Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

സൗദിയില്‍ അഞ്ചര ലക്ഷത്തിലേറെ ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടി

റിയാദ്- അഞ്ചര ലക്ഷത്തിലേറെ ചെറുകിട സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം അടച്ചുപൂട്ടിയതായി ഔദ്യോഗിക കണക്കുകൾ. ഒന്നു മുതൽ അഞ്ചു വരെ തൊഴിലാളികളുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

ഇത്തരത്തിൽപെട്ട 5,54,764 സ്ഥാപനങ്ങൾ കഴിഞ്ഞ കൊല്ലം അടച്ചു പൂട്ടിയതായാണ് കണക്ക്. 2017 ൽ ഈ വിഭാഗത്തിൽപെട്ട 8,52,268 സ്ഥാപനങ്ങളുണ്ടായിരുന്നു.  കഴിഞ്ഞ വർഷാവസാനത്തോടെ ഈ ഗണത്തിൽപെടുന്ന സ്ഥാപനങ്ങളുടെ എണ്ണം 2,97,504 ആയി കുറഞ്ഞു. പ്രതിദിനം ശരാശരി 1500 ഓളം സ്ഥാപനങ്ങൾ വീതം അടച്ചുപൂട്ടി.

അതേസമയം, അഞ്ചിൽ കൂടുതൽ തൊഴിലാളികളുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തി. 
ആറു മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം 1,64,975 ആയി ഉയർന്നതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് കണക്കുകൾ അവലംബിച്ചുള്ള ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് സർവേ വ്യക്തമാക്കുന്നു. 2017 ൽ ഈ ഗണത്തിൽ പെട്ട 1,17,461 സ്ഥാപനങ്ങളാണുണ്ടായിരുന്നത്.


50 മുതൽ 250 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണം 19,774 ആയി ഉയർന്നു. 2017 ൽ ഈ വിഭാഗത്തിൽപെട്ട 7806 സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളുടെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെയും എണ്ണം 9,77,535 ൽ നിന്ന് 4,82,253 ആയി കഴിഞ്ഞ വർഷം കുറഞ്ഞു. മൂന്നു വിഭാഗത്തിലും പെട്ട സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 4,95,282 എണ്ണത്തിന്റെ കുറവാണുണ്ടായത്. 


ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം 9,33,966 ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 77,748 പേർ സൗദികളും 8,56,218 പേർ വിദേശികളുമാണ്. ആറു മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ആകെ 25 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. ഇക്കൂട്ടത്തിൽ 21 ലക്ഷം പേർ വിദേശികളും 4,03,655 പേർ സ്വദേശികളുമാണ്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം 50 മുതൽ 250 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങളിൽ 3,60,539 സൗദികളും പതിനാലു ലക്ഷം വിദേശികളും അടക്കം 17 ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. മൂന്നു വിഭാഗം സ്ഥാപനങ്ങളിലും കൂടി ആകെ 34 ലക്ഷം ജീവനക്കാരാണുള്ളത്. ഇക്കൂട്ടത്തിൽ 8,61,624 പേർ സൗദിളും 25 ലക്ഷത്തിലേറെ പേർ വിദേശികളുമാണ്.
 

Latest News