റിയാദ്- റിയാദ് സീസണിനോടനുബന്ധിച്ചുള്ള വാദിനമാർ ആഘോഷപരിപാടികൾക്ക് തുടക്കമായതായി എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. അഞ്ചു മുതൽ 50 റിയാൽ വരെയാണ് ടിക്കറ്റ് ചാർജ്. വൈകീട്ട് അഞ്ചു മുതൽ രാത്രി 12 വരെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
വാദി നമാറിലെ അണക്കെട്ടിനോട് ചേർന്ന പ്രകൃതി രമണീയ സ്ഥലത്ത് പ്രത്യേകം തയാറാക്കിയ വേദികളിലാണ് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കൃത്രിമ തടാകം, പ്രത്യേക കോർണീഷ്, പാർക്കുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ശദ്ദ, ജെറ്റ് ബാക്ക് തുടങ്ങിയവയാണ് പ്രധാന പരിപാടകൾ. പങ്കെടുക്കുന്നവരിൽ ഒന്നാം സമ്മാനം 1,000 റിയാൽ, രണ്ടാം സമ്മാനം 2,000 റിയാൽ, മൂന്നാം സമ്മാനം 3,000 റിയാൽ എന്നിങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്. ലൂന സിനിമയും ഇവിടെ പ്രദർശിപ്പിക്കും. ഡിസംബർ ഏഴിനാണ് വാദി നമാർ പരിപാടികൾ സമാപിക്കുക. ഫാമിലികൾക്കാണ് പ്രവേശനമുള്ളതെങ്കിലും ലൂന സിനിമ ടിക്കറ്റുള്ളവർക്കും ശദ്ദയിൽ പങ്കെടുക്കാനെത്തുന്നവർക്കും പ്രവേശനമുണ്ടാകും.