ന്യൂദല്‍ഹി - നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയാണെന്നും ബാബരി മസ്ജിദ്-രാമജന്മ ഭൂമി തര്‍ക്കത്തില്‍ സുപ്രിം കോടതി സംബന്ധിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേസിന്റെ വിധി എന്തു തന്നെയായാലും തുറന്നമനസ്സോടെ എല്ലാവരും അംഗീകരിക്കുകയും സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു. പരമോന്നത നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും വിധിയെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നീതിക്കായി പ്രതിജ്ഞാബദ്ധരായിരിക്കെ, നിയമവാഴ്ചയും ജുഡീഷ്യറിയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കേണ്ടത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉത്തരവാദിത്തമാണ്. വിധി പ്രഖ്യാപിക്കുമ്പോള്‍ ആഘോഷങ്ങളോ വിലാപമോ ഉണ്ടാവരുത്. വിജയിക്കുന്നവര്‍ അമിതമായി ആവേശ ഭരിതരാകരുത്, തോല്‍ക്കുന്നവരും സ്വയം നിയന്ത്രിക്കണം. വിധിയെ വിജയമോ തോല്‍വിയോ ആയി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധി വന്നശേഷം രാജ്യത്തിന്റെ സാമൂഹികസാമുദായിക ഐക്യം, സാഹോദര്യം എന്നിവ ശക്തിപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ബന്ധപ്പെട്ട എല്ലാ ആളുകളും ശ്രദ്ധിക്കുമെന്ന് ഫൈസി പ്രത്യാശിച്ചു. ആളുകള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധാലുവായിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വളരെ മോശമാണ്. ജനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള സാമുദായിക അസ്വസ്ഥതകളിലേക്ക് കടന്നാല്‍ സമ്പദ് വ്യവസ്ഥ വളരെ മോശമായി തകര്‍ന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി ബാബരി മസ്ജിദ് രാമജന്മഭൂമി വിധി നടപ്പാക്കാന്‍ എല്ലാവരോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേസമയം, 1992 ല്‍ ബാബരി മസ്ജിദിനെ തകര്‍ത്തത് കടുത്ത നഷ്ടമാണ്, മതേതരവും ജനാധിപത്യപരവുമായ ഒരു റിപ്പബ്ലിക് എന്ന നിലയില്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആണ് അത് തകര്‍ത്തത്. കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകരെയും വ്യവഹാരികളെയും ഭീഷണിപ്പെടുത്തുന്നതിന് സാമുദായിക ശക്തികള്‍ അടുത്തിടെ ശ്രമിച്ചിരുന്നു. വരാനിരിക്കുന്ന സുപ്രീംകോടതി വിധിയോടെ സമാധാനപരവും ശാശ്വതവുമായ ഒത്തുതീര്‍പ്പുണ്ടാകുമെന്നത് രാജ്യത്തിന്റെ പ്രതീക്ഷയാണ്. ഇത് രാജ്യത്ത് സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും ഒരു പുതിയ യുഗം തുറക്കുമെന്നും ഫൈസി കൂട്ടിച്ചേര്‍ത്തു.






