Sorry, you need to enable JavaScript to visit this website.

'ഭരണകൂടത്തിന്റെ പോലീസ് വേട്ട അനുവദിക്കില്ല' സോളിഡാരിറ്റി ജനജാഗ്രതാ സംഗമം സംഘടിപ്പിച്ചു

സോളിഡാരിറ്റി സംഘടിപ്പിച്ച യു.എ.പി.എ വിരുദ്ധ ജനജാഗ്രതാ സംഗമത്തിൽ ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തുന്നു.

കോഴിക്കോട് - യു.എ.പി.എ വിഷയത്തിൽ കേരളത്തിലെ ഇടതുപക്ഷവും അവരുടെ സർക്കാരും പുലർത്തുന്ന കാപട്യം അവസാനിപ്പിക്കണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ഒ. അബ്ദുറഹ്മാൻ. 'ഭരണകൂടത്തിന്റെ പോലീസ് വേട്ട അനുവദിക്കില്ല' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിച്ച യു.എ.പി.എ വിരുദ്ധ ജനജാഗ്രതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
സ്വതന്ത്ര ഇന്ത്യയിൽ പല തരത്തിലുള്ള രാജ്യദ്രോഹങ്ങൾ നിലനിന്നിരുന്നു. ടാഡ, പോട്ട തുടങ്ങിയവ കടന്ന് യു.എ.പി.എയിലെത്തി നിൽക്കുന്ന ഇത്തരം എല്ലാ ജനാധിപത്യ വിരുദ്ധ നിയമങ്ങളെയും എതിർത്തവരാണ് തങ്ങൾ എന്നാണ് ഇടതുപക്ഷം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ അവരുടെ മുഖ്യമന്ത്രി തന്നെ നിയന്ത്രിക്കുന്ന പോലീസ് ഒരു തടസ്സവുമില്ലാതെ യു.എ.പി.എ ചുമത്തിക്കൊണ്ടിരിക്കുകയാണ്. പോസ്റ്ററൊട്ടിച്ചതിനും നോട്ടീസ് വിതരണം ചെയ്തതിനുമെല്ലാം പോലീസിപ്പോൾ ഇതേ നിയമമുപയോഗിക്കുന്നു. ഇതൊന്നും പോലീസിന്റെ നിലപാടല്ല, ഇടതുപക്ഷ സർക്കാരിന്റെ തന്നെ നിലപാടാണെന്നാണ് മനസ്സിലാകുന്നത്. ഈ കാപട്യം ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യത്തെ എല്ലാ പൗരാവകാശങ്ങളെയും റദ്ദ് ചെയ്ത് ഭരണകൂടത്തിന് ഇഷ്ടമുളള ആരെയും ഭീകരനായി പ്രഖ്യാപിക്കാനാകുന്ന തരത്തിൽ സംഘ്പരിവാർ യു.എ.പി.എ ഭേദഗതി ചെയ്തു. അതിനെ എതിർത്തെന്ന് വീമ്പു പറയുന്ന ഇടതുപക്ഷം നിയന്ത്രിക്കുന്ന സർക്കാർ സംഘ്പരിവാർ നയങ്ങൾ തന്നെയാണ് ഇവിടെ നടപ്പാക്കുന്നതെന്നാണ് അവസാന കോഴിക്കോട് സംഭവവും സൂചിപ്പിക്കുന്നതെന്ന് ജനജാഗ്രതാ സംഗമം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. 
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ ജനജാഗ്രതാ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രോ വാസു, സി.കെ. അബ്ദുൽ അസീസ്, ഗോപാൽ മേനോൻ, അഡ്വ. അഹമ്മദ് ശരീഫ്, കെ.എ ഷാജി, ഐ. ഗോപിനാഥ്, മജീദ് നദ്‌വി, ശംസീർ ഇബ്രാഹിം, ഷിയാസ് പെരുമാതുറ, ഫൈസൽ പൈങ്ങോട്ടായി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.സി അൻവർ സ്വാഗതവും കോഴിക്കോട് സിറ്റി ജനറൽ സെക്രട്ടറി കെ.പി സലാം നന്ദിയും പറഞ്ഞു.

 

 

Latest News