മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു

മുംബൈ- ബിജെപി, ശിവ സേന സഖ്യത്തിലെ അധികാരത്തര്‍ക്കം മൂലം സര്‍ക്കാര്‍ രൂപീകരണം വൈകിയ മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചു. 288 അംഗ സഭയില്‍ 105 സീറ്റു ലഭിച്ച ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 56 സീറ്റുള്ള ശിവ സേന ബിജെപിയോട് അകന്നതോടെയാണ് അനായാസം അധികാരം നിലനിര്‍ത്താമെന്ന മോഹം പൊലിഞ്ഞത്. ബിജെപി സഭാ കക്ഷിനേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാജിവച്ച ഫഡ്‌നാവിസ് ഇപ്പോള്‍ കാവല്‍ മുഖ്യമന്ത്രിയാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സന്നദ്ധതയും അംഗബലവും അറിയിക്കണമെന്ന് ഗവര്‍ണര്‍ ഭഗത് കോഷിയാരി ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കു മുമ്പാണ് മുഖ്യമന്ത്രി പദവി ഫഡ്‌നാവിസ് രാജിവച്ചത്. അതേസമയം മതിയായ അംഗബലമുള്ള സര്‍ക്കാരിന് പുതിയ സഖ്യ സാധ്യതകളൊന്നും തെളിഞ്ഞിട്ടില്ല. ശിവ സേന കൂടെ ഉണ്ടെങ്കിലെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂ. പ്രതിപക്ഷമായി എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഒരിക്കലും ശിവ സേനയോടൊപ്പം ചേരില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതു കൊണ്ട് നിലവില്‍ ശിവസേനയ്ക്ക് സര്‍ക്കാരിന്റെ ഭാഗമാകാന്‍ ബിജെപി കൂട്ട് അല്ലാതെ മറ്റു വഴികളൊന്നുമില്ല. എന്നാല്‍ മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷത്തേക്കെങ്കിലും വേണമെന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് ശിവ സേന. ഇത് ബിജെപി ഇതുവരെ അംഗീകരിക്കാന്‍ തയാറാകാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.
 

Latest News