Sorry, you need to enable JavaScript to visit this website.

പെഗാസസ്: അകവും പുറവും

നിരവധി തവണ ചർച്ച ചെയ്യപ്പെട്ടതും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതുമായ വിഷയമാണ്  വ്യക്തികളുടെ സ്വകാര്യത.  ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും പരസ്യമാക്കുക വഴി ജീവിക്കാനുള്ള അയാളുടെ സ്വാതന്ത്ര്യത്തെയാണ് ഹനിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഏതൊരു അധികാരത്തിന്റെയും കടന്നു കയറ്റം അംഗീകരിക്കാവുന്നതല്ല. ഇസ്രായിലി സ്‌പൈവെയറായ പെഗാസസ് വഴി ഇരുപത്തഞ്ചോളം ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയെന്ന വാട്‌സാപ്പിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. കാര്യക്ഷമമായ ഡേറ്റാ സംരക്ഷണ നിയമം നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ചാരക്കണ്ണുകൾ നുഴഞ്ഞുകയറുന്നുവെന്ന വിഷയം വളരെയേറേ ഗൗരവമായി കാണേണ്ടതാണ്.  
ഫോൺ ചോർത്തലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തുകയാണ്. ചാരക്കണ്ണുകൾക്ക് പ്രതിപക്ഷം രാഷ്ട്രീയ മാനം നൽകിയതോടെയാണ് ചർച്ചകൾ പുതിയ തലങ്ങളിൽ എത്തിയത്.  ഇന്ത്യയിൽ നാഗ്പൂർ ആസ്ഥാനമായുള്ള മനുഷ്യാവകാശ അഭിഭാഷകൻ നിഹാൽസിങ് റാത്തോഡ്, ആദിവാസി പ്രവർത്തകരായ ബേല ഭാട്ടിയ, ഡിഗ്രി പ്രസാദ് ചൗഹാൻ, ജഗദൽപൂർ ലീഗൽ എയ്ഡ് ഗ്രൂപ്പിലെ ശാലിനി ജെറ തുടങ്ങി ഒട്ടേറെ പത്രപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, ദലിത് ആക്ടിവിസ്റ്റുകൾ ഈ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുന്നു. 
തീവ്രവാദവും കുറ്റകൃത്യവും തടയാൻ സർക്കാരുകളെ സഹായിക്കാനെന്ന പ്രഖ്യാപനത്തോടെയാണ് പെഗാസസ് എന്ന ചാര സ്പൈവെയർ പുറത്തിറക്കിയത്. പെഗാസസിനെ ആദ്യമായി തിരിച്ചറിയുന്നത് കാനഡയിലെ ടൊറന്റോ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു പോരുന്ന സിറ്റിസൺസ് ലാബ് എന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ ഗവേഷകരാണ്.
ഇസ്രായിൽ ആസ്ഥാനമായ സൈബർ കമ്പനിയാണ് എൻ.എസ്.ഒ ഗ്രൂപ്പ്.  ഇവർ വികസിപ്പിച്ച സോഫ്റ്റ്വേർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്വേഡ്, ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങൾ, മെസേജുകൾ, ക്യാമറ, മൈക്രോഫോൺ, നിങ്ങളുടെ സഞ്ചാരപഥം, ജി.പി.എസ് ലോക്കേഷൻ  തുടങ്ങി മുഴുവൻ വിവരവും ചോർത്തിനൽകുന്നതാണ് ഇവർ വികസിപ്പിച്ച പ്രോഗ്രാമുകൾ. പെഗാസസ് ഒരു മിസ്ഡ്കോളിലൂടെ നിങ്ങളറിയാതെ, നിങ്ങളുടെ ഒരു ഇടപെടലും കൂടാതെ നിങ്ങളുടെ ഫോണിലേക്ക് കയറിപ്പറ്റുന്നു. പെഗാസസിന് ഒരേസമയം  50 സ്മാർട്ട് ഫോണുകൾ വരെ ഹാക്ക് ചെയ്യാനാവുമെന്നാണ് റിപ്പോർട്ട്. അഞ്ഞൂറിലേറെ ഫോണുകൾ  ഒരു വർഷം പെഗാസസിന് നിരീക്ഷിക്കാൻ കഴിയും. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് അയാൾ പോലുമറിയാതെ കടന്നുകയറുന്ന നിരീക്ഷണ കണ്ണുകളെ, നിയന്ത്രിക്കാൻ വേണ്ട അന്താരാഷ്ട്ര നിയമങ്ങൾ ഇപ്പോൾ നിലവിലില്ല. 
എന്നാൽ, കുറ്റകൃത്യങ്ങൾക്കും ഭീകരതക്കുമെതിരെ പോരാടുന്നതിന് സർക്കാർ രഹസ്യാന്വേഷണ വിഭാഗവും നിയമപാലകരും മാത്രമാണ് പെഗാസസിന്റെ സേവനം തേടുന്നതെന്നാണ് ഇസ്രായിൽ കമ്പനിയുടെ വാദം. അതിനാൽ തന്നെ സർക്കാരുമായി വിയോജിക്കുന്ന സ്വന്തം പൗരന്മാരെ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ എൻ.എസ്.ഒയുടെ സഹായം തേടിയെന്നുളള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കും  മൂർച്ചയേറുന്നു. എന്നാൽ സ്വകാര്യത കൈയേറ്റത്തിൽ ആശങ്ക ഉണ്ടെന്നാണ് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചത്.
വിവരം ചോർത്തലിനെക്കുറിച്ച് കഴിഞ്ഞ മേയിൽ തന്നെ ഇന്ത്യൻ  അധികൃതരെ അറിയിച്ചിരുന്നുവെന്നാണ് വാട്‌സാപ്പ് വ്യക്തമാക്കിയത്. ഏതായാലും
വാട്‌സാപ്പ് ഡിജിറ്റൽ പേമെന്റ് രംഗത്തേക്ക് കടക്കാനിരിക്കുന്ന സാഹചര്യത്തിൽ പെഗാസസ് വിഷയം ഏറെ തലവേദന സൃഷ്ടിക്കുന്ന ഒന്നു തന്നെയായിരിക്കും. 

Latest News