Sorry, you need to enable JavaScript to visit this website.

മനാഫ് വധക്കേസ്: അൻവർ എം.എൽ.എയ്ക്ക് വേണ്ടി  വഴിവിട്ട നീക്കമെന്ന് പി.കെ.ഫിറോസ്‌

കോഴിക്കോട്- യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫ് വധക്കേസിൽ പി.വി.അൻവർ എം.എൽ.എയുടെ ഉറ്റബന്ധുക്കളെ രക്ഷിക്കാനാണ് സ്‌പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കേണ്ടെന്ന് സർക്കാർ ഉത്തരവിറക്കിയതെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും മനാഫിന്റെ ബന്ധുക്കളും ആരോപിച്ചു. 
ഹൈക്കോടതി ഉത്തരവു തള്ളിക്കളഞ്ഞാണ് സർക്കാർ നടപടി. 24 വർഷമായി ഒരു കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടത്തെ കണ്ടില്ലെന്നു നടിച്ച് മനാഫ് വധക്കേസിൽ കൊലയാളികൾക്കൊപ്പമാണ് സർക്കാർ നിൽക്കുന്നത്. 
കേസിൽ ഒന്നാം പ്രതിയായ പി.വി.അൻവർ എം.എൽ.എയുടെ സഹോദരീ പുത്രൻ വർഷങ്ങളായി ദുബായിൽ സുഖജീവിതം നയിക്കുകയാണ്. ലുക്ക് ഔട്ട് നോട്ടീസിറക്കി ഇന്റർപോൾ സഹായത്തോടെ പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ 2018 ജൂലൈ 25 ലെ ഉത്തരവ് 14 മാസമായിട്ടും നടപ്പാക്കിയിട്ടില്ല. 
മനാഫ് വധക്കേസിൽ പി.വി.അൻവർ എം.എൽ.എയെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ ശിക്ഷ നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൽറസാഖിന്റെ ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലിക്കുമ്പോഴാണ് സർക്കാർ കൊലപാതകികൾക്ക് സംരക്ഷണം നൽകുന്നത്. സി.ശ്രീധരൻനായർ നായരായിരുന്നു മനാഫ് വധക്കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ. അദ്ദേഹം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി പോയതുകൊണ്ടാണ് സ്‌പെഷൽ പ്രോസിക്യൂട്ടറുടെ ഒഴിവുവന്നത്. 
രണ്ടു പതിറ്റാണ്ട് വിദേശത്ത് ഒളിവിൽക്കഴിഞ്ഞ പ്രതികൾ സ്വാധീനമുള്ളവരാണെന്നു വിലയിരുത്തി സ്‌പെഷൽ പ്രോസിക്യൂട്ടർ എന്ന ആവശ്യം ന്യായമാണെന്നു നിരീക്ഷിച്ചാണ് 45 ദിവസത്തിനകം സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ തീരുമാനമെടുക്കാൻ ഇക്കഴിഞ്ഞ മെയ് 20 ന് ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി നടത്തിയ വിചാരണയിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ അനുവദിക്കാമെന്നാണ് ശുപാർശ ചെയ്തത്. എന്നാൽ ഡി.ജി.പി ശ്രീധരൻ നായരിൽനിന്ന് എതിരായ റിപ്പോർട്ട് വാങ്ങിയാണ് സർക്കാർ ഈ ആവശ്യം തള്ളിയത്.
മനാഫ് കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടറായിരുന്ന ശ്രീധരൻ നായർ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് പി.വി.അൻവർ അടക്കമുള്ള 21 പ്രതികളെയും വെറുതെവിടാനുള്ള സാഹചര്യമുണ്ടാക്കിയതെന്നും കുടുംബം പരാതിപ്പെട്ടു. 1995 ഏപ്രിൽ 13 ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പകൽ 11 മണിയോടെയാണ് മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. നിരവധി ദൃക്‌സാക്ഷികളുണ്ടായിരുന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷിയെ കൂറുമാറ്റിച്ചെങ്കിലും ഇയാൾക്കെതിരെ കേസെടുക്കാനോ മറ്റുസാക്ഷികളുടെ മൊഴിയിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനോ പ്രോസിക്യൂഷൻ ശ്രമിച്ചില്ല. മനാഫ് വധക്കേസ് അട്ടിമറിക്കുന്നതായി കാണിച്ച് സഹോദരൻ അബ്ദുൽ റസാഖ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രതികളെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട അബ്ദുറസാഖ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. 
നാലു പ്രതികളെയും പിടികൂടണമെന്ന മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനു ശേഷമാണ് അൻവറിന്റെ സഹോദരീ പുത്രനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ് ഉൾപ്പെടെ മൂന്നുപേർ കീഴടങ്ങിയത്.
ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കെ പ്രതികൾ മഞ്ചേരി അഡീഷണൽ ജില്ലാ കോടതിയിൽ നിന്നു ജാമ്യം നേടുകയായിരുന്നു. പൊതുതാൽപര്യമില്ലെന്നും കേസിൽ പ്രതികളെ വെറുതെവിട്ടെന്നും പറഞ്ഞാണ് ഡി.ജി.പി സ്‌പെഷൽ പ്രോസിക്യൂട്ടർ വേണ്ടെന്ന റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.വി.അൻവറിനു വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിലൂടെ വോട്ടു പിടിച്ചയാളാണ് ഡി.ജി.പി ശ്രീധരൻ നായർ. 
ഈ സാഹചര്യത്തിൽ ഭരണഘടനാ വിരുദ്ധമായ ഉത്തരവ് പിൻവലിച്ച് മനാഫ് വധക്കേസിൽ സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം നിയമ പോരാട്ടവും ജനകീയ പ്രക്ഷോഭവും ആരംഭിക്കുമെന്ന് ബന്ധുക്കളും പി.കെ.ഫിറോസും ആവശ്യപ്പെട്ടു. മനാഫിന്റെ പിതൃസഹോദരൻ അബൂബക്കർ, മനാഫിന്റെ സഹോദരൻമാരായ മൻസൂർ, റസാഖ്, സഹോദരിമാരായ സുബൈദ, ഫാത്തിമ എന്നിവർ സംബന്ധിച്ചു

 

Latest News