Thursday , December   12, 2019
Thursday , December   12, 2019

ബാബരി മസ്ജിദ് കേസ്: വിദ്വേഷ പോസ്റ്റിട്ടാൽ അറസ്റ്റ് ഉടൻ

തിരുവനന്തപുരം- ലോകം കാതോർത്തുനിൽക്കുന്ന ബാബരി മസ്ജിദ് കേസിൽ ഇന്ന് വിധി വരാനിരിക്കെ സുരക്ഷ ശക്തമാക്കി പോലീസ്. മതസ്പർധ സന്ദേശം പരത്തുന്നവരെ ജാമ്യമില്ലാ കേസിൽ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകിയതായി പോലീസിന്റെ അടിയന്തര പത്രകുറിപ്പിൽ അറിയിച്ചു. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തും. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്‌റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ  ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും. 
ഇന്ത്യയുടെ മുഴുവൻ ഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  നിർണായക ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേ അയോധ്യയിലെ സുരക്ഷാ വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്തി. ഇന്ന് ഉച്ചയ്ക്ക് 12നാണ് ഇരുവരെയും വിളിച്ചുവരുത്തി ചീഫ് ജസ്റ്റീസ് ചേംബറിൽ ചർച്ച നടത്തിയത്. 
സുപ്രീം കോടതിയിൽ ഇതാദ്യമായാണ് ഒരു കേസിലെ വിധി പറയുന്നതിനു മുമ്പ് സ്ഥലത്തെ ക്രമസമാധാന നില പരിശോധിക്കുന്നതിനായി ചീഫ് ജസ്റ്റീസ് നേരിട്ടിടപെടുന്നത്. അയോധ്യ കേസിലെ വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സുരക്ഷയ്ക്കായി 4000ൽ അധികമുള്ള കേന്ദ്രസേനയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്ഥലത്തെ സുരക്ഷ വിലയിരുത്തുന്നുണ്ടെന്നും ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരിയും ഡി.ജി.പി ഓംപ്രകാശ് സിംഗും അറിയിച്ചു. 
അയോധ്യയിൽ എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പോലീസും സുരക്ഷാ സേനയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡ്രോൺ ക്യാമറകൾ ഉൾപ്പെടെയുള്ളവ തയ്യാറാക്കി. സംസ്ഥാന പോലീസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവരെല്ലാം കൂടി 17,000ത്തോളം സേനാംഗങ്ങൾ സ്ഥലത്തുണ്ട്. പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നു മന്ത്രിമാരോടും ബി.ജെ.പി നേതാക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർദേശം നൽകിയതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്നു ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാർ ഝാ ഉത്തരവിറക്കിയിട്ടുണ്ട്. 
യു.പിയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. നിരവധി പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഇന്ന് രാവിലെ പത്തരക്ക് (സൗദി സമയം എട്ടിന്) വിധി പറയും. നാൽപ്പതു ദിവസം തുടർച്ചയായ വാദം കേട്ട ശേഷമാണ് വിധിയെത്തുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
2.77 ഏക്കർ വരുന്ന ഭൂമി മൂന്നായി വിഭജിക്കാൻ 2010ൽ അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളിലാണ് ഭരണഘടന ബഞ്ച് വിധി പറയുക. 
വിധി ആരുടെയും ജയവും തോൽവിയുമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി സുപ്രീം കോടതി ഈ വിഷയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രാജ്യവും ഇത് സമഗ്രമായി വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ പാരമ്പര്യമായ മതമൈത്രി കാത്തുസൂക്ഷിക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം. അയോധ്യ വിധിക്ക് ശേഷവും പാരമ്പര്യം കാത്തുസൂക്ഷിക്കാൻ തയ്യാറാകണമെന്നും മോഡി വ്യക്തമാക്കി.