Sorry, you need to enable JavaScript to visit this website.
Monday , August   10, 2020
Monday , August   10, 2020

ഇവിടെ തലയും വാലും ഒന്നിച്ചാടുന്നു

കേരളത്തിൽ ദീർഘകാലം മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയുമായിരുന്ന ഇ.കെ നായനാർ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാറുണ്ടായിരുന്നു: തലയുള്ളപ്പോൾ വാൽ ആടേണ്ട. 
നായനാരെക്കാൾ കൂടുതൽവർഷം പാർട്ടി സെക്രട്ടറിയും മൂന്നരവർഷം എൽ.ഡി.എഫ് സർക്കാറിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മുമ്പിൽ തലയിരിക്കെ വാലുകൾ യഥേഷ്ടം ആടുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളിൽ കേരളം കണ്ടത്. 
അട്ടപ്പാടിയിൽ നാല് മാവോവാദികളെ വെടിവെച്ചു കൊന്ന സംഭവവും കോഴിക്കോട്ട് രണ്ട് സി.പി.എം അംഗങ്ങളായ യുവാക്കളെ ഇടതുപാർട്ടികൾ അംഗീകരിക്കാത്ത യു.എ.പി.എ ഭീകരനിയമം ഉപയോഗിച്ച് തടങ്കലിലാക്കിയതും മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തിപ്പോന്ന ഏകശാസന വാഴ്ചയെ പരസ്യമായി ചോദ്യംചെയ്യുന്നു. 
ഇതു സംബന്ധിച്ച് പൊലീസിനെ ന്യായീകരിച്ചും സി.പി.ഐയിൽനിന്നും പാർട്ടിയിൽനിന്നുമുള്ള വിമർശനങ്ങളെ തടയാനും തല്ലാതെയും തലോടിയും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ 'ജനയുഗം' അവരുടെ വസ്തുതാന്വേഷണ കമ്മീഷൻ തുടങ്ങിയവർ നിരത്തിയ തെളിവുകൾ സർക്കാർ നയമല്ലെന്ന വ്യക്തമായ നിലപാടുകൾ സി.പി.എമ്മിൽനിന്ന് കണ്ണൂരിലെ രണ്ട് ജയരാജന്മാരും നിയമമന്ത്രി കെ. ബാലനും ഇടതുപക്ഷ - ജനാധിപത്യമുന്നണി കൺവീനർ വിജയരാഘവൻപോലും പ്രകടിപ്പിച്ച വിയോജിപ്പുകൾ ലണ്ടനിലായിരുന്ന സീതാറാം യെച്ചൂരി മുതൽ കേരളത്തിൽ തങ്ങിയ  മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വരെ ഉയർത്തിയ എതിർപ്പുകൾ - ഇതെല്ലം മുഖ്യമന്ത്രി പിണറായി സ്വീകരിച്ച മോഡി ഗവണ്മെന്റിന്റെ നയത്തിനോടു സഹകരിക്കാനുള്ള പുതിയ സമീപനത്തിന്റെ സ്വാഭാവിക പ്രത്യാഘാതങ്ങളാണ്. 
യു.എ.പി.എ നടപ്പാക്കുന്നതിന് എതിരാണ് സി.പി.എം നിലപാടെന്ന് യെച്ചൂരിയും അത് നടപ്പാക്കിയത് പിൻവലിക്കണമെന്ന് മുൻ ജനറൽ സെക്രട്ടറി പ്രകാശും ആവശ്യപ്പെട്ടിട്ടും വഞ്ചി തിരുനക്കരതന്നെ ആണെന്നാണ് കോടതിയിലെ പ്രോസിക്യൂഷൻ നിലപാടും മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളും സർക്കാറിന്റെ വക്താവായ ചീഫ് സെക്രട്ടറിയുടെ ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനവും വെളിപ്പെടുത്തിയത്. 
ഈ വാദവിവാദങ്ങൾ നടക്കുമ്പോൾ മുഖ്യമന്ത്രി ഭരിക്കുന്ന പൊലീസിലെ കീഴുദ്യോഗസ്ഥർ സി.പി.എം യുവാക്കളെ ജയിലിലടച്ചതിനെ  ന്യായീകരിക്കുന്ന തെളിവുകൾ മാധ്യമങ്ങളിലും കോടതിയിലും എത്തിക്കുകയായിരുന്നു. അതോടെ കോടതി യുവാക്കളുടെ ജാമ്യം നിഷേധിച്ചു. പ്രതിക്കൂട്ടിലായ സി.പി.എം പൊലീസ് നിലപാടാണോ പാർട്ടി നിലപാടാണോ ശരിയെന്ന് കണ്ടെത്താൻ അന്വേഷണ കമ്മീഷനെ നിയോഗിക്കേണ്ടിയുംവന്നു.  
സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് 'ടൈംസ് ഓഫ് ഇന്ത്യ'യിൽ പേരുവെച്ചെഴുതിയ ലേഖനത്തിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെടേണ്ടവരാണെന്നും പൊലീസ് അങ്ങനെ ചെയ്തില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടുമെന്നും  ന്യായീകരിച്ചു.   മാവോവാദികൾക്ക് മനുഷ്യാവകാശം അനുവദിച്ചുകൂട. നിയമം അനുസരിച്ചു ജീവിക്കുന്ന  ജനങ്ങളെ സംരക്ഷിക്കുകയാണ് സർക്കാറിന്റെ കടമ. 
മൂന്നോനാലോ മാധ്യമ ഉപദേഷ്ടാക്കളുള്ള മുഖ്യമന്ത്രി ചീഫ്  സെക്രട്ടറിയുടെ ലേഖനം കണ്ടില്ലെന്നു പറഞ്ഞാണ് ആദ്യം ഒഴിഞ്ഞുമാറിയത്. പ്രതിപക്ഷവുമായി മുഖാമുഖം നേരിട്ട നിയമസഭയിൽ ലേഖനമെഴുതാൻ ചീഫ് സെക്രട്ടറി അനുവാദം തേടിയിരുന്നോയെന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യം മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ നിലപാട് സർക്കാറിന്റേതാണോ എന്നല്ല ചെന്നിത്തല ചോദിച്ചത്. 
സർക്കാറിന്റെ രാഷ്ട്രീയ - ഭരണ മുഖമാണ് മുഖ്യമന്ത്രി. എന്നാൽ നിയമപരമായും ഭരണഘടനാപരമായും സർക്കാറിന്റെ വക്താവ് ചീഫ് സെക്രട്ടറിയാണ്. സുപ്രിംകോടതിവരെ സർക്കാർ പ്രതിനിധിയായി കാണുന്നതും കേൾക്കുന്നതും ചീഫ് സെക്രട്ടറിയെയാണ്. 'ടൈംസ് ഓഫ് ഇന്ത്യ' യിലൂടെ കേന്ദ്ര ഗവണ്മെന്റിനെയും ജനങ്ങളെയും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചത് കേരള സർക്കാറിന്റെ മാവോയിസ്റ്റുകളെ സംബന്ധിച്ച നിയമപരവും ഭരണഘടനാപരവുമായ ഔദ്യോഗിക നിലപാടാണ്. മുഖ്യമന്ത്രിയുടെ മനസറിയാതെ അദ്ദേഹം  അത് എഴുതുകയുമില്ല. മുഖ്യമന്ത്രി തള്ളിപ്പറയാത്തിടത്തോളം അദ്ദേഹത്തിന്റെ യഥാർത്ഥ നിലപാടും അതുതന്നെ.
സി.പി.ഐയും കാനം രാജേന്ദ്രനും എത്ര ഒച്ചവെച്ചാലും മാവോവാദികൾ ആട്ടിൻകുട്ടികളല്ലെന്നും അവർക്ക് കേരളത്തിൽ മനുഷ്യാവകാശങ്ങളില്ലെന്നു മാത്രമല്ല ജീവിച്ചിരിക്കാൻപോലും അവകാശമില്ലെന്നതുമാണ് സർക്കാർ നിലപാടെന്നതാണ്  യഥാർത്ഥ വസ്തുത. അല്ലെന്ന് മനസ്സുഖത്തിനുവേണ്ടി ആരൊക്കെ സ്വയം ആശ്വസിച്ചാലും. 
ടോം ജോസ് പറയുന്നതിനു മുമ്പുതന്നെ ഈ പംക്തിയിൽ പോയവാരം ഈ ലേഖകൻ അക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാറിന്റെ നയംമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 1ന്റെ മാധ്യമങ്ങളിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത് ഉദ്ധരിച്ച്: കേരളത്തിന്റെ താല്പര്യങ്ങൾക്ക് യോജിക്കും തരത്തിലുള്ള സമീപനം മോഡി സർക്കാറിൽ ഉണ്ടാക്കിയെടുക്കുകയാണ് തന്റെ സർക്കാറിന്റെ പുതിയ നയം.  സി.പി.എമ്മും മറ്റ് ഇടതുപാർട്ടികളും യു.എ.പി.എ നിയമം അംഗീകരിക്കുന്നില്ലെങ്കിലും അത് കേരളത്തിൽ നടപ്പാക്കി കേന്ദ്രത്തിന്റെ സമീപനത്തിൽ അനുകൂല മാറ്റം സൃഷ്ടിക്കുക എന്നത് ഇതിന്റെ ഭാഗം. കേരളം ഏറ്റെടുക്കേണ്ട വലിയ ദൗത്യമായിട്ടാണ് മുഖ്യമന്ത്രി പിണറായി ഇതിനെ അവതരിപ്പിച്ചത്. അതിന് വേണ്ടനിലയിൽ കേന്ദ്ര സർക്കാറിനു മൂക്കുകയറുള്ള ഐ.പി.എസ് ഉദ്യോഗസ്ഥന്മാർ നയം നടപ്പാക്കുമ്പോൾ നിയമസഭയിലും ജനങ്ങൾക്കുമുമ്പിലും അതിന് അനുകൂലമായ നിലപാടാണ് യഥാർത്ഥത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത്. 
പാർട്ടി അംഗങ്ങളായ യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത നടപടി തെറ്റാണെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത് വലിയ വാർത്തയായി. സി.പി.എം പൊളിറ്റ് ബ്യൂറോയിലടക്കം വിഷയം കരിമേഘങ്ങളായി വിസ്‌ഫോടനത്തിന് ഒരുങ്ങുകയാണ് എന്ന തിരിച്ചറിവാണ് പ്രകാശിൽനിന്നുള്ള ഈ അപ്രതീക്ഷിത പ്രതികരണം. പക്ഷെ,  മാവോയിസ്റ്റ് ഏറ്റുമുട്ടൽ വ്യാജമാണോ അല്ലയോ എന്ന് പ്രകാശിന് സംശയമില്ല. മുഖ്യമന്ത്രി പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന ശുഭാപ്തിവിശ്വാസിയാണ് അദ്ദേഹം. പി.ബിയിലും സി.സിയിലും പിണറായിക്കൊപ്പം ഉറച്ചുനിൽക്കുന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന പിണറായിയെ അലോസരപ്പെടുത്തുകയുമില്ല. 
ബൂർഷ്വാ - ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ-ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുക. അതിന്റെ തുടർച്ചയിൽ സോഷ്യലിസവും കമ്മ്യൂണിസവും കെട്ടിപ്പടുക്കുക എന്ന പരിപാടിയുമായാണ് സി.പി.എം ഇപ്പോഴും അതിന്റെ രേഖകളുമായി ജനങ്ങൾക്കുമുമ്പിൽ നിലകൊള്ളുന്നത്. കോൺഗ്രസിന്റെയും മറ്റും നേതൃത്വത്തിലുണ്ടായിരുന്ന ബൂർഷ്വാ - ഭൂപ്രഭു ഭരണകൂടത്തിൽനിന്നും സർക്കാറിൽനിന്നും അത്യന്തം അപകടകാരിയാണ് ആർ.എസ്.എസ് മേധാവിത്വം വഹിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പിയുടെ മോഡി ഗവണ്മെന്റ് എന്നും സി.പി.എം പ്രഖ്യാപിക്കുന്നുണ്ട്. 
കേന്ദ്ര ഗവണ്മെന്റിൽനിന്ന് വ്യത്യസ്തമായി, പരിമിതിക്കകത്തുനിന്ന് ബദൽ നയങ്ങൾ നടപ്പാക്കാനും ജനങ്ങൾക്ക് ആശ്വാസം നൽകാനും മാത്രമാണ് സംസ്ഥാന സർക്കാറിലെ പങ്കാളിത്തമെന്നതാണ്  സി.പി.എം  അനുശാസനം. എന്നും അധികാരത്തിൽ കടിച്ചുതൂങ്ങാനല്ല. എന്നിരിക്കെ, പിണറായി സർക്കാർ മോഡി സർക്കാറുമായി സഹകരിച്ച് തങ്ങൾക്കനുകൂലമായ നയമാറ്റം സൃഷ്ടിക്കുകയെന്ന വർഗസഹകരണമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷെ മുന്നോട്ടുവെക്കുന്നത്. സംസ്ഥാന ബി.ജെ.പി പിണറായിക്ക് പൂച്ചെണ്ടു നൽകിയതും സി.പി.ഐ വിട്ടുവീഴ്ചകൂടാതെ  സർക്കാർ നയത്തെ എതിർക്കുന്നതും ഈ രാഷ്ട്രീയ നയമാറ്റത്തെ തുടർന്നാണെന്നതാണ് വസ്തുതകൾ ചേർത്തു പരിശോധിച്ചാൽ മനസിലാകുക. ഇതിന്റെ വിവിധ രൂപങ്ങളാണ് ജി.എസ്.ടിയിൽനിന്നു തുടങ്ങി കിഫ്ബിയിലൂടെ വളർന്ന് ലോകബാങ്കും മറ്റ് സാമ്രാജ്യത്വ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലും വികസന സഹകരണങ്ങളിലും ചെന്നെത്തിയത്.  അതിന്റെതന്നെ ഭാഗമാണ് മോഡി സർക്കാറിന്റെ പുതിയ ഭീകരവിരുദ്ധ പൊലീസ് നയങ്ങളെ ഏറ്റെടുത്തു നടപ്പാക്കുന്നതും. സി.പി.എമ്മിനകത്തും ഇടതുപക്ഷ മുന്നണിയിലും ജനങ്ങളുമായും ഈ നയം അതിന്റെ വൈരുദ്ധ്യവും വ്യാപ്തിയും മൂർച്ഛിപ്പിക്കുന്നത്  പിണറായി രാഷ്ട്രീയത്തിന്റെ പ്രത്യാഘാതമാണ്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് കൊലയും കോഴിക്കോട്ടെ സി.പി.എം യുവാക്കൾക്കെതിരായ യു.എ.പി.എ കുറ്റപത്രവും ഈ രാഷ്ട്രീയ വ്യതിയാനത്തിന്റെ മഞ്ഞുമലയുടെ കൊച്ചു കൂർപ്പുകൾ മാത്രം.
1967ൽ ഉണ്ടായിരുന്ന നിയമവിരുദ്ധ നടപടികൾ തടയുന്ന നിയമത്തിന്റെ എട്ടാമത് ഭേദഗതിയാണ്  എണ്ണത്തിൽ ദുർബലമായ ഇടതുപക്ഷ പാർട്ടികളടക്കമുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകളെ അവഗണിച്ച് 2019 ഓഗസ്റ്റ് 2ന് പുതിയ  യു.എ.പി.എ നിയമമായി പാർലമെന്റ് അംഗീകരിച്ചത്.  ഭീകരാക്രമണങ്ങൾ സംഘടനകൾ നടപ്പാക്കുന്നതല്ലെന്നും വ്യക്തികളെ ഭീകരരായി കൈകാര്യം ചെയ്തുകൊണ്ടേ ഇന്ത്യയിൽ ഭീകരവാദം ഇല്ലാതാക്കാൻ ഇനി കഴിയൂ എന്നുമാണ് ഈ 'കഠിന'യത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ യു.എ.പി.എ ചുമത്തിയതും മാവോവാദികളെ വെടിവെച്ച് കൊന്നതും. ഇതിനകം 53 യു.എ.പി.എ കേസുകൾ പിണറായി സർക്കാർ രജിസ്റ്റർ ചെയ്തതും.
1971ൽ ആഭ്യന്തര സുരക്ഷിതത്വനിയമം എന്ന പേരിൽ ഇതിന്റെ മുൻഗാമിയെ പാർലമെന്റിൽ നിയമമാക്കുകയുണ്ടായി, രാജ്യത്തിന്റെ പരമാധികാരം കാത്തുരക്ഷിക്കാനും ഭീകരരെ നേരിടാനും എന്നപേരിൽ.  രാഷ്ട്രീയപാർട്ടി പ്രവർത്തകരെ പിടികൂടാനാണ് അതെന്ന് സി.പി.എമ്മും ജനസംഘവുമടക്കമുള്ള പ്രതിപക്ഷം ആരോപിച്ചപ്പോൾ രാഷ്ട്രീയപാർട്ടികൾക്കെതിരെ ഒരിക്കലും ഉപയോഗിക്കില്ലെന്ന് ആഭ്യന്തരസഹമന്ത്രി കെ.സി പന്ത് പാർലമെന്റിന് ഉറപ്പുനൽകി. പക്ഷെ, 75ൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആഭ്യന്തര സുരക്ഷിതത്വ നിയമവും ഡി.ഐ.ആറും ഉപയോഗിച്ചാണ് രാഷ്ട്രീയനേതാക്കളെയും പ്രവർത്തകരേയും വളഞ്ഞുപിടിച്ച് ജയിലിലാക്കിയത്.  1,10,806 പേരാണ് അടിയന്തരാവസ്ഥ പിൻവലിക്കുംവരെ വിചാരണകൂടാതെ കേരളത്തിലടക്കം വിവിധജയിലുകളിൽ തടവിൽ കഴിഞ്ഞത് (ചിലർ മരണപ്പെട്ടതും). 
ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്തു നടപ്പാക്കാനാണ് യു.എ.പി.എ ഭേദഗതിനിയമം ഓഗസ്റ്റ് 2ന് രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപരമായിറങ്ങിയത്.  കശ്മീർ വിഭജനം നടപ്പാക്കുന്നതിന്റെ രണ്ടുദിവസംമുമ്പ്. ഇപ്പോൾ ജമ്മു-കശ്മീരിലും ആഗ്ര ജയിലിലുമായി ആ സംസ്ഥാനത്തെ നൂറുകണക്കിൽ പ്രവർത്തകർ യു.എ.പി.എ ചുമത്തി തടങ്കലിൽ കഴിയുകയാണ്.  ഈ രാഷ്ട്രീയം മനസിലാക്കാതെ മുഖ്യമന്ത്രിയുടേയും  ചീഫ് സെക്രട്ടറിയുടെയും പൊലീസിന്റെയും ന്യായീകരണങ്ങൾക്കു പിറകെപോയാൽ തെറ്റും. കേരളം നാളെ മോഡി സർക്കാറിന്റെ ഏകാധിപത്യവാഴ്ചയുടെ വാലായി മാറുന്നതിനെ സഹായിക്കലായിരിക്കും അതിന്റെ ഫലം.   
സി.പി.എമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പറായ മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് മോഡി ഗവണ്മെന്റിനെ പ്രീണിപ്പിക്കുന്നു.  അത് പിണറായിയും സി.പി.എമ്മുമാണ് വിശദീകരിക്കേണ്ടത്.  ഈ നയത്തെ ഇനിയും സി.പി.എം തള്ളിപ്പറയുന്നില്ലെങ്കിൽ. 

Latest News