Sorry, you need to enable JavaScript to visit this website.

ആർ.സി.ഇ.പി കരാർ പാവങ്ങൾക്ക് കൊലക്കയർ

ആസിയാൻ കരാറിന് ശേഷം അതിബൃഹത്തായ സ്വതന്ത്രവ്യാപാര കരാറായ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (ആർ.സി.ഇ.പി കരാർ) രൂപപ്പെടുത്താനുള്ള ചർച്ചകൾ ബാങ്കോക്കിൽ പുരോഗമിക്കുകയാണ്. ചൈനയടക്കം 15 രാജ്യങ്ങളുമായി ഉണ്ടാക്കാൻ പോകുന്ന ആർ.സി.ഇ.പി കരാറുമായി ഇന്ത്യ മുന്നോട്ട് പോകണമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. രാജ്യത്താകമാനമുള്ള കർഷക പ്രസ്ഥാനങ്ങളും, വ്യാപാര സംഘടനകളും വൻ എതിർപ്പാണ് ഈ കരാറിനെതിരെ ഉയർത്തുന്നത്. ഇന്ത്യ ഇതുവരെ ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാറുകൾ ഒന്നും തന്നെ രാജ്യതാൽപര്യത്തിന് ഗുണകരമായില്ല എന്നും ഇവയെല്ലാം തന്നെ വിരുദ്ധമായി വർത്തിച്ചവയാണെന്നുമാണ് ഈ കരാറിന് എതിരെ ഉയർന്ന് വരുന്ന വാദങ്ങൾ. 
ആർ.സി.ഇ.പി കരാറിൽ ഇന്ത്യയ്ക്ക് അനുകൂലമായ ഒത്ത് തീർപ്പുകൾ ഉണ്ടാക്കാൻ നമ്മൾ കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്നും എന്നാൽ അത് കരാർ വേണ്ടെന്ന് വെക്കാനുള്ള കാരണമാകുന്നില്ലെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. സമ്പദ് വ്യവസ്ഥ തുറന്ന് നൽകുന്ന വേളയിൽ മത്സരക്ഷമമാകുന്നതിന് ഒരു അടിസ്ഥാനമുണ്ടാക്കേണ്ടി വരും എന്ന കാര്യം ഒരു വസ്തുതയാണെന്നും അത് തങ്ങളുടെ ഏറ്റവും മികച്ചത് നൽകാൻ സമ്പദ്ഘടനയെ സഹായിക്കുമെന്നും കേന്ദ്രസർക്കാർ പറയുന്നത്. ആസിയൻ കരാർ തുടങ്ങി നാം പങ്കാളികളായ സ്വതന്ത്രവ്യാപാര കരാറുകളെല്ലാംതന്നെ നമ്മുടെ കാർഷികവ്യാപാര മേഖലയ്ക്ക് വൻ തകർച്ചയാണ് സംഭാവന ചെയ്തത്.
ഇതിന്റെ പശ്ചാത്തലത്തിൽ ഈ ബൃഹത്തായ കരാറും നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും എന്ന ആശങ്കയാണ് കാർഷികവ്യാപാര മേഖലയിലെ സംഘടനകൾ ഉയർത്തിയിരിക്കുന്നത്. നമ്മുടെ രാജ്യത്തിന് പുറമേ ചൈന, ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവയും പത്ത് ആസിയാൻ രാജ്യങ്ങളും ഉൾപ്പെടുന്ന ഒരു സംയോജിത വിപണി രൂപീകരിക്കാനാണ് ആർ.സി.ഇ.പി കരാർ ലക്ഷ്യമിടുന്നത്. നിർദ്ദിഷ്ട കരാർ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാര കരാർ ആയിരിക്കും. ലോക ജനസംഖ്യയുടെ 45 ശതമാനം, ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 25 ശതമാനം, ആഗോള വ്യാപാരത്തിന്റെ 26 ശതമാനം തുടങ്ങി വളരെ വലിയ വ്യാപ്തിയുള്ള വിഷയങ്ങളാണ് ആർ.സി.ഇ.പി കരാറിന്റെ പരിധിയിൽ വരുന്നത്. ഇറക്കുമതി ച്ചുങ്കവുമായി ബന്ധപ്പെട്ട വലിയ മാറ്റങ്ങൾക്കാണ് ഈ കരാർ വഴിവെക്കുക. ഇത് നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകവുമാണ് എന്നതാണ് ഈ കരാറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. സാമ്പത്തിക – സാങ്കേതിക സഹകരണം, ബൗദ്ധിക സ്വത്തവകാശം, തർക്കപരിഹാരം, വിദേശനിക്ഷേപം, തീരുവരഹിത ഇറക്കുമതി എന്നിവയാണ് ഈ കരാറിലെ മുഖ്യഘടകങ്ങൾ. ഇറക്കുമതിതീരുവയുമായി ബന്ധപ്പെട്ട ഉപാധികൾ നമ്മുടെ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആഗോള മാനുഫാക്ച്ചറിങ്ങ് വിതരണ ശൃംഖലയിൽ ഉൾക്കൊള്ളാൻ ഈ കരാറിൽ ഇന്ത്യ ഭാഗമാകണമെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.
അടുത്ത അഞ്ചു വർഷത്തിനുള്ള നമ്മുടെ രാജ്യത്തെ മാനുഫാക്ചറിങ്ങ് സെക്ടറിന്റെ പങ്ക് ജി.ഡി.പിയുടെ 15 ശതമാനത്തിൽ നിന്ന് 20 ശതമാനമാക്കി ഉയർത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഈ കാലയളവിൽ ജി.ഡി.പി ഇരട്ടിയാക്കണം എന്ന് മാത്രവുമല്ല കയറ്റുമതി സാദ്ധ്യതകൾ വൻതോതിൽ വർദ്ധിപ്പിക്കേണ്ടതും ഉണ്ട്. ഇതിനായി ആഗോള മാനുഫാക്ചറിങ്ങ് ശൃംഖലയിൽ നമ്മുടെ രാജ്യം അംഗമായേ മതിയാകൂ. 
ചൈനയിലെ മാനുഫാക്ചറിങ്ങ് ചെലവ് വർദ്ധിച്ച് വരികയാണ്. അത് കൊണ്ടുതന്നെ പ്രധാന മാനുഫാക്ചറിങ്ങ് യൂണിറ്റുകൾ എല്ലാംതന്നെ മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് പുനഃസ്ഥാപിയ്ക്കപ്പെടുകയാണ്. ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നാണ് ആർ.സി.ഇ.പിയെ അനുകൂലിക്കുന്നവരുടെ വാദം. ആർ.സി.ഇ.പി കരാറിൽ ഇന്ത്യ പങ്കാളിയാകുന്നതിനെതിരെ ഓട്ടോമൊബൈൽ, സ്റ്റീൽ, കോപ്പർ, ടെക്‌സ്‌റ്റൈൽ, ഡയറി തുടങ്ങിയ വ്യവസായ മേഖലകളിൽനിന്നും വൻ പ്രതിഷേധം ഉയരുകയാണ്, പ്രത്യേകിച്ച് ഇറക്കുമതി ടെക്‌സ്‌റ്റൈൽ മേഖലകളിൽ നിന്നും. ഇറക്കുമതി രംഗത്ത് ഈ കരാർ വൻ മത്സരം ഉണ്ടാക്കുമെന്നും ഇത് ആഭ്യന്തര വ്യവസായത്തെ ദോഷമായി ബാധിക്കുമെന്നുമാണ് ഇവരുടെ വാദം. നമ്മുടെ രാജ്യം ഇന്നത്തെ സാഹചര്യത്തിൽ വലിയ വ്യാപാര കമ്മിയാണ് നേരിടുന്നത്. 
ചൈനയുമായുള്ള വ്യാപാരം പരിശോധിച്ചാൽ 95.54 ബില്യൺ ഡോളറിന്റെ കച്ചവടമാണ് 2018 ൽ നടന്നത്. കഴിഞ്ഞ കുറെ വർഷങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഏറ്റവും ഉയർന്നതാണിത്.
ആസിയാൻ രാജ്യങ്ങളായ ജപ്പാനും സൗത്ത് കൊറിയയും നമ്മുടെ രാജ്യത്തേക്ക് നടത്താനിരിക്കുന്ന വൻതോതിലുള്ള കയറ്റുമതി നമ്മുടെ വ്യാപാര മേഖലയെ സംബന്ധിച്ചിടത്തോളം ദോഷകരമായ വിധത്തിൽ ബാധിക്കാനിടവരുത്തും എന്നതാണ് ഈ രംഗത്തെ വ്യാപാര കേന്ദ്രങ്ങൾ ആശങ്കപ്പെടുന്നത്. തേയില, കാപ്പി, സുഗന്ധദ്രവ്യങ്ങൾ, രത്‌നങ്ങളും ധാതുവിഭാഗങ്ങളുമാണ് നാം കയറ്റുമതി നടത്തുന്നത്. ചൈന കയറ്റുമതി നടത്തുന്നത് ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലാസ്റ്റിക്, ഓർഗാനിക് കെമിക്കൽസ്, വളം എന്നിവയാണ്. കോളണികാലം മുതൽ നാം അസംസ്‌കൃത വസ്തുക്കൾ കയറ്റുമതി ചെയ്യുമ്പോൾ ചൈന സംസ്‌കരണം ചെയ്തും, പണി തീർന്നതുമായ ഉൽപന്നങ്ങളാണ് ഇവിടെയ്ക്ക് കയറ്റുമതി നടത്തുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിൽ പോലും വൻതോതിൽ വിറ്റഴിക്കപ്പെടുന്ന ഓട്ടോമൊബൈൽ ഭാഗങ്ങളും, ഔഷധങ്ങളും പലവിധ കാരണങ്ങൾ പറഞ്ഞ് ചൈനയിൽ വിൽപ്പന നിഷേധിക്കുകയാണ്. ചൈനയും ഓസ്‌ട്രേലിയയും കരാർ ഉണ്ടാക്കുമ്പോൾ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറയ്ക്കാൻ വൻ സമ്മർദ്ദം ചെലുത്തിവരികയുമാണ്.
 

Latest News