Sorry, you need to enable JavaScript to visit this website.

യമുനാ തീരത്തെ ഗ്യാസ് ചേംബർ 

അന്തരീക്ഷം മലിനമാക്കുന്നത് അക്രമമാണ്. അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണുള്ളത്. ജനങ്ങളെ മരിക്കാൻ വിടാനാകില്ല. പാഴ്‌വസ്തുക്കൾ കത്തിക്കുന്നവർക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച്  വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം നഗരവാസികളുടെ ആയുർദൈർഘ്യം കുറക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

ഡിസംബർ, ജനുവരി മാസങ്ങളിൽ ദൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ വഴി തിരിച്ചു വിടുന്നത് പതിവാണ്. മഞ്ഞു മൂടിയ പ്രഭാതങ്ങളിൽ വിമാനങ്ങൾ മാത്രമല്ല, മെട്രോ ട്രെയിനും റോഡ് വാഹനങ്ങൾക്കും വരെ പ്രയാസം നേരിടാറുണ്ട്. തണുപ്പുകാലം തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്ന് വന്ന വാർത്ത ഐ.ജി എയർപോർട്ടിൽ നിന്ന് 32 വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നുവെന്നാണ്.
അന്തരീക്ഷ മലിനീകരണം ദൽഹി നഗരത്തിൽ ജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണ്. ദൽഹിയിൽ ജനങ്ങളുടെ ആരോഗ്യത്തെയും മലിനീകരണം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. 
ആസ്ത്മയുൾപ്പെടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിൽ എത്തുന്ന രോഗികളുടെ എണ്ണം കൂടി. 
അതിനിടയ്ക്ക് ബി.ജെ.പിയുടെ ഒരു നേതാവ് ഇതിനുള്ള കാരണം കണ്ടെത്തി രംഗത്തെത്തിയിട്ടുണ്ട്. ചൈനയും പാക്കിസ്ഥാനും കൂടി വിഷപ്പുക കൊണ്ടുവന്ന് തള്ളുന്നതാണ് പോലും ഈ സാഹചര്യമുണ്ടാക്കിയത്. പാക്കിസ്ഥാനെ വിടാം. നമ്മുടെ ബദ്ധശത്രു. എന്നാൽ ചൈന നമ്മുടെ സ്വന്തമല്ലേ. അവിടത്തെ വലിയ പുള്ളിയേ അല്ലേ അടുത്തിടെ മഹാബലിപുരത്ത് സൽക്കരിച്ച് ചായയും മസാലദോശയും വാങ്ങിക്കൊടുത്തത്? അത് പോട്ടെ, ഒരു മാതിരി പശു സംരക്ഷണ പ്രസ്താവന പോലെയെടുക്കാം. 
മലിനീകരണ വിപത്ത് ചർച്ച ചെയ്യാൻ ദൽഹിയിൽ പഞ്ചാബ്, ഹരിയാന, ദൽഹി സംസ്ഥാനങ്ങളിലെ ഉന്നതർ യോഗം ചേർന്നിരുന്നു. കർഷകർ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾ കത്തിക്കുന്നത് തടയാൻ നടപടി വേണമെന്ന നിർദേശവും  ഈ യോഗത്തിൽ ഉയർന്നിരുന്നു. 
ദീപാവലിക്ക് ശേഷമാണ് അന്തരീക്ഷ മലിനീകരണത്തിന്റെ തോത് അപകടകരമായ  രീതിയിൽ ഉയർന്നത്. വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്. മലിനീകരണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മലിനീകരണം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും സുപ്രീം കോടതി നിരീക്ഷിക്കുകയുണ്ടായി. മലിനീകരണം കുറയ്ക്കാൻ ദൽഹിയിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. ധാരാളം വാഹനങ്ങളിൽനിന്ന് പിഴ ഈടാക്കി. 
കടുത്ത അന്തരീക്ഷ മലിനീകരണ പ്രതിസന്ധി നേരിടുന്ന ദൽഹിയിൽ  നിർമാണ പ്രവർത്തനങ്ങൾക്കും പൊളിക്കലിനും പാഴ്‌വസ്തുക്കൾ കത്തിക്കുന്നതിനും സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തി. നിരോധനം ലംഘിച്ച് നിർമാണ പ്രവർത്തനവും പൊളിക്കലും നടത്തിയാൽ ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 
അന്തരീക്ഷം മലിനമാക്കുന്നത് അക്രമമാണ്. അടിയന്തരാവസ്ഥയേക്കാൾ മോശമായ സാഹചര്യമാണുള്ളത്. ജനങ്ങളെ മരിക്കാൻ വിടാനാകില്ല. പാഴ്‌വസ്തുക്കൾ കത്തിക്കുന്നവർക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച്  വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം നഗരവാസികളുടെ ആയുർദൈർഘ്യം കുറക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 
വായുമലിനീകരണം മൂലം ശരാശരി ആയുസിൽ 6.9 വർഷത്തിന്റെ കുറവ് വന്നിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റിയൂട്ടിന്റെ പഠനത്തിലാണ് അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ ആയുർദൈർഘ്യം കുറയ്ക്കുന്നതായി കണ്ടെത്തിയത്. 
 ഗവേഷണ സംഘം 1998 മുതൽ 2006 വരെയുള്ള കാലയളവിൽ വിവിധ നഗരങ്ങളിലെ വായു ഗുണനിലവാരം താരതമ്യം ചെയ്താണ് പഠന റിപ്പോർട്ട് തയാറാക്കിയത്. ഡബ്യുഎച്ച്ഒ അനുശാസിക്കുന്ന നിലയിലേക്ക് മലിനീകരണ തോത് കുറയ്ക്കാനായാൽ ജനങ്ങളുടെ ആയുസ് ഒമ്പത് വർഷത്തോളം കൂടുമെന്നാണ് നിരീക്ഷണം.
നൂറ്റാണ്ടുകൾ നീണ്ട മുസ്‌ലിം ഭരണാധികാരികളുടെ കാലത്താണ് ദൽഹി നഗരത്തിൽ ലോക പ്രശസ്ത സ്മാരകങ്ങൾ ഉയർന്നത്. ഇടക്കൊരു വിദ്വാൻ തലസ്ഥാനം മാറ്റിയതാണ് തുഗ്ലക് പരിഷ്‌കാരമെന്ന പ്രയോഗത്തിന് ജന്മം നൽകിയത്. ഇപ്പോഴിതാ തലസ്ഥാനം മാറ്റണമെന്ന ആവശ്യം പല കോണുകളിൽ നിന്നുമുയരുന്നു. മലിനീകരണ തോത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവിൽ എത്തിയ സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാണെന്ന വസ്തുത ഉയർത്തിക്കാട്ടിയാണ് ഈ ആവശ്യമുന്നയിക്കുന്നത്. 
2016 നവംബറിലാണ് ദൽഹിയിൽ ഏറ്റവും ഉയർന്ന വായുമലിനീകരണ തോത് റിപ്പോർട്ട് ചെയ്തത്. 497 ആയിരുന്നു അന്നത്തെ മലിനീകരണ നിരക്ക്. 
ഈ ഞായറാഴ്ച രേഖപ്പെടുത്തിയ അളവ് 494 ആണ്. തിങ്കളാഴ്ച വീണ്ടുമുയർന്ന് 500 ആയി. ഈ സാഹചര്യത്തിലാണ് രാജ്യതലസ്ഥാനം മാറ്റണമെന്ന് പലരും ആവശ്യപ്പെടുന്നത്. ചിലർ നിർദേശിച്ചത് മഹാരാഷ്ട്രയിലെ നാഗ്പൂരാണ്. മറ്റു ചിലർ തെക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നു. ബെംഗളൂരുവിലേക്കോ ചെന്നൈയിലേക്കോ രാജ്യതലസ്ഥാനം മാറ്റണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയായിരുന്നു. ബ്രിട്ടീഷുകാരാണ് ഇത് ദൽഹിയിലേക്ക് മാറ്റിയത്. 1911 ലാണ് കൊൽക്കത്തയിൽ നിന്ന് ദൽഹിയിലേക്ക് തലസ്ഥാനം മാറ്റപ്പെട്ടത്. തലസ്ഥാന മാറ്റം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് ചൂടേറിയിരിക്കുകയാണ്. അതിനിടയ്ക്ക് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വിയും  വിഷയത്തിൽ പ്രതികരിച്ചു. രാജ്യത്തിന് നാല് തലസ്ഥാനം വേണമെന്നാണ് കോൺഗ്രസ് നേതാവ് പറയുന്നത്. 
വൻകിട നഗരങ്ങൾ തലസ്ഥാനമാക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊൽക്കത്തയും മുംബൈയും തലസ്ഥാനമാക്കരുതെന്നാണ് സിങ്‌വിയുടെ അഭിപ്രായം. ഈ നഗരങ്ങളിലെ സ്ഥലപരിമിതിയാണ് അദ്ദേഹം തടസമായി ചൂണ്ടിക്കാട്ടുന്നത്. ആന്ധ്ര പ്രദേശ് തലസ്ഥാനമായി പരിഗണിച്ചിരുന്ന അമരാവതി, ഉത്തരാഖണ്ഡ് തലസ്ഥാനമായ റാഞ്ചി എന്നിവയാണ് സിങ്‌വി ചൂണ്ടിക്കാട്ടുന്ന തലസ്ഥാനങ്ങൾ. ഇവയ്ക്ക് പുറമെ രണ്ടു തലസ്ഥാനങ്ങൾ കൂടി ആകാമെന്നും അദ്ദേഹം പറയുന്നു. ഭരണ സൗകര്യത്തിന് ഒന്നിലധികം തലസ്ഥാനമുള്ള രാജ്യങ്ങളും സംസ്ഥാനങ്ങളുമുണ്ടെന്ന വാദവും അദ്ദേഹം ഉയർത്തുന്നു.
ദൽഹി സ്ഥലപരിമിതിയും നേരിടുന്നുണ്ട്. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ ദൽഹിയിൽ സൗകര്യം കുറവാണ്. പുതിയ തലസ്ഥാന നഗരങ്ങളിൽ സുപ്രീംകോടതി ബെഞ്ചും പാർലമെന്റ് മന്ദിരവും നിർമിക്കാമെന്നും സിങ്‌വി പറയുന്നു. 
ചില രാജ്യങ്ങൾ തലസ്ഥാനം മാറ്റിയിട്ടുണ്ട്. ഓസ്‌ട്രേലിയ കാൻബറ തലസ്ഥാനമാക്കിയത് ഭരണപരമായ സൗകര്യം മാത്രം അടിസ്ഥാനമാക്കിയാണ്. ഇന്തോനേഷ്യ അവരുടെ തലസ്ഥാനം മാറ്റി. ജക്കാർത്തയിൽനിന്ന് ബോർണിയോയിലേക്ക് മാറ്റാനാണ് തീരുമാനം. ജക്കാർത്തയിൽ ജനങ്ങൾ കൂടി വന്നതും മറ്റു ചില പ്രതിസന്ധികളുമാണ് അവർ തലസ്ഥാനം മാറ്റാൻ കാരണം. എന്തുകൊണ്ട് ഇന്ത്യയ്ക്ക് നാല് തലസ്ഥാനം ആയിക്കൂടാ എന്നുമാണ് കോൺഗ്രസ് നേതാവിന്റെ ചോദ്യം. 
ദൽഹിയിൽ നിന്നോ, ഉത്തരേന്ത്യയിൽ നിന്നോ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ സാധാരണഗതിയിൽ മലയാളി മൈൻഡ് ചെയ്യാറില്ല. തെക്കേ അറ്റത്ത് കഴിയുന്ന നമ്മൾ വളരെ സുരക്ഷിതരാണെന്ന ധാരണയിലാണ് മിക്കവരും. എന്നാൽ കേരളത്തിനും ആശങ്കപ്പെടാനുണ്ടെന്നതാണ് വസ്തുത. ദൽഹി ജനത ശുദ്ധവായുവിനായി കേഴുമ്പോൾ കേരളം ഭയപ്പെടേണ്ടതുണ്ട്. 
ദൽഹി അടക്കമുള്ള നഗരങ്ങളിലെ വായുമലിനീകരണത്തിലും സുരക്ഷിതരാണെന്ന് ആശ്വസിക്കുന്ന മലയാളികളെ ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്പുറത്ത് വിട്ടിരിക്കുന്നത്. കൊച്ചി, ഇടുക്കി, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ വായുമലിനീകരണം അപായരേഖക്കരികിലാണെന്നാണ് പുതിയ കണ്ടെത്തൽ.
ശുദ്ധവായുവും ശുദ്ധജലവും പ്രകൃതി കനിഞ്ഞരുളിയ പച്ചപ്പുമെല്ലാം നിറഞ്ഞു നിന്ന പഴയ കേരളമല്ല പുതിയ കേരളം. കേരളത്തിനു കാവലായി നിൽക്കുന്ന പശ്ചിമഘട്ട മിലനിരകളെ തുരന്നുകൊണ്ടുള്ള പാറമടകളും അന്തീക്ഷ മലിനീകരണവും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. പുഴകളും നദികളും അനുദിനം മലിനമാക്കുന്നതും കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥയെയാണ് തകർക്കുന്നത്. ഇവിടുത്തെ കാലാവസ്ഥപോലും താളം തെറ്റിയിരിക്കുകയാണ്. രണ്ട്  മഹാപ്രളയങ്ങൾക്കാണ് കേരളം ഇതിനകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.
2019 ഓഗസ്റ്റിലെ പേമാരിയിലും ഉരുൾപൊട്ടലിലും മാത്രം സംസ്ഥാനത്ത് തകർന്നത് 61,455 വീടുകളാണ്. 
മനുഷ്യനിർമ്മിത ദുരന്തങ്ങളായി പ്രളയത്തെ വിശേഷിപ്പിക്കുമ്പോൾ കേരളവും ജീവിക്കാൻ കഴിയാത്ത നാടായി മാറുകയാണെന്ന ആശങ്കയാണിതോടെ പടരുന്നത്. 15 വർഷം മുമ്പ് ഗൾഫ് നാടുകളിൽ കുടിക്കാൻ കുപ്പിവെള്ളം കിട്ടുമെന്നത് കൗതുകത്തോടെയാണ് മലയാളികൾ കേട്ടിരുന്നത്. ഇന്ന് പുഴകളും നദികളും മലിനമായതോടെ മലയാളി കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലായി. കാൽ നൂറ്റാണ്ട് മുമ്പ് കോഴിക്കോട്ടെ ഒരു പത്രം പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ധൂർത്തിനെ കുറിച്ച് എഴുതിക്കൂട്ടിയപ്പോൾ ഹൈലൈറ്റ് ചെയ്ത് പറഞ്ഞത് യുവനേതാവ് ചെലവേറിയ ഡിസ്റ്റിൽഡ് വാട്ടർ മാത്രമേ കുടിക്കൂ എന്നാണ്. വനങ്ങളും പച്ചപ്പും നിറഞ്ഞ കേരളത്തിൽ ഇന്ന് ശുദ്ധവായുവും അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. 
44 നദികളാൽ ജലസമൃദ്ധമായ കേരളത്തിൽ ഈ നദികളിലെ വെള്ളമായിരുന്നു ഒരു കാലത്ത് ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.
മലിനീകരണം കാരണം കോളിഫോം ബാക്ടീരിയയുടെ പരിധിയും കൂടുതലായതിനാൽ നദികളിലെയും പുഴകളിലെയും വെള്ളം കുടിക്കാനായി ഉപയോഗിക്കാൻപോലും പറ്റാത്ത അവസ്ഥയിലാണുള്ളത്. വെള്ളത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതിനാൽ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതും ഇപ്പോൾ ദൃശ്യമാണ്.
ലോകത്ത് വായുമലനീകരണം കൂടുതലുള്ള പത്ത്  നഗരങ്ങളിൽ ഏഴും ഇന്ത്യയിലാണെന്നതാണ് ശ്രദ്ധേയം. പുകവലിക്കാരനല്ലാത്ത ഒരാൾ, ദിവസം 20 സിഗരറ്റ് വലിച്ചാലുള്ള അത്രയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ദൽഹിയിലെ വായു ശ്വസിക്കുന്നവർ ഏറ്റുവാങ്ങേണ്ടത്. 
പുകയിലയേക്കാൾ വലിയ ദുരന്തമാണ് വായുമലിനീകരണം ഇന്ത്യക്ക് സമ്മാനിക്കുന്നത്. വായുമലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ച് 2017ൽ മാത്രം ഇന്ത്യയിൽ 12.4 ലക്ഷം പേരാണ് മരണപ്പെട്ടത്.
2017 ൽ ഇന്ത്യയിലെ  ആകെ മരണങ്ങളിൽ എട്ടിൽ ഒന്നും വായുമലിനീകരണത്തിന്റെ ഫലമാണെന്നാണ് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയത്.
ദൽഹി കടുത്ത പ്രതിസന്ധി നേരിടുമ്പോൾ നമ്മുടെ പ്രധാനമന്ത്രി വിദേശ സന്ദർശനത്തിന്റെ തിരക്കിലാണ്. തായ്‌ലന്റ്, സിംഗപ്പൂർ...അങ്ങിനെ പോകുന്നു യാത്രകൾ.
ഇത് ചോദ്യം ചെയ്യാൻ കേരളം റെക്കോർഡ് ഭൂരിപക്ഷം നൽകി പാർലമെന്റിലേക്കയച്ച രാഹുൽജി വിദേശത്ത് എവിടെയാണെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.
 

Latest News