ആ അഞ്ചേക്കര്‍ സ്വീകരിക്കുമോ? സുന്നി വഖഫ് ബോര്‍ഡ് തീരുമാനം 15 ദിവസത്തിനകം

ലഖ്‌നൗ- അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി രാമ ക്ഷേത്ര നിര്‍മാണത്തിനു വിട്ടു കൊടുത്ത സുപ്രീം കോടതി വാഗ്ദാനം ചെയ്ത മറ്റൊരിടത്തെ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതു സംബന്ധിച്ച് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് 15 ദിവസത്തിനകം തീരുമാനിക്കും. ബോര്‍ഡിന്റെ ഒരു യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി പറഞ്ഞു. ബാബരി മസ്ജിദ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഭൂമി സ്വീകരിക്കുന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ മറ്റു വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. മുസ്‌ലിംകളുടെ മതപരമായ പ്രാധാന്യമുള്ള ആരാധനാ സ്ഥലങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാ വിഷയമാണ്.

ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമ ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടു കൊടുത്ത സുപ്രീം കോടതി രാജ്യത്തെ എല്ലാ മുസ്ലിംകളും അതൃപ്തിയോടെ അംഗീകരിച്ചിട്ടുണ്ട്. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യവും ഒരു സംഘടനയുടേയും സജീവ പരിഗണനയില്‍ ഇല്ല. വിധിയുടെ പശ്ചാത്തലത്തില്‍ എവിടേയും ക്രമസമാധാന പ്രശ്‌നമോ കലാപമോ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
 

Latest News