Sorry, you need to enable JavaScript to visit this website.

'റീ ബൂട്ടിങ് ന്യൂ ഇന്ത്യ' സന്ദേശവുമായി മഴവിൽ ചലച്ചിത്രമേള

മാധ്യമരംഗത്തെ ബദൽ മാർഗങ്ങളുടെ പരീക്ഷണങ്ങൾ. മുഖ്യധാരാ മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ കഥകൾ അവർ മറ്റു ജനതകളിലേക്കെത്തിച്ച സ്വന്തം കഥകൾ പറയാനെത്തുന്ന ജനകീയ സമര സംഘടനകളിൽ നിന്നുമെത്തുന്നവർ, മുഖ്യധാരാ മാധ്യമങ്ങൾക്ക് ചെയ്യാൻ കഴിയാത്ത നവമാധ്യമ മേഖലകൾ, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തിയും പരിമിതികളും തുടങ്ങിയവയെല്ലാം ചർച്ചാ വിഷയമാകും. ഒപ്പം ഇവയുടേയെല്ലാം പരിമിതികളും അവയെ മറികടക്കാനുള്ള ബദൽ മാർഗങ്ങളുടെ അന്വേഷണവും നടക്കും. 

റീ ബൂട്ടിങ് ന്യൂ ഇന്ത്യ എന്ന സന്ദേശമുയർത്തി പതിമൂന്നാമത് മഴവിൽ ചലചിത്രമേളക്ക് ഇന്നലെ തൃശൂരിൽ കൊടിയുയർന്നു. ഉയർന്നു വരുന്ന 'പുതിയ ഇന്ത്യയെ'ക്കുറിച്ചുള്ള അവകാശവാദങ്ങളാണ് നാം അടുത്തയിടെ കേൾക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷം ഈ വാചാടോപങ്ങൾ കേവലം സംസാരമായിട്ടല്ല, അക്രമാസക്തമായ ഒരു മുഴുനീള പദ്ധതി എന്ന രീതിയിൽ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ മതത്തെക്കുറിച്ചും ഒരൊറ്റ ഭാഷയെക്കുറിച്ചും ഒരു പാർട്ടിയെക്കുറിച്ചും ഒരു നേതാവിനെക്കുറിച്ചുമാണ് ആ പുതിയ ഇന്ത്യ സംസാരിക്കുന്നത്. സംസ്‌കാരത്തിന്റെ ശുദ്ധിയന്വേഷിച്ച് മധ്യകാലത്തേക്ക് യാത്രയാകുന്ന 'പുതിയ' ഇന്ത്യയിൽ വൈവിധ്യങ്ങൾക്കോ, വിയോജിപ്പുകൾക്കോ, സ്വതന്ത്രചിന്തകർക്കോ സ്ഥാനമില്ല. എന്നാൽ സത്യത്തിൽ ഇത് പുതിയ ഇന്ത്യയാണോ? അല്ല എന്നാണ് വിബ്ജിയോർ പറയുന്നത്. സ്വാതന്ത്ര്യത്തിനുശേഷമുള്ള ആധുനികകാലഘട്ടം മറികടക്കാൻ ശ്രമിച്ച പൗരാണിക ഭൂതകാലത്തേക്കുള്ള പിൻമടക്കമാണ് ഈ പുതിയ ഇന്ത്യ എന്നതാണ് വൈരുധ്യം. അതാകട്ടെ ആധുനികകാലത്തിന്റെ മുഴുവൻ നേട്ടങ്ങളേയും ഉപയോഗിച്ചുകൊണ്ട്.
ബഹുസ്വരതകളെ ഇല്ലാതാക്കി സൃഷ്ടിക്കുന്നത് ആഗോളീകരണ കാലത്തിന്റെ കോർപ്പറേറ്റ് ഇന്ത്യയാണെന്നതും ശ്രദ്ധേയമാണ്. മരണപ്പെടുന്നത് ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഫെഡറലിസവും എല്ലാവിധ വൈവിധ്യങ്ങളുമാണ്. അതിനായി ചരിത്രം പോലും തിരുത്തിയെഴുതുന്നു. മത-വംശ-ജാതി-ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യത ഉറപ്പുവരുത്താൻ ശ്രമിച്ച സ്വതന്ത്ര ഇന്ത്യയല്ല  'പുതിയ ഇന്ത്യ' യുടെ മാതൃക. മതമൗലികവാദം അക്രമാസക്തമാവുന്ന, മത-ജാതി വെറികൾ അഭിമാനമായി കരുതുന്ന, മുസ്‌ലിംകൾക്കും ദളിതർക്കും നേരെ അതിക്രമങ്ങൾ ഭയാനകമായ തോതിൽ പെരുകുന്ന, വിയോജിപ്പുകളും വിമർശനങ്ങളും ഇല്ലാതാക്കപ്പെട്ട, വിയോജിക്കുന്നവർ 'ദേശദ്രോഹികളായി' മുദ്രകുത്തുന്നതാണ് 'പുതിയ ഇന്ത്യ' എന്ന് മഴവിൽ മേള ചൂണ്ടിക്കാട്ടുന്നു.
സിറ്റിസൺസ് രജിസ്ട്രർ തന്നെ നോക്കൂ. ഇരുപതു ലക്ഷത്തോളം ആളുകളാണ് പൗരത്വത്തിൽനിന്ന് പുറംതള്ളപ്പെട്ടത്. യഥാർത്ഥ/വ്യാജ ഇന്ത്യക്കാർ എന്ന ദ്വന്ദ്വത്തെ അത് സൃഷ്ടിച്ചു. ന്യൂനപക്ഷ സമുദായത്തിൽ പെട്ടവരുടെ ജീവിക്കാനുള്ള അവകാശം തന്നെ നിഷേധിക്കപ്പെടുന്നു. ആദിവാസി ജനത അവരുടെ ആവാസവ്യവസ്ഥയിൽ നിന്ന് പുറത്താക്കപ്പെടുന്നു. കശ്മീരിൽ 370-ാം വകുപ്പ് എടുത്തുകളയുന്നതും ആൾക്കൂട്ടക്കൊലകളും ബുദ്ധിജീവികളുടെ വായടപ്പിക്കലും ദളിത് പീഡനങ്ങളുമെല്ലാം ചവിട്ടുപടികൾ മാത്രം. തോക്കിന്റെ ബാരൽ പോലെതന്നെ ഹിംസാത്മകമായാണ് സംസ്‌കാരത്തിന്റെ ബാരലുകളും ഇന്ന് ഉപയോഗിക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ 'പഴയ' 'പുതിയ' ഇന്ത്യയിൽ പുതിയ യുദ്ധമുഖങ്ങളാണ് തുറക്കേണ്ടത്. സ്വാതന്ത്ര്യത്തിനു ശേഷം നാം നേടാൻ ശ്രമിച്ച ഇന്ത്യയെ, ഇടക്കാലത്ത് കൈമോശം വന്ന ഇന്ത്യയെയാണ് ഇപ്പോൾ നാം റീ ബൂട്ട് ചെയ്യേണ്ടത്. വിബ്ജിയോർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പതിമൂന്നാം പതിപ്പ് പ്രധാനമായും ഉന്നയിക്കുന്നത് ഈ വിഷയമാണ്. വിബ്ജിയോർ ഉത്തരങ്ങൾ നൽകാൻ ശ്രമിക്കുന്നതിനേക്കാൾ ചർച്ചകൾക്ക് അവസരം തുറക്കുകയാണ്. 
വിബ്ജിയോറിന്റെ നട്ടെല്ലായിരുന്ന സി. ശരത്ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നത് കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായ അനുരാധാ ബസിൻ ആണ്. പാട്രിക് റോക്സലിന്റെ സിനിമകളാണ് ഇത്തവണത്തെ റെട്രോസ്പെക്ടീവിൽ പ്രദർശിപ്പിക്കുന്നത്. ഫോക്കസ് തീം പാക്കേജ്, വിബ്ജിയോർ പാക്കേജ്, ഡയറക്ടർ പാക്കേജ്, ഹോമേജ് വിഭാഗങ്ങളിലായി ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, സംഗീത ആൽബം, ആനിമേഷൻ സിനിമകൾ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്. 'കാലാവസ്ഥാ പ്രതിസന്ധിയും കേരളവും ',  'നവോത്ഥാനം: ഒരു പുനർവായന' എന്നീ വിഷയങ്ങളിലാണ് മിനി കോൺഫ്രൻസുകൾ നടക്കുക. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 'മീഡിയ ഡയലോഗ് ' ആണ് ഇത്തവണത്തെ വിബ്ജിയോർ മഴവിൽ മേളയിലെ മറ്റൊരു പ്രധാന ആകർഷണം. മാധ്യമരംഗത്തെ ബദൽ മാർഗങ്ങളുടെ പരീക്ഷണങ്ങൾ. മുഖ്യധാരാ മാധ്യമങ്ങൾ കൈയ്യൊഴിഞ്ഞ കഥകൾ അവർ മറ്റു ജനതകളിലേക്കെത്തിച്ച സ്വന്തം കഥകൾ പറയാനെത്തുന്ന ജനകീയ സമര സംഘടനകളിൽ നിന്നുമെത്തുന്നവർ, മുഖ്യധാരാ മാധ്യമങ്ങൾക്ക് ചെയ്യാൻ കഴിയാത്ത നവമാധ്യമ മേഖലകൾ, മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തിയും പരിമിതികളും തുടങ്ങിയവയെല്ലാം ചർച്ചാ വിഷയമാകും. ഒപ്പം ഇവയുടേയെല്ലാം പരിമിതികളും അവയെ മറികടക്കാനുള്ള ബദൽ മാർഗങ്ങളുടെ അന്വേഷണവും നടക്കും. എക്താരാ വിമൺസ് കലക്ടീവ് ഭോപ്പാൽ, കേരളീയം കലക്ടീവ് കേരള, സമദൃഷ്ടി ഫിലിം കളക്ടീവ് ഒഡീഷ, എൻ എ പി എം, ഇന്ത്യ, ചലച്ചിത്ര അഭിയാൻ ഡൽഹി, പി ഇ പി കലക്ടീവ് പളനി, സ്‌കൂൾ ഓഫ് ഡെമോക്രസി രാജസ്ഥാൻ, ദളിത് ക്യാമറ തുടങ്ങിയ സംഘടനാ പ്രതിനിധികളും കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകരും പങ്കെടുക്കും. 
നവമാധ്യമ മുഖ്യധാരാ മാധ്യമങ്ങളുടെ പ്രസക്തിയും പരിമിതികളും വിശദമായി ചർച്ച ചെയ്യുകയും ബദൽ മാർഗങ്ങളുടെ അന്വേഷണവുമാണ് ഈ കോൺഫറൻസുകളിലൂടെ ശ്രമിക്കുന്നത്. രാജീവ് ദേവരാജ് (എഡിറ്റർ ന്യൂസ് 18 കേരളം), ഡോ. എലിസബത്ത് മുള്ളർ (എ.സി.ജെ ചെന്നൈ), വരുൺ രമേശ് (എഡിറ്റർ ഏഷ്യാ വില്ല), ശ്രീജിത്ത് ദിവാകരൻ (സ്വതന്ത്ര മാധ്യമപ്രവർത്തകൻ), സഫീറ മടത്തിലകത്ത് (മീഡിയ വൺ), സന്തോഷ് ജോൺ തൂവൽ (മലയാള മനോരമ), കെ. ജെ ജേക്കബ് (ഡെക്കാൺ ക്രോണിക്കിൾ), വി പി റജീന (മാധ്യമം), ഷഫീക്ക് താമരശ്ശേരി (മാധ്യമ പ്രവർത്തകൻ), ബിനു (ഇന്റർനാഷണൽ ചളു യൂണിയൻ), രാജാജി മാത്യു തോമസ് (എഡിറ്റർ, ജനയുഗം) തുടങ്ങി ട്രോളർമാർ മുതൽ മുഖ്യധാരാ മാധ്യമ പ്രതിനിധികൾ വരെ ചർച്ചയിൽ പങ്കെടുക്കുന്നു.
 

Latest News