Sorry, you need to enable JavaScript to visit this website.

ലൈസന്‍സും ബിസിനസും തമ്മില്‍ വൈരുധ്യം; സൗദിയില്‍ സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടി

റിയാദ്- കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ലേബർ ഓഫീസിലെ ഫയലുകളും പ്രകാരമുള്ള പ്രവർത്തന മേഖലയും യഥാർഥ പ്രവർത്തന മേഖലയും തമ്മിൽ പൊരുത്തക്കേടുള്ള സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ നിര്‍ത്തുന്നു.

യഥാർഥ പ്രവർത്തന മേഖലക്ക് അനുസൃതമായി ലേബർ ഓഫീസിലെ ഫയലുകളിൽ തിരുത്തലുകൾ വരുത്തുന്നതിന് സ്ഥാപനങ്ങൾക്ക് നേരത്തെ മന്ത്രാലയം സാവകാശം അനുവദിച്ചിരുന്നു. ഇത് അവസാനിച്ചതോടെയാണ് യഥാർഥ പ്രവർത്തന മേഖലക്ക് അനുസൃതമായി ഫയലുകളിൽ തിരുത്തലുകൾ വരുത്താത്ത സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ മന്ത്രാലയം നിർത്തിവെക്കാൻ തുടങ്ങിയത്. 


നിയമവിരുദ്ധ സ്ഥാപനങ്ങളിൽ നിന്ന് ബിസിനസ് മേഖലക്ക് സംരക്ഷണം നൽകാനും സ്ഥാപനങ്ങൾക്കിടയിൽ നീതിപൂർവമായ മത്സരം ഉറപ്പു വരുത്താനും തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും സൗദിവൽക്കരണം കൂടുതൽ അനുയോജ്യവും ആകർഷകവുമാക്കി മാറ്റാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വ്യത്യസ്ത അനുപാതത്തിലുള്ള സൗദിവൽക്കരണമാണ് ബാധകം. പ്രവർത്തന മേഖലയിലെ പൊരുത്തക്കേടുകൾ സൗദിവൽക്കരണ വ്യവസ്ഥകൾ പാലിക്കുന്നതിൽ നിന്ന് അനർഹമായ ഇളവുകളും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് സ്ഥാപനങ്ങൾക്ക് വഴിയൊരുക്കും. 


വാണിജ്യ, നിക്ഷേപ മന്ത്രാലയത്തെ സമീപിച്ച് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനിലെ വിവരങ്ങൾ പുതുക്കുകയാണ് സ്ഥാപന ഉടമകൾ ആദ്യം ചെയ്യേണ്ടത്. ഇതിനു ശേഷം യഥാർഥ പ്രവർത്തന മേഖലക്ക് അനുസൃതമായി പ്രവർത്തന മേഖല മാറ്റുന്നതിന് ഓൺലൈൻ വഴി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കണം. 

കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും ലേബർ ഓഫീസിലെ ഫയലുകളും പ്രകാരമുള്ള പ്രവർത്തന മേഖലയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെ യഥാർഥ പ്രവർത്തന മേഖലയും ഒന്നു തന്നെയാണെന്ന് ഉറപ്പു വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഫീൽഡ് പരിശോധനകൾ നടത്തും. നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.
 

Latest News