ജാതി തിരിച്ച് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച കാറ്ററിംഗ് കമ്പനി വിവാദത്തില്‍

ന്യൂദല്‍ഹി- റെയില്‍വേ കാറ്ററിംഗ് ജോലിക്ക് ജാതി തിരിച്ച് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച കരാര്‍ കമ്പനി വിവാദത്തിലായി. ഐആര്‍സിടിസിക്ക് വേണ്ടി കരാറെടുത്ത് നടത്തുന്ന ആര്‍കെ അസോസിയേറ്റ്‌സ് ആണ് പത്ര പരസ്യം നല്‍കി വെട്ടിലായത്. നല്ല കുടുംബ പശ്ചാത്തലമുള്ള അഗര്‍വാള്‍ വൈശ്യ സമുദായത്തില്‍ പെട്ട ചെറുപ്പക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നായിരുന്നു പരസ്യം. ബേസ് കിച്ചണ്‍ മാനേജര്‍, കാറ്ററിംഗ് മാനേജര്‍, സ്റ്റോര്‍ മാനേജര്‍ തുടങ്ങി മൂന്ന് തസ്തികകളിലേക്ക് 100 പുരുഷ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ടാണ് പരസ്യം നല്‍കിയത്. ഉദ്യോഗാര്‍ഥികള്‍ക്കു വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മതി പക്ഷേ നല്ല ഒന്നാന്തരം അഗര്‍വാള്‍ വൈശ്യ സമുദായത്തില്‍ നിന്നുള്ളവരായിരിക്കണം എന്ന പരസ്യവാചകമാണ് വിവാദത്തിന് വഴിതെളിച്ചത്.
പരസ്യം സോഷ്യല്‍ മീഡിയകളിലൂടെ വിവാദമായതോടെ വിശദീകരണവുമായി റെയില്‍വേ തന്നെ രംഗത്തു വന്നു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ കരാര്‍ കമ്പനിയോട് വിശദീകരണം തേടിയതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. പരസ്യം നല്‍കിയ എച്ച്.ആര്‍ മാനേജറെ ജോലിയില്‍ നിന്നു പുറത്താക്കിയെന്നാണ് അവര്‍ നല്‍കിയ മറുപടി. ജാതിക്കും മതത്തിനും പ്രദേശത്തിനും അതീതമായ അര്‍ഹരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്താന്‍ എത്രയും വേഗം പുതിയ പരസ്യം നല്‍കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മേലില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ആവര്‍ത്തിച്ചാല്‍ കമ്പനിയുടെ കരാര്‍ റദ്ദാക്കുമെന്നു താക്കീത് നല്‍കിയതായും റെയില്‍വേ വക്താവ് വ്യക്തമാക്കി

 

 

Latest News