Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയോധ്യക്കേസിൽ നാളെ വിധി

ന്യൂദൽഹി- ലോകം കാതോർത്തുനിൽക്കുന്ന അയോധ്യക്കേസിൽ നാളെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകുന്ന ബെഞ്ചാണ് ബാബരി മസ്ജിദ് കേസിൽ നാളെ വിധി പറയുക. ഏതാനും നിമിഷം മുമ്പാണ് ഇത് സംബന്ധിച്ച് അറിയിപ്പുണ്ടായത്. 
അയോധ്യയിലെ തർക്ക ഭൂമി കേസിൽ സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിക്കാനിരിക്കേ അയോധ്യയിലെ സുരക്ഷാ വിഷയങ്ങൾ പരിശോധിക്കാൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തി. ഇന്ന് ഉച്ചയ്ക്ക് 12നാണ് ഇരുവരെയും വിളിച്ചുവരുത്തി ചീഫ് ജസ്റ്റീസ് ചേംബറിൽ ചർച്ച നടത്തിയത്. 
സുപ്രീം കോടതിയിൽ ഇതാദ്യമായാണ് ഒരു കേസിലെ വിധി പറയുന്നതിനു മുമ്പ് സ്ഥലത്തെ ക്രമസമാധാന നില പരിശോധിക്കുന്നതിനായി ചീഫ് ജസ്റ്റീസ് നേരിട്ടിടപെടുന്നത്. അയോധ്യ കേസിലെ വിധി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ സ്ഥലത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുകയും സുരക്ഷയ്ക്കായി 4000ൽ അധികമുള്ള കേന്ദ്രസേനയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതു കൂടാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ സ്ഥലത്തെ സുരക്ഷ വിലയിരുത്തുന്നുണ്ടെന്നും ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാർ തിവാരിയും ഡിജിപി ഓംപ്രകാശ് സിംഗും ചീഫ് ജസ്റ്റീസിനെ അറിയിച്ചു. 
തർക്ക ഭൂമിയിലെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി പോലീസും സുരക്ഷാ സേനയും വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡ്രോൺ ക്യാമറകൾ ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന പോലീസ്, കേന്ദ്ര സേന, ഭീകരവിരുദ്ധ സ്‌ക്വാഡ് തുടങ്ങിയവരെല്ലാം കൂടി 17,000ത്തോളം സേനാംഗങ്ങൾ സ്ഥലത്തുണ്ട്. പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നു മന്ത്രിമാരോടും ബിജെപി നേതാക്കളോടും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകിയതിനൊപ്പം സമൂഹമാധ്യമങ്ങളിലൂടെ മതവിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കരുതെന്നു ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് കുമാർ ഝാ ഉത്തരവിറക്കിയിട്ടുണ്ട്.  


 

Latest News