ദമാം- കോഴിക്കോട് മെഡിക്കൽ കോളേജ് കണ്ണേവേലിയിൽ ബ്രിസ്‌റ്റോ യോഹന്നാൻ (29) കൊദരിയ്യയിൽ വെച്ച് ഇന്നലെ വൈകുന്നേരം വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ദമാം അഡ്വാൻസ് വേൾഡ് എ.സി കമ്പനിയിൽ സെയിൽസ്
എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്തിരുന്ന ബ്രിസ്‌റ്റോ ഓടിച്ചിരുന്ന കൊറോള കാർ കൊദരിയ്യയിൽ റോഡരികിൽ നിറുത്തിയിട്ടിരുന്ന ട്രൈലറിനു പിറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്ന് തൽക്ഷണം മരണപ്പെടുകയായിരുന്നു. കാൻസർ രോഗിയായിരുന്ന ബ്രിസ്‌റ്റോയുടെ പിതാവ് യോഹന്നാൻ മരണപ്പെട്ടു നാളെ ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് യുവാവിന്റെ ദാരുണാന്ത്യം. അടുത്താഴ്ച ബ്രിസ്‌റ്റോ അവധിക്കായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. മാതാവ് മോളി യോഹന്നാൻ, ഏക സഹോദരൻ ക്രിസ്റ്റി യോഹന്നാൻ എന്നിവർ നാട്ടിലാണ്. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.






