Sorry, you need to enable JavaScript to visit this website.

സമാധാന സന്ദേശവുമായി യെമനിൽ പുതിയ സർക്കാർ

ലോകത്ത് സമാധാനം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളും ആഭ്യന്തര കലഹങ്ങളും അവസാനിച്ചു കാണാൻ ഏതൊരു പൗരനും ആഗ്രഹിക്കുന്നതാണ്. സംഘർഷം നടക്കുന്നിടങ്ങളിലേക്ക് സമാധാനത്തിന്റെ ദൂതുമായി ആരെങ്കിലും കടന്നു വന്നാൽ  അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും പിന്തുണക്കപ്പെടേണ്ടതുമാണ്. ലോകം അത്തരം നടപടികളെ ആകാംക്ഷയോടെയാവും ഉറ്റു നോക്കുക. യെമനിലെ സംഘർഷത്തിന് അയവു വരുത്താൻ, പരിഹാരം കാണാൻ അത്തരമൊരു ദൂതുമായെത്തിയ സൗദി അറേബ്യയെ,  പ്രത്യേകിച്ച് സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാനെയും പ്രശംസിക്കപ്പെടേണ്ടതുണ്ട്. ഈ ദിശയിൽ ഇരുവരും നടത്തിയ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുന്നതും സമാധാനകാംക്ഷികളുടെ മനസിൽ ഇടം പിടിക്കുന്നതുമാണ്. യെമൻ സർക്കാരും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിലും (ദക്ഷിണ യെമൻ വിഘടന വാദികൾ) തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സംഘർഷഭരിതമായ യെമനിൽ സമാധാനം കൊണ്ടുവരുമെന്നുവേണം കരുതാൻ. ഈ ദിശയിലേക്ക് സംഘർഷം അവസാനിപ്പിച്ച് ഹൂത്തികൾ കൂടി കടന്നു വന്നാൽ തീർച്ചയായും യെമന് പഴയകാല പ്രതാപം വീണ്ടെടുക്കാനാവും.
പശ്ചിമേഷ്യൻ പ്രദേശത്തെ രാജ്യങ്ങളെല്ലാം യെമനിലെ സംഘർഷം അവസാനിച്ചു കാണാൻ ഏറെ ആഗ്രഹിക്കുന്നവരാണ്. സംഘർഷം നിലനിൽക്കുന്നതിനാൽ ഏറെ പ്രയാസം നേരിടുന്നവരാണ് ഈ രാജ്യങ്ങളിലെ പൗരന്മാരും ഇവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളും. ഇക്കാര്യത്തിൽ മലയാളികൾ പ്രത്യേകിച്ചും. കാരണം അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന യെമൻ കേരളത്തിലെ സാംസ്‌കാരിക, രാഷ്ട്രീയ, വൈജ്ഞാനിക മണ്ഡലങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള രാജ്യമാണ്. ഇസ്ലാമിന്റെ വ്യാപനത്തിനുവേണ്ടി നാടും വീടുമുപേക്ഷിച്ച് സാംസ്‌കാരിക, വൈജ്ഞാനിക ചുമടുകളുമായി മലയാള നാടിന്റെ തീരത്തണഞ്ഞ പണ്ഡിതന്മാരിൽ പലരും യെമനികളായിരുന്നു. കേരള മുസ്‌ലിംകളിൽ  അറിയപ്പെടുന്ന പല പേരുകളും ഒന്നുകിൽ യെമനിൽ നിന്ന് ഇങ്ങോട്ട് വന്നവരുടേയൊ അവരുടെ സന്താന പരമ്പരകളുടേതോ ആണ്. യെമനിലെ ഹളർമൗത്തും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യെമനിൽനിന്നുമെത്തിയ തങ്ങൾ പരമ്പരയിൽപ്പെട്ടവർ മലബാറിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. അങ്ങനെയാവുമ്പോൾ യെമനിലെ ഒരോ ചലനങ്ങളും ഇപ്പോഴും വീക്ഷിക്കുകയും ബന്ധം പുലർത്തുകയും ചെയ്യുന്ന മലയാളികൾ യെമനിൽ സമാധാനം പുലർന്നു കാണാൻ ആഗ്രഹിക്കുക സ്വാഭാവികം. യുദ്ധക്കെടുതിയിലും ആഭ്യന്തര കലഹങ്ങളിലുംപെട്ട് നട്ടം തിരിയുന്ന യെമന് പഴയ പ്രതാപത്തിലേക്ക് മടങ്ങിപ്പോവുന്നതിന് ഏറെ പണിപ്പെടേണ്ടി വരുമെങ്കിലും സംഘർഷം ഒഴിവായാൽ തീർച്ചയായും അധ്വാനികളായ യെമനികൾക്ക് അവരുടെ നാടിനെ തിരിച്ചു പിടിക്കാൻ കഴിയും. 
അതിനുള്ള സാഹചര്യമാണ് റിയാദിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഒത്തുതീർപ്പ് കരാറിൽ രൂപപ്പെട്ടിട്ടുള്ളത്. യെമൻ ഭരണകൂടവും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിലും ഒപ്പുവെച്ച സമാധാന ഉടമ്പടി സമാധാന പ്രേമികളുടെ മനസകങ്ങളെ കുളിർപ്പിക്കുന്നതാണ്. യെമൻ ഗവൺമെന്റ് പ്രതിനിധി സാലിം അൽ ഖൻബശിയും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിൽ പ്രതിനിധി ഡോ. നാസിർ അൽ ഖബ്ജിയുമാണ് കരാറിൽ ഒപ്പുവെച്ചത്. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും, അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെയും, യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെയും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിൽ പ്രസിഡന്റ് ഐദ്രോസ് അൽസുബൈദിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചതെന്ന് ശ്രദ്ധേയമാണ്. 
കരാർ പ്രകാരം ഏദനിൽ ഒരാഴ്ചക്കകം പുതിയ സർക്കാർ നിലവിൽ വരും. ഉത്തര, ദക്ഷിണ യെമനിൽ നിന്നുള്ള യോഗ്യരും പ്രഗത്ഭരുമായ തുല്യപ്രതിനിധികളെ ഉൾപ്പെടുത്തി 24 അംഗ മന്ത്രിസഭയായിരിക്കും രൂപീകരിക്കുക. വിവേചനങ്ങൾ അവസാനിപ്പിച്ച് പൂർണ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കാനും അപകീർത്തികരമായ മാധ്യമ പ്രചാരണങ്ങൾ നിർത്തിവെക്കാനും ധാരണയായിട്ടുണ്ട്. ഇതു നല്ല സൂചനയാണ് നൽകുന്നത്. 
ഹൂത്തി മിലീഷ്യയുടെ ആക്രമണങ്ങളെ ചെറുക്കുന്നതിനും  അട്ടിമറി അവസാനിപ്പിക്കുന്നതിനും സഖ്യസേനക്കു കീഴിൽ ശ്രമങ്ങൾ തുടരാനും അൽഖാഇദ, ഐ.എസ് ഭീകരരെ ചെറുക്കുക്കാനുമുള്ള തീരുമാനവും രാജ്യത്ത് സമാധാനം കൊണ്ടുവരാൻ സഹായിക്കും. കരാർ നിരീക്ഷിക്കുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനാ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനു സഹായിക്കുമെന്നു മാത്രമല്ല, അഭിപ്രായ ഭിന്നതകളുണ്ടായാൽ അതു എളുപ്പം പരിഹരിക്കപ്പെടുന്നതിനും ഉപകരിക്കും. 
ഹൂത്തികളിൽനിന്ന് സ്വതന്ത്രമാക്കിയ പ്രവിശ്യകളിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുന്നതിനും വേതന വിതരണം നടത്തുന്നതിനുമുള്ള തീരുമാനം പൗരന്മാരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്. രാഷ്ട്രത്തിന്റെ പൊതുവരുമാനം ഏദനിലെ കേന്ദ്ര ബാങ്കിൽ നിക്ഷേപിക്കുകയും ബജറ്റ് പ്രകാരം വിനിയോഗിക്കുകയും കൂടി ചെയ്താൽ സാമ്പത്തിക അസമത്വവും സാമ്പത്തിക പ്രയാസങ്ങളും  ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും സാധിക്കും. അതോടൊപ്പം  അഴിമതി ഇല്ലാതാക്കാനും സാമ്പത്തിക കൗൺസിൽ പുനഃസംഘടിപ്പിക്കാനുള്ള ധാരണയും സാമ്പത്തിക മേഖലക്കു കരുത്തേകും. നിയമപാലനം ലക്ഷ്യമിട്ട് ഏദൻ ഗവർണറെയും പോലീസ് മേധാവിയെയും രണ്ടാഴ്ചക്കകം നിയമിക്കാനുള്ള ധാരണയും ക്രമസമാധാന മേഖലക്ക് ശക്തിയേകുന്നതാണ്. എല്ലാ നിലയ്ക്കും യെമന് ഗുണകരമായി മാറിയേക്കാവുന്ന ധാരണയാണ് റിയാദിൽ ഉരുത്തിരിഞ്ഞിട്ടുള്ളത്. അത് ഫലവത്തായി നടപ്പാക്കാനും രാജ്യത്ത് സമാധാനം കൊണ്ടുവരാനും പുതിയ സർക്കാരിനു കഴിയട്ടെയെന്ന് പ്രത്യാശിക്കാം.
 

Latest News