എന്തായിരിക്കും അയോധ്യ വിധി; മന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി മോഡി

ന്യൂദല്‍ഹി-അയോധ്യ-ബാബരി മസ്ജിദ് കേസില്‍ കോടതി വിധി ആസന്നമായിരിക്കെ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശം നല്‍കി. രാജ്യത്ത് മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.

വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ അയോധ്യ വിധിയെ നോക്കിക്കാണരുതെന്നും മോഡി ഓര്‍മിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന മന്ത്രിസഭ യോഗത്തില്‍ വെച്ചാണ് പ്രധാനമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഈ മാസം 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിധി വരുന്ന പശ്ചാത്തലത്തില്‍ വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് ബി.ജെ.പിയും സംയമനം പാലിക്കണമെന്ന് മുസ്്‌ലിം സംഘനകളുടെ പൊതുവേദിയും നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അയോധ്യ വിധി വരുമ്പോള്‍ നിയോജക മണ്ഡലങ്ങളില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് എം.പിമാര്‍ക്കും ബി.ജെ.പി നിര്‍ദേശം നല്‍കിയിരുന്നു.

അയോധ്യയിലെ തര്‍ക്കഭൂമിയെക്കുറിച്ച് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും  തടഞ്ഞത്  മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു.

 

Latest News