Sorry, you need to enable JavaScript to visit this website.

ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ പിൻവലിച്ചു; നന്ദിയെന്ന് രാഹുൽ ഗാന്ധി

ന്യൂദൽഹി- തന്നെയും കുടുംബത്തെയും ഇക്കാലം വരെ സംരക്ഷിച്ച സുരക്ഷാ സംഘത്തിന് നന്ദി പറയുന്നുവെന്ന് രാഹുൽ ഗാന്ധി. ജീവിതത്തിൽ വിജയാശംസകൾ നേരുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഗുരുതര സുരക്ഷാ ഭീഷണി ഇല്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും കുടുംബത്തിന്റെയും ഇസഡ് പ്ലസ് കാറ്റഗറി എസ്.പി.ജി സുരക്ഷ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുലിന്റെ പ്രതികരണം. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷയാണ് പിൻവലിക്കുന്നത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് പകരം ആ ചുമതല സി.ആർ.പി.എഫിന് നൽകിയിരുന്നു. സോണിയ, രാഹുൽ, പ്രിയങ്ക എന്നിവരുടെ സുരക്ഷ ചുമതലയും ഇനി മുതൽ സി.ആർ.പി.എഫിന് ആയിരിക്കും. ഇനി മുതൽ രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ ലഭിക്കുന്നത്.
കേന്ദ്ര സർക്കാർ സോണിയയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും ജീവൻ വെച്ചു കളിക്കുകയാണെന്നും രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. 1991ൽ രാജീവ് ഗാന്ധിയുടെ വധത്തെ തുടർന്ന് സോണിയക്കും കുടുംബത്തിനും ഏർപ്പെടുത്തിയ എസ്പിജി സംരക്ഷണമാണ് ഇപ്പോൾ ബിജെപി സർക്കാർ പിൻവലിക്കുന്നത്. സോണിയ ഗാന്ധി ഉൾപ്പടെയുള്ളവരുടെ സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചു. ബിജെപി സർക്കാരിന്റെ ക്രിമിനൽ മനസ്ഥിതി രാജ്യത്തെ ജനങ്ങൾക്കു മനസിലാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
    എസ്പിജി സുരക്ഷ പിൻവലിക്കുന്ന വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോണിയയേയോ കോൺഗ്രസിനെയോ നേരിട്ട് അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിൽ നിന്നാണ് അവർ വാർത്തയറിഞ്ഞതെന്നാണു വിവരം. എന്നാൽ, ഇത്രയും ഗൗരവമുള്ള സുരക്ഷാ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് ഗുരുതര വീഴ്ചയാണെന്നും അതേക്കുറിച്ചു അന്വേഷണം നടത്തണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച കൊണ്ടു മാത്രാണ് ഈ കുടുംബത്തിലെ രണ്ടു മുൻ പ്രധാനമന്ത്രിമാരുടെ ജീവൻ നഷ്ടപ്പെട്ടത്. എസ്പിജി സുരക്ഷ പിൻവലിക്കരുത് എന്നാവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഉൾപ്പടെയുള്ളവർ കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു. ഇതിന് മറുപടി പോലും നൽകാൻ സർക്കാർ തയാറായില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. 
     

Latest News