കുട്ടികൾ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഇതിൽ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോൾ ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ടാക്കും. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കണം. അതില്ലാത്തതാണ് കുട്ടികൾ ഇരകളാകുന്നതിന് പ്രധാന കാരണം.
കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നൽകാനും പോക്സോ കേസുകൾ വിചാരണ ചെയ്യാൻ 57 അതിവേഗ കോടതികൾ സ്ഥാപിക്കാനുമുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. വാളയാർ സഹോദരിമാരുടെ ദാരുണമായ കൊലപാതകങ്ങളും കേസിന്റെ കോടതിവിധിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. പലപ്പോഴും കനത്ത വില കൊടത്ത ശേഷമാണല്ലോ അധികാരികളുടെ കണ്ണു തുറക്കാറ്. വൈകിവന്ന വിവേകമാണെങ്കിലും തീരുമാനത്തെ സ്വാഗതം ചെയ്യുക തന്നെ.
കുട്ടികളെ ലൈംഗികാതിക്രമത്തിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2012ലാണ് പോക്സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യൻ ശിക്ഷാനിയമവും ക്രിമിനൽ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നൽകിയിരുന്നില്ല. അതിനാൽതന്നെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസ്സുകളിൽ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. പോക്സോ പ്രകാരം പ്രകാരം പ്രവേശിത ലൈംഗികാതിക്രമം, ഗൗരവകര പ്രവേശിത ലൈംഗികാതിക്രമം, ലൈംഗികാതിക്രമം, ലൈംഗിക പീഡനം, കുട്ടിയെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ, വീഡിയോ, പുസ്തകം എന്നിവ നിർമ്മിക്കുന്നത്, കാണിക്കുന്നത്, സൂക്ഷിക്കുന്നത് എല്ലാം ലൈംഗിക കുറ്റകൃത്യങ്ങളാണ്. ലൈംഗികാതിക്രമത്തിന്റെ ഫലമായി കുട്ടിക്ക് ഗുരുതരമായ പരിക്കുകളോ ശാരീരിക അസ്വാസ്ഥ്യമോ ജനനേന്ദ്രിയങ്ങൾക്ക് ക്ഷതമോ സംഭവിക്കുക, ഗർഭിണിയാകുക, ശാരീരിക വൈകല്യം സംഭവിക്കുക, ദൈനംദിന കാര്യങ്ങൾ ചെയ്യുവാൻ സാധിക്കാതെ വരുക, എച്ച്.ഐ.വി. ബാധിതയാകുക, ജീവന് ഭീഷണിയുണ്ടാക്കുന്ന അസുഖങ്ങളോ അണുബാധയോ ഉണ്ടാകുക, മാരകായുധങ്ങൾ, തീ, ചൂടുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ചുകൊണ്ട് അക്രമം നടത്തുക എന്നിവക്ക് 6-ാം വകുപ്പനുസരിച്ച് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തംവരെ കഠിനതടവും പിഴയും ലഭിക്കും.
തീർച്ചയായും നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർദ്ധിക്കുന്നു എന്നതാണ് ഖേദകരം. സ്വന്തം വീടും സ്കൂളും വാഹനങ്ങളുമടക്കം ഒരിടത്തും കുട്ടികൾ സുരക്ഷിതരല്ല. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും ഭീകരമായി പീഡിപ്പിക്കപ്പെടുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ വാർത്തകളാൽ മാധ്യമങ്ങൾ നിറയുന്നു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച ബാലാവകാശങ്ങൾ നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു രാഷ്ട്രത്തിലാണ് ഇതെല്ലാം നടക്കുന്നത്. അതേസമയം ശക്തമായ പോക്സോ നിയമമുണ്ടായിട്ടും പ്രതികൾ കാര്യമായി ശിക്ഷിക്കപ്പെടുന്നില്ല. കേസുകൾ അനന്തമായി നീളുന്നതാണ് അതിനു പ്രധാന കാരണം. സംസ്ഥാനത്ത് 9000ത്തോളം പോക്സോ കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. 2013-18 വരെ 5 വർഷത്തിൽ വിചാരണ പൂർത്തിയാക്കിയ 1255 കേസുകളിൽ 230 എണ്ണത്തിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. 1033 കേസുകളിലും പ്രതികളെ വിട്ടയച്ചു. വിട്ടയക്കപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളുടെ അടുത്ത ബന്ധുക്കളാണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 2013ൽ ശിക്ഷാനിരക്ക 25 ശതമാനമായിരുന്നത് 2018ൽ 18 ശതമാനമായി കുറഞ്ഞു. കേസുകൾ അനന്തമായി നീളുമ്പോൾ കുട്ടികളുടെ മേൽ സമ്മർദ്ദമേറുകയും അവർ മൊഴി മാറ്റി പറയുന്നതുാണ് ഇതിനു പ്രധാന കാരണം. പല കേസുകളിലും പീഡിപ്പിച്ചവർ കുട്ടികളെ വിവാഹം കഴിക്കുന്നു. പല കേസുകളിലും ഇരു കൂട്ടരുടേയും വീട്ടുകാർ ധാരണയിലെത്തുന്നു. പലപ്പോഴും ബലാൽക്കാരത്തിനു പകരം, പ്രലോഭിപ്പിച്ചാണ് പീഡനമെ്നനതിനാൽ കുട്ടികൾ സ്വയം പിന്മാറുന്നു. നിരവധി സംഭവങ്ങളിൽ വിചാരണ നടക്കുമ്പോഴേക്കും കുട്ടിയുടെ വിവാഹം കഴഞ്ഞിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഭർത്താവിനൊപ്പം കോടതിയിൽ വരാൻ കുട്ടികൾക്ക് താൽപ്പര്യം കാണില്ല. ഭർത്താക്കന്മാരും അതിനു തയ്യാറാവില്ല. ഇതൊക്കെയാണ് പോക്സോ ഫലപ്രദമാകാതെ പോകാൻ പ്രധാന കാരണം. അടിസ്ഥാനപരമായ പ്രശ്നം അനന്തമായി വൈകുന്നത് തന്നെയാണ്. അതിനാൽ തന്നെ അതിവേഗ കോടതികൾ സ്ഥാപിക്കുന്നത് സ്വാഗതാർഹമാണ്.
കുട്ടികൾ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവർഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഇതിൽ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോൾ ഈ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. കൂടാതെ എല്ലാ സ്കൂളുകളിലും കുട്ടികൾക്ക് കൗൺസലിംഗ് നൽകാൻ സംവിധാനമുണ്ടാക്കും. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികൾക്ക് ലഭിക്കണം. അതില്ലാത്തതാണ് കുട്ടികൾ ഇരകളാകുന്നതിന് പ്രധാന കാരണം. കുട്ടികൾക്ക് ഇതിനായി ബോധവൽക്കരണം നൽകാനായി കൗൺസലർമാർക്ക് പരിശീലനവും നിയമബോധവൽക്കരണവും നൽകും. അമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീടുകൾ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതിനാൽ അത്തരം കുടുംബങ്ങളെ കണ്ടെത്തുകയും സംരക്ഷണം നൽകുകയും വേണമെന്ന് പോലീസിനോടും സാമൂഹ്യനീതി വകുപ്പിനോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പീഡനങ്ങൾ മറച്ചുവെക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് മാതാപിതാക്കൾക്കും ബോധവത്ക്കരണം നൽകണം.
അതിനിടയിൽ പതിവുപോലെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനുള്ള തീരുമാനത്തിനെതിരെ പലരും മുന്നോട്ടുവന്നിട്ടുണ്ട്. വാസ്തവത്തിൽ അവരാണ് ഇത്തരം പീഡനങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണക്കാർ. ലൈംഗികതയെ കുറിച്ച് ശരിയായ അറിവ് ലഭിക്കാത്ത കുട്ടികളാണ് എളുപ്പം പീഡിപ്പിക്കപ്പെടുന്നത്. ശരിയായ രീതിയിൽ അറിവു കിട്ടാത്ത പശ്ചാത്തലത്തിൽ അവർക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങളാണ്. അതെ കുറിച്ചൊന്നും ആരുമായും സംസാരിക്കാൻ പോലും അവസ്ഥ. സ്പർശനത്തിന്റെ സ്വഭാവം പോലും മനസ്സിലാക്കാൻ കഴിയാത്ത ഈ കുട്ടികൾ പീഡിപ്പിക്കപ്പെട്ടാൽ തന്നെ പുറത്തു പറയാൻ മടിക്കുന്നു. പിന്നീടും പീഡനങ്ങൾ സഹിക്കുന്നു. ഫലത്തിൽ അവരുടെ ജീവിതം തന്നെ തകരുന്നു. പ്രതികളും ഇക്കാര്യത്തിൽ നിരക്ഷരരാണ് എന്നതാണ് വസ്തുത. ഈ സാഹചര്യത്തിൽ ലൈംഗികതയെ കുറിച്ചുള്ള ശരിയായ അറിവ് അനിവാര്യമാണ്. അതിനെതിരെയുള്ള പ്രചാരണങ്ങൾ തള്ളിക്കളഞ്ഞ് നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തയ്യാറാകേണ്ടത്.






