ് വധം: പ്രതികളുടെ നില ഗുരുതരം, കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഇടുക്കി- മുംബൈയില്‍ ആത്മഹത്യക്ക് ശ്രമിച്ച റിജോഷ് വധക്കേസിലെ ഒന്നാം പ്രതി വസീമിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. റിജോഷിന്റെ ഭാര്യ ലിജിയുടെ നിലയില്‍ മാറ്റമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ വിഷം നല്‍കി കൊലപ്പെടുത്തിയ റിജോഷിന്റെ മകള്‍ ജുവാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തിങ്കള്‍ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
കഴിഞ്ഞ 31 നാണ് ശാന്തമ്പാറ കഴുതക്കുളംമേട് സ്വദേശി മുല്ലൂര്‍ റിജോഷിനെ റിസോര്‍ട്ട് മാനേജര്‍ വസീം കൊലപ്പെടുത്തിയ ശേഷം റിസോര്‍ട്ടിന് സമീപം കുഴിച്ചു മൂടിയത്. ഇതിന് ശേഷം നാലാം തീയതി റിജോഷിന്റെ ഭാര്യ ലിജിയും വസീമും റിജോഷിന്റെ രണ്ടു വയസ്സുകാരി ജുവാനയുമായി നാടുവിടുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ വസീമിനെ
സഹായിക്കുന്നതിനും പോലീസ് അന്വേഷണം വഴി തിരിച്ചുവിടുന്നതിനും കൂട്ടുനിന്ന വസീമിന്റെ സഹോദരന്‍ ഫഹദിനെ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്.
ഇതിനിടയിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെത്തിയ വസീമും ലിജിയും പന്‍വേലിലുള്ള സമീര്‍ ഹോട്ടലില്‍ മുറിയെടുത്ത് കുട്ടിക്ക് വിഷം നല്‍കിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.  ജെ.ജെ ഹോസപിറ്റലിലാണ് വസീമും ലിജിയും ചികിത്സയിലുള്ളത്. ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ജുവാനയുടെ മൃതദേഹം ആദ്യം മുംബൈയില്‍ തന്നെ സംസ്‌കരിക്കുന്നതിന് ആലോചിച്ചെങ്കിലും പിന്നീട് നാട്ടില്‍ എത്തിക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.
മുംബൈയില്‍നിന്നു വിമാനത്തില്‍ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചതിന് ശേഷം ഇവിടെ നിന്നു ആംബുലന്‍സില്‍ വീട്ടിലെത്തിക്കും. റിജോഷിന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്ന ശാന്തമ്പാറ ഇന്‍ഫെന്റ് ജീസസ് കാത്തലിക് ചര്‍ച്ചിലാണ് ജുവാനയുടെയും സംസ്‌കാരം.

 

Latest News