Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

വിസ്മയക്കാഴ്ചയായി ഒട്ടകങ്ങളുടെ 'സമുദ്ര യാത്ര' 

ഒട്ടകങ്ങൾ വരി വരി വരിയായി... അസീറിലെ സമുദ്ര തീരത്തിലൂടെ ഒട്ടകങ്ങൾ നിരനിരയായി നടന്നുനീങ്ങുന്നു.

അബഹ- മരുഭൂമിയിലെ കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒട്ടകങ്ങൾ സമുദ്ര തീരത്തിലൂടെ നിരനിരയായി നടന്നു നീങ്ങുന്ന കാഴ്ച വിസ്മയമാകുന്നു. അസീറിലെ സമുദ്ര തീരത്തിലൂടെ ഒട്ടകങ്ങൾ നിരയായി നീങ്ങുന്നതിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. സൗദി പൗരൻ മാജിദ് ഔൻ അൽഅഹ്മരിയാണ് ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പരിസ്ഥിതിയും പ്രകൃതിയും ഇഷ്ടപ്പെടുന്ന ആയിരക്കണക്കിനാളുകൾ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചു. 


കണ്ടൽ ചെടികൾ ഭക്ഷിക്കുന്നതിനാണ് ഒട്ടകങ്ങൾ സമുദ്ര തീരത്തിലൂടെ കണ്ടൽക്കാടുകൾ ലക്ഷ്യമാക്കി നിരയായി നീങ്ങുന്നതെന്ന് മാജിദ് അൽഅഹ്മരി പറഞ്ഞു. വേലിയേറ്റത്തിനിടെ കടലിൽ വെള്ളം പൊങ്ങുന്നതിനാൽ ചിലപ്പോൾ ഒട്ടകങ്ങളുടെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങും. നേരത്തെ പ്രദേശത്ത് സമുദ്രത്തിൽ പ്രത്യേക ഭാഗത്തുള്ള ശുദ്ധജലം തേടിയും ഒട്ടകങ്ങൾ ഇതുപോലെ നിരനിരയായി നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം ചിത്രീകരിച്ചിരുന്നു.

പ്രദേശത്തെ കടലിൽ ത്വഅ്‌ന അലിയെന്നോ ത്വഅ്മ അലിയെന്നോ അറിയപ്പെടുന്ന ഭാഗത്താണ് ശുദ്ധജലമുണ്ടായിരുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന കമ്പനികൾ ഈ ഭാഗം ഇപ്പോൾ മണ്ണിട്ട് നികത്തിയിരിക്കുന്നു. തീരദേശ ഒട്ടകങ്ങൾ അസീറിലെ സമുദ്ര തീരങ്ങൾക്കു സമീപമാണ് അധിവസിക്കുന്നത്. അസീർ പ്രവിശ്യയിലെ ദ്വീപുകളെ കുറിച്ച് നിർമിക്കാനിരിക്കുന്ന ഡോക്യുമെന്ററിയിൽ തീരദേശ ഒട്ടകങ്ങളെയും ചിത്രീകരിക്കും. അസീർ പ്രവിശ്യയുടെ വശ്യമനോഹാരിത എടുത്തുകാട്ടി നേരത്തെ നിർമിച്ച ഡോക്യുമെന്ററി വലിയ വിജയമായിരുന്നെന്നും മാജിദ് അൽഅഹ്മരി പറഞ്ഞു. കദംബൽ എന്നാണ് ഡോക്യുമെന്ററിക്ക് നാമകരണം ചെയ്തിരുന്നത്. പ്രദേശത്തെ ദ്വീപാണ് കദംബൽ.
 

Latest News