വാട്‌സാപ്പ് ഇരകളുടെ തുറന്ന കത്ത്; കേന്ദ്രസര്‍ക്കാരും ഇസ്രായില്‍ കമ്പനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം


ന്യൂദല്‍ഹി- വാട്‌സാപ്പ് വഴി ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും രഹസ്യങ്ങള്‍ ചോര്‍ത്തുകയും വ്യാജ സന്ദേശങ്ങള്‍ കടത്തിവിടുകയും ചെയ്ത ഇസ്രായില്‍ കമ്പനിയുമായുള്ള ബന്ധം കേന്ദ്രം വ്യക്തമാക്കണമെന്ന് ആവശ്യം. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തുന്നതിന് ഇരയായ ഇന്ത്യയിലെ 19 പ്രമുഖരാണ് ഇക്കാര്യം തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുന്ന സോഫ്റ്റ് വെയര്‍ തങ്ങള്‍ നല്‍കിയതെന്ന് ഇസ്രായില്‍ കമ്പനി വ്യക്തമാക്കിയിരുന്നു.
നാല് ഭൂഖണ്ഡങ്ങളിലായി നയതന്ത്ര ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ വിമതര്‍, പത്രപ്രവര്‍ത്തകര്‍, സൈനിക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 1,400 ഉപയോക്താക്കളുടെ ഫോണുകളിലേക്ക് കടക്കാന്‍ സഹായിച്ചുവെന്ന് ആരോപിച്ച് ഇസ്രായില്‍ കമ്പനിയായ എന്‍.എസ.്ഒ ഗ്രൂപ്പിനെതിരെ കഴിഞ്ഞയാഴ്ച വാട്‌സാപ്പ് കോടതിയില്‍ പരാതി നല്‍കിയതോടെയാണ് വിവാദം ആരംഭിച്ചത്.
തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യ സര്‍ക്കാരുകള്‍ക്ക് വില്‍ക്കുകയാണ് ചെയ്തതെന്ന് ആരോപണങ്ങള്‍ നിഷേധിച്ച എന്‍.എസ്.ഒ വ്യക്തമാക്കിയിരുന്നു. 400 ദശലക്ഷം ഉപയോക്താക്കളുള്ള വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ.
കേന്ദ്ര സര്‍ക്കാരാണോ  തങ്ങളെ നിരീക്ഷിച്ചതെന്നും വാട്‌സാപ്പ് ചോര്‍ത്തിയതെന്നും വിശദീകരിക്കണമെന്ന് 19 ഇന്ത്യന്‍ ഉപയോക്താക്കളുടെ സംഘം തുറന്ന കത്തില്‍ പറഞ്ഞു.
ഇത്തരത്തിലുള്ള സൈബര്‍ നിരീക്ഷണത്തിനായി ഇന്ത്യന്‍ നികുതിദായകരുടെ പണം ചെലവഴിച്ചിട്ടുണ്ടോ എന്നത് പൊതുജനങ്ങളുടെ ആശങ്കയാണെന്നും മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അക്കാദമിക് വിദഗ്ധര്‍, എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം കത്തില്‍ പറഞ്ഞു.
എന്‍.എസ്.ഒയുടെ പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് ഫോണില്‍ പ്രവേശിച്ച് വിവരങ്ങള്‍ ചോര്‍ത്തിയവരില്‍  121 പേര്‍ ഇന്ത്യയിലാണ്. വീഡിയോ കോളിംഗ് സംവിധാനത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിയാണ് പെഗാസസ് ഉപയോക്താക്കളുടെ ഫോണുകളില്‍ പ്രവേശിച്ചത്.  ഫോണിന്റെ ഡാറ്റയിലേക്കും മൈക്രോഫോണിലേക്കും ക്യാമറയിലേക്കു പോലും തടസ്സമില്ലാതെ പ്രവേശനം ലഭിച്ചിരുന്നു. സ്‌പൈവെയര്‍ സ്വന്തം സുരക്ഷയെ മാത്രമല്ല, സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, ക്ലയ്ന്റുകള്‍ തുടങ്ങിയവരുടെ  സുരക്ഷയേയും ബാധിച്ചുവെന്ന്   ഇന്ത്യന്‍ ഉപയോക്താക്കളുടെ സംഘം കത്തില്‍  പറഞ്ഞു.
പെഗാസസോ അതുപോലുള്ള ചാര സോഫ്റ്റ് വെയറുകളോ വിന്യസിക്കുന്നതിന് മന്ത്രാലയങ്ങളും വകുപ്പുകളും ഏജന്‍സികളും കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കത്തില്‍ ചോദിച്ചു. ഏതെങ്കിലും  സംസ്ഥാന സര്‍ക്കാറിന് ഇതിനായി അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഇസ്രായില്‍ ഗ്രൂപ്പായ എന്‍.എസ.്ഒയുമായി ഇപ്പോഴും കരാര്‍ നിലനില്‍ക്കുന്നുണ്ടോ എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടു.  
വിവാദമുടലെടുത്ത ശേഷവും ചാര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
സുരക്ഷാ ലംഘനത്തിന്റെ സ്വഭാവവും ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്ന നടപടികളും വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ പ്രശ്‌നത്തെ ഗൗരവത്തിലല്ല കൈകാര്യം ചെയ്യുന്നതെന്നും പാര്‍ലമെന്ററി സമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നും ശശി തരൂര്‍ എം.പി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

Latest News