Sorry, you need to enable JavaScript to visit this website.

അല്‍മറായ് സൗദിയിലെ ഏറ്റവും മികച്ച ബ്രാന്‍ഡ്

റിയാദ്- ആഗോള ബ്രാന്‍ഡുകളെ പിന്തള്ളി പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന വിതരണ കമ്പനിയായ അല്‍മറായ് സൗദി അറേബ്യയിലെ എറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വിപണി നിരീക്ഷണ ഏജന്‍സി യൂഗവ് പുറത്തിറക്കിയ ഏറ്റവും പുതിയ ബ്രാന്‍ഡ് ഇന്‍ഡക്‌സ് പട്ടികയില്‍ രണ്ടാമതെത്തിയത് ഫാസ്റ്റ് ഫൂഡ് ശൃംഖലയായ അല്‍ ബെയ്ക്ക് ആണ്. സൗദിയില്‍ ഏറ്റവും ജനപ്രീതിയും വിശ്വാസ്യതയുമുള്ള ആദ്യ പത്ത് ബ്രന്‍ഡുകളുടെ പട്ടികയില്‍ ഇടം നേടിയവരില്‍ ഏറെയും ആഗോള ടെക് ഭീമന്‍മാരാണ്.

ആപ്പ്ള്‍ ആണ് മൂന്നാമതെത്തിയത്. വാട്‌സ്ആപ്പ് (4), യൂ ട്യൂബ് (5), ആപ്പ്ള്‍ ഐ ഫോണ്‍ (6), ഗൂഗ്ള്‍ (7), സാംസംഗ്(8) എന്നീ ആഗോള ടെക്‌നോളജി, കമ്മ്യൂണിക്കേഷന്‍ കമ്പനികളാണ് സൗദി അറേബ്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ആധിപത്യമുറപ്പിച്ച മറ്റു കമ്പനികള്‍. മിഡില്‍ ഈസ്റ്റിലെ ഏറ്റവും ജനപ്രിയ ചോക്ലേറ്റ് ബ്ലാന്‍ഡ് ആയ ഗ്യാലക്‌സിയും (9) യുഎഇ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്‌സും (10) പട്ടികയില്‍ ഉണ്ട്.

മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ സാങ്കേതിക വിദ്യകള്‍ ഏറ്റവും വേഗത്തില്‍ സ്വീകരിക്കുന്ന മികച്ച ഒരു വിപണിയാണ് സൗദി അറേബ്യ എങ്കിലും ടെക് കമ്പനികളല്ലാത്ത തദ്ദേശീയ കമ്പനികള്‍ മുന്‍നിരയിലെത്തിയത് ശ്രദ്ധേയമാണെന്ന് യുഗവ് മധ്യപൂര്‍വ്വേഷ്യാ, വടക്കന്‍ ആഫ്രിക്കന്‍ തലവനായ സ്‌കോട്ട് ബൂത്ത് പറഞ്ഞു. സമാനമായ പ്രാദേശിക ആഗോള കമ്പനികളോട് വിപണിയില്‍ മത്സരിച്ച് വേറിട്ട് നില്‍ക്കുന്നതില്‍ അല്‍ മറായിയും അല്‍ ബെയ്ക്കും വിജയിച്ചു. എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട മുന്‍നിര ബ്രാന്‍ഡുകളെ മറികടന്നാണ് സൗദിയില്‍ ഈ രണ്ടു കമ്പനികളും ആധിത്യം ഉറപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.   

Latest News