റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പടിപടിയായി നിർബന്ധിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളുടെയും തൊഴിൽ കരാർ രജിസ്‌ട്രേഷൻ അടുത്ത വർഷാവസാനത്തോടെ പൂർത്തിയാകും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് രജിസ്‌ട്രേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികൾ കരാർ വിവരങ്ങൾ പരിശോധിക്കുന്നതും അംഗീകരിക്കുന്നതും പദ്ധതി ഉറപ്പുവരുത്തും.
തീരുമാനം അനുസരിച്ച് മുഴുവൻ പുതിയ തൊഴിൽ കരാറുകളും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനനുസരിച്ച് പഴയ കരാറുകൾ ഘട്ടംഘട്ടമായി രജിസ്റ്റർ ചെയ്യും. തൊഴിൽ കേസുകളും തർക്കങ്ങളും പ്രശ്‌നങ്ങളും കുറക്കുന്നതിനും കരാർ രജിസ്‌ട്രേഷൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് പോർട്ടൽ വഴിയാണ് തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യുക. ഇക്കാര്യത്തിലെ നിർദേശങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിരീക്ഷിച്ച് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.






