Sorry, you need to enable JavaScript to visit this website.

രണ്ടു പതിറ്റാണ്ടിലേറെ ജയിലിൽ; വധശിക്ഷ നടപ്പാക്കാൻ 48 മണിക്കൂർ ശേഷിക്കേ മാപ്പ്

അൽബാഹ - ഇരുപത്തിരണ്ടു വർഷത്തിലധികമായി വധശിക്ഷയുടെ ഭീതിയിൽ ജീവിതം ഉരുകിത്തീർന്ന സൗദി സഹോദരങ്ങൾക്ക് അവസാനം ആരാച്ചാരുടെ വാൾമുനയിൽനിന്ന് മോചനം. ഇരുപത്തിരണ്ടു വർഷവും ഏഴു മാസവും ജയിലിൽ കഴിഞ്ഞ മുഹമ്മദ് അൽഗുബൈശിക്കും സഹോദരൻ സഈദ് അൽഗുബൈശിക്കുമാണ് ശിക്ഷ നടപ്പാക്കുന്നതിനുള്ള അന്തിമ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയും വധശിക്ഷ നടപ്പാക്കുന്നതിന് 48 മണിക്കൂർ മാത്രം ശേഷിക്കവെയും മാപ്പ് ലഭിച്ചത്.

കൊല്ലപ്പെട്ടയാളുടെ മാതാവും സഹോദരങ്ങളും മക്കളും പ്രതികൾക്ക് മാപ്പ് പ്രഖ്യാപിക്കുകയായിരുന്നു. അൽബാഹ ഗവർണർ ഡോ. ഹുസാം ബിൻ സൗദ് രാജകുമാരൻ നടത്തിയ മധ്യസ്ഥശ്രമങ്ങൾക്കൊടുവിലാണ് ഇരുവർക്കും മാപ്പ് നൽകാൻ കൊല്ലപ്പെട്ടയാളുടെ മാതാവും മക്കളും സഹോദരങ്ങളും സന്നദ്ധരായത്. 


മുഹമ്മദ് അൽഗുബൈശിക്കും സഹോദരൻ സഈദ് അൽഗുബൈശിക്കും സൗദി പൗരൻ മുഈദ് ബിൻ അതിയ്യ അൽസഹ്‌റാനിക്കും ഇടയിൽ ഉടലെടുത്ത തർക്കം മൂർഛിച്ച് അടിപിടിയിലെത്തുകയും ഇത് മുഈദിന്റെ കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. അറസ്റ്റിലായ സഹോദരങ്ങൾക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു. ഇത് പിന്നീട് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. മധ്യസ്ഥശ്രമങ്ങൾക്ക് അവസരമൊരുക്കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് പിന്നീട് നീട്ടിവെക്കുകയായിരുന്നു. 


ഇരുവർക്കും മാപ്പ് ലഭ്യമാക്കാൻ അൽബാഹ ഗവർണർ നടത്തിയ നിരന്തര ശ്രമങ്ങൾ അവസാനം വിജയം കാണുകയായിരുന്നു. കൊല്ലപ്പെട്ട മുഈദ് അൽസഹ്‌റാനിയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം ഗവർണർ നേരിട്ട് കാണുകയും മധ്യസ്ഥ ചർച്ചകൾ നടത്തുകയും ചെയ്തു. തുടർന്നാണ് മുഈദിന്റെ മാതാവും സഹോദരങ്ങളും മക്കളും പ്രതികൾക്ക് മാപ്പ് നൽകിയത്. മാപ്പ് ലഭിച്ചതിൽ മുഹമ്മദ് അൽഗുബൈശിയും സഹോദരൻ സഈദും ആഹ്ലാദം പ്രകടിപ്പിക്കുകയും മാപ്പ് നൽകിയവരോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.

Latest News