Sorry, you need to enable JavaScript to visit this website.

ബാബരി കേസില്‍ സുപ്രീം കോടതി വിധി എഴുതിയത് ആര്? കൂട്ടിച്ചേര്‍ത്ത അനുബന്ധം അസാധാരണം

ന്യൂദല്‍ഹി- രാജ്യം ഉറ്റുനോക്കിയ വിധി വന്നു. എന്നാല്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ 1045 പേജുകള്‍ വരുന്ന വിധി പകര്‍പ്പില്‍ എഴുതിയ ജഡ്ജിയുടെ പേരില്ല. തീര്‍ത്തും അസാധാരണമായ ഒരു നടപടിയും പാരമ്പര്യത്തില്‍ നിന്നും വ്യതിയാനവുമായാണ് ഇതിനെ നിയമ രംഗത്തുള്ളവര്‍ കാണുന്നത്. കേസുകളില്‍ അതു പരിഗണിക്കുന്ന ബെഞ്ചിലെ എല്ലാം അംഗങ്ങള്‍ക്കും വേണ്ടി വിധി എഴുതുന്ന ജഡ്ജിയുടെ പേര് ചേര്‍ക്കുന്നത് കോടതിയിലെ പതിവാണ്. എന്നാല്‍ ബാബരി കേസില്‍ വിധി എഴുതിയപ്പോള്‍ ഈ പതിവ് തെറ്റിച്ചു.

ഈ വിധി സംബന്ധിച്ച മറ്റൊരു അസാധാരണ നീക്കവും ഉണ്ടായി. വിധിക്കൊപ്പം 116 പേജുകള്‍ വരുന്ന അനുബന്ധവും ചേര്‍ത്തിട്ടുണ്ട്. ഹിന്ദുക്കളുടെ വിശ്വാസ ആചാരങ്ങള്‍ പ്രകാരം തര്‍ക്ക ഭൂമി എന്തുകൊണ്ട് രാമ ജന്മഭൂമി ആകുന്നു എന്ന വിശദമാക്കുന്നതാണ് ഈ അനുബന്ധം. ഇതും ആര് എഴുതിയതാണെന്ന് നിഗൂഢമായി തന്നെ തുടരുന്നു.

വിധി എഴുതിയ ജഡ്ജിയുടേയും അനുബന്ധം എഴുതിയ ആളുടേയും പേരുകള്‍ മറച്ചു വച്ചത് എന്ത് കൊണ്ടാണെന്ന ചോദ്യമുന്നയിച്ച് നിരവധി നിയമ വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സുപ്രധാനമായ കേസുകളില്‍ ഇത്തരത്തില്‍ പേരുകള്‍ ഒളിച്ചു വയ്ക്കുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read I   ബാബരി കേസില്‍ വിധി പറയുന്നത് ഈ അഞ്ചു ജഡ്ജിമാര്‍; അറിയേണ്ടതെല്ലാം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, നിയുക്ത ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. എകകണ്ഠമായ വിധി എന്നു വിശേഷിപ്പിച്ച് ചീഫ് ജസ്റ്റിസ് ഗൊഗോയ് ആണ് വിധി പ്രസ്്താവം നടത്തിയത്.  

Latest News