മദ്രസ അധ്യാപകരുടെ പെന്‍ഷന്‍ 1500 രുപയായി വര്‍ധിപ്പിക്കും

തിരുവനന്തപുരം- മദ്രസ അധ്യാപകരുടെ പെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ 1500 രൂപയായി ഉയര്‍ത്തുമെന്ന് മന്ത്രി കെ.ടി. ജലീല്‍ നിയമസഭയെ അറിയിച്ചു.  അംശാദായം ഓണ്‍ലൈനായി അടക്കാന്‍ സംവിധാനമൊരുക്കുമെന്നും ഇതുസംബന്ധിച്ച് സിഡിറ്റ് പ്രൊപ്പോസല്‍ നല്‍കിയതായും കേരള മദ്രസ അധ്യാപക ക്ഷേമനിധി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചക്കുള്ള മറുപടിയില്‍ അദ്ദേഹം വ്യക്തമാക്കി.

ബോര്‍ഡ് ആരംഭിച്ചപ്പോള്‍ 1701 പേരാണ് അംഗങ്ങളായിരുന്നത്. ഇപ്പോള്‍ 22,500 പേര്‍ അംഗങ്ങളാണ്. ഈ വര്‍ഷം 50,000 പേരെക്കൂടി അംഗങ്ങളാക്കും. പെന്‍ഷന്‍ പ്രായം 60 ആയി കുറയ്ക്കും. പെന്‍ഷന്‍ തുക കുറഞ്ഞത് 1500 രൂപയും കൂടിയത് 7500 രൂപയുമായി നിജപ്പെടുത്തും. അഞ്ച് വര്‍ഷം കഴിഞ്ഞ് ഓരോ വര്‍ഷവും തുകയില്‍ 10 ശതമാനം വര്‍ധനയുണ്ടാവും. നിലവില്‍ 1000 രൂപയാണ് പെന്‍ഷന്‍.

പാലോളി കമ്മിറ്റി നിര്‍ദേശങ്ങളില്‍ 75 ശതമാനത്തോളം നടപ്പാക്കി. സംസ്ഥാനത്ത് 21,683 മദ്രസകളിലായി 2,04683 അധ്യാപകരുണ്ടെന്നാണ് കണക്ക്.

ന്യൂനപക്ഷ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കായി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ 6,000 രൂപയുടെ സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. അന്‍വര്‍ സാദത്ത്, എന്‍. ഷംസുദ്ദീന്‍, പി. ഉബൈദുള്ള, കെ.വി. അബ്ദുല്‍ ഖാദര്‍, സി. മമ്മൂട്ടി, പി. മുഹമ്മദ് മുഹ്‌സിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Latest News