Monday , January   20, 2020
Monday , January   20, 2020

ബാബരി കേസ് വിധി ആസന്നം; രാജ്യം അതീവ ജാഗ്രതയിലേക്ക്

ന്യൂദല്‍ഹി- ബാബരി മസ്ജിദ്-അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി ആസന്നമായിരിക്കെ രാജ്യം അതീവ ജാഗ്രതയിലേക്ക്.  ഉത്തര്‍പ്രദേശില്‍ കുറ്റമറ്റ സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തിലായിരിക്കും.
അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.
വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ അയോധ്യ വിധിയെ നോക്കിക്കാണരുതെന്ന് മോഡി ഓര്‍മിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭ യോഗത്തില്‍ വെച്ചാണ് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഈ മാസം 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി വരുന്ന പശ്ചാത്തലത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് മുസ്‌ലിം സംഘടനകളുടെ പൊതുവേദിയും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അയോധ്യ വിധി വരുമ്പോള്‍ നിയോജക മണ്ഡലങ്ങളില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് എം.പിമാര്‍ക്കും ബി.ജെ.പി നിര്‍ദേശം നല്‍കിയിരുന്നു.
അയോധ്യയിലെ തര്‍ക്കഭൂമിയെക്കുറിച്ച് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും  തടഞ്ഞത്  മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു.
അയോധ്യ ജില്ലയില്‍ നാല് തലങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. റെഡ്, യെല്ലോ, ഗ്രീന്‍, ബ്ലൂ എന്നിങ്ങനെ ജില്ലയെ നാലു സോണുകളാക്കി തിരിച്ചിട്ടുണ്ട്.  
റെഡ്, യെല്ലോ സോണുകള്‍ സിആര്‍പിഎഫിന്റേയും മറ്റു രണ്ടു സോണുകള്‍ പോലീസിന്റേയും നിയന്ത്രണത്തിലായിരിക്കും.  ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലം ഉള്‍പ്പെടെ അയോധ്യക്ക് അഞ്ചു മൈല്‍ ചുറ്റളവിലാണ് റെഡ്, യെല്ലോ സോണുകള്‍. 14 മൈല്‍ വരെ ഗ്രീന്‍ സോണും അയോധ്യയ്ക്കു ചുറ്റുമുള്ള ജില്ലകള്‍ ബ്ലൂ സോണും ആയിട്ടാണു നിശ്ചയിച്ചിരിക്കുന്നത്.
എണ്ണൂറോളം സ്‌കൂളുകളിലായി സുരക്ഷാസേന തമ്പടിച്ചിട്ടുണ്ട്.  താല്‍ക്കാലിക ജയിലുകളും സജ്ജമാക്കി. എല്ലാ ഗ്രാമങ്ങളിലും വിവിധ വിഭാഗങ്ങളില്‍പെട്ട ആളുകളുടെ യോഗം വിളിച്ചുകൂട്ടി പോലീസ് കാര്യങ്ങള്‍ വിശദീകരിച്ചുവരികയാണ്.
നാലായിരം സൈനികരെയാണ് അയോധ്യയിലേക്ക് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കു പുറമെ, 12,000 പോലീസുകാരെ വിന്യസിക്കും. അടുത്തയാഴ്ച ആദ്യം അര്‍ധസൈനികര്‍ ഉള്‍പ്പെടെ രംഗത്തെത്തും. കര്‍ഫ്യൂ പ്രഖ്യാപിക്കാനോ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കാനോ ഉദ്ദേശിക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഭീകരാക്രമണം, വര്‍ഗീയ കലാപം ഉള്‍പ്പെടെ ഏതു നീക്കവും ചെറുക്കാന്‍ സാധിക്കുംവിധം കുറ്റമറ്റ സുരക്ഷാ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്നും ഉത്തര്‍പ്രദേശ്  പോലീസ് വ്യക്തമാക്കി. നാലില്‍ അധികം ആളുകള്‍ കൂട്ടം ചേരുന്നത് ഡിസംബര്‍ അവസാനം വരെ വിലക്കിയിട്ടുണ്ട്. ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, ലാത്തി എന്നിവ കൈവശം വെക്കുന്നതില്‍നിന്നും കൂട്ടംചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് അലിഗഢ് മുസ്ലിം സര്‍വകലാശാലയും കര്‍ശനനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സോഷ്യല്‍ മീഡിയയില്‍ ആക്ഷേപകരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഫൈസാബാദ് പോലീസ്  16000 വളണ്ടിയര്‍മാരെ നിയമിച്ചു. പ്രശ്‌നം വഷളാക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമം നടത്തുന്നവര്‍ക്കെതിരെ എന്‍എസ്എ (ദേശസുരക്ഷാ നിയമം) ചുമത്തും. പ്രകോപനപരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

 

Latest News