വന്യജീവി ശല്യത്തിന് പരിഹാരമില്ല; കാട്ടിക്കുളത്ത് ഹർത്താൽ 

കുഞ്ചിലന്റെ മരണവിവരം അറിഞ്ഞ് വെള്ളാഞ്ചേരിയിൽ സംഘടിച്ച നാട്ടുകാർ. 

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു, 
മൂന്നു പേർക്ക് പരിക്ക്, വാഹനങ്ങളും തകർത്തു 

മാനന്തവാടി- തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം വെള്ളാഞ്ചേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വൃദ്ധൻ മരിച്ചു. കാട്ടികുളം ആലത്തൂർ കോളനിയിലെ കുഞ്ചിലനാണ് (65)  മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.  വെള്ളാഞ്ചേരിയിലെ സ്വകാര്യ  തോട്ടത്തിൽ ജോലിക്കിടെയാണ്  കൊമ്പനാന  കുഞ്ചിലനെ ആക്രമിച്ചത്. ആനയുടെ ചവിട്ടും കുത്തുമേറ്റ് മരിച്ച നിലയിൽ 12.30 ഓടെയാണ്  തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. 
ഇതേ ആന വെള്ളാേഞ്ചരിയിൽ ഓട്ടോറിക്ഷയും സ്‌കൂട്ടറും തകർത്തു. പിക്കപ്പ് വാൻ കേടുവരുത്തി. ആനയെ ഭയന്ന് ഓടുന്നതിനിടെ വീണ് കാട്ടിക്കുളം സ്വദേശി ഉണ്ണികൃഷ്ണൻ(60), തൃശിലേരി കുനിയിൽ കുന്നേൽ അനീഷ്(28), വെള്ളാഞ്ചേരി കോട്ടുർമുക്കത്ത് സുലൈഖ(44) എന്നിവർക്ക് പരിക്കേറ്റു. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ നേടി. 
മൃതദേഹം പോസ്റ്റുമോർട്ടത്തിനു  ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിൽ കയറ്റുന്നത് കുറച്ചുനേരം തടസപ്പെടുത്തിയ പ്രദേശവാസികൾ വെള്ളാഞ്ചേരിയിൽ മണിക്കൂറോളം റോഡ് ഉപരാധവും നടത്തി. ജില്ലാ കലക്ടർ സ്ഥലത്തുവന്നതിനുശേഷം മൃതദേഹം നീക്കിയാൽ മതിയെന്ന നിലപാടിലായിരുന്നു നാട്ടുകാർ. എം.എൽ.എമാരായ ഒ.ആർ. കേളു, ഐ.സി. ബാലകൃഷ്ണൻ, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി എന്നിവരുടെ നേതൃത്വത്തിൽ  നാട്ടുകാർ വനം, പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് മൃതദേഹം പോസ്റ്റുമോർത്തിനു വിട്ടുകൊടുത്തത്. 
സംഭവത്തിൽ പ്രതിഷേധിച്ചും വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ടും കാട്ടിക്കുളത്ത് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം ആറു വരെ ഹർത്താൽ ആചരിച്ചു. കോൺഗ്രസ് തിരുനെല്ലി, തൃശിലേരി മണ്ഡലം കമ്മിറ്റികൾ സംയുക്തമായാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. 
രാവിലെയാണ് ആന വെള്ളാഞ്ചേരി ഭാഗത്ത് ഇറങ്ങിയത്. റോഡരികിൽ നിലയുറപ്പിച്ച ആന എട്ടരയോടെയാണ് വാഹനങ്ങൾ തകർത്തത്. ആനയെ കണ്ടയുടൻ നിർത്തിയ സ്‌കൂട്ടറിൽനിന്നു അനീഷ് ഇറങ്ങിയോടുകയായിരുന്നു. ചവിട്ടിത്തകർത്ത സ്‌കൂട്ടർ ആന കാപ്പിത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു.  വെള്ളാഞ്ചേരി മുളയാങ്കാവിൽ ഷാബുവിന്റേതാണ് ആന കുത്തിമറിച്ചും അടിച്ചും തകർത്ത ഓട്ടോറിക്ഷ. വഴിയിൽ നിർത്തിയിട്ടിരുന്നതാണ് വാഹനം. കാട്ടിക്കുളം സ്വദേശി ധനേഷിന്റേതാണ് ആന കേടുവരുത്തിയ പിക്കപ്പ് വാൻ. പ്രദേശവാസികൾ ബഹളംവച്ചതോടെ വെള്ളാഞ്ചേരി എസ്റ്റേറ്റിന്റെ  വേലി തകർത്ത് പോകുന്നതിനിനിടെയാണ് ആന കുഞ്ചിലനെ ആക്രമിച്ചത്. കാട്ടാന വാഹനങ്ങൾ തകർത്തതുമായി ബന്ധപ്പെട്ട് ഒ.ആർ. കേളു എം.എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശവാസികളും വനം ഉദ്യോഗസ്ഥരും ചർച്ച നടത്തുന്നതിനിടെയാണ് കുഞ്ചിലൻ ആനയുടെ ആക്രമണത്തിൽ മരിച്ച വിവരം പുറത്തറിയുന്നത്. ഇതോടെ പ്രകോപിതരായ നാട്ടുകാർ 
വനം ജീവനക്കാർക്കുനേരേ തിരിഞ്ഞു. പോലിസ് ഇടപെട്ടാണ് വനം ജീവനക്കാരെ  വാഹനത്തിൽ കയറ്റി സ്ഥലത്തുനിന്നു മാറ്റിയത്. ആദിവാസികളിലെ അടിയ വിഭാഗക്കാരനാണ് കുഞ്ചിലൻ. വർഷങ്ങളായി വെള്ളാഞ്ചേരി എസ്റ്റേറ്റിൽ ജീവനക്കാരനാണ്. 
വനം, റവന്യൂ ഉദ്യോഗസ്ഥരുമായി എം.എൽ.എമാർ നടത്തിയ  ചർച്ചയുടെ അടിസ്ഥാനത്തിൽ കുഞ്ചിലന്റെ കുടുംബത്തിനു കാൽ ലക്ഷം രൂപ അടിയന്തര സഹായം  അനുവദിച്ചു. മാനദണ്ഡപ്രകാരമുള്ള സമാശ്വാസധനം വൈകാതെ ലഭ്യമാക്കാനും മകൾ തങ്കയ്ക്ക് വനം വകുപ്പിൽ താത്കാലിക ജോലി നൽകാനും തീരുമാനമായി. കാട്ടാനശല്യം കലശലായ ഭാഗങ്ങളിൽ  ആറ് കിലോമീറ്റർ റെയിൽ ഫെൻസിംഗ് നിർമിക്കാനും ധാരണയായി.
 

Latest News