തിരുവനന്തപുരം- പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി 57 ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അടിയന്തരമായി 14 ജില്ലകളിലും പോക്‌സോ വിചാരണ കോടതികൾ സ്ഥാപിക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളത്ത് പ്രത്യേക കോടതിയും സ്ഥാപിക്കും. കേസുകളുടെ വിചാരണ സംബന്ധിച്ച് അറിയാൻ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൗൺസലിംഗിനു പോകുന്നവരുടെ എണ്ണം വർധിപ്പിക്കും. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ചില സദാചാരക്കാർ എതിർപ്പുമായി രംഗത്ത് വരാനും സാധ്യതയുണ്ട്. അമ്മയും പെൺമക്കളും മാത്രമായി താമസിക്കുന്ന വീടുകളിൽ പ്രത്യേക സുരക്ഷ ഒരുക്കും. ചില പ്രത്യേക പ്രദേശങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാഠ്യപദ്ധതിയിൽ നിയമപാഠങ്ങൾ ഉൾപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞു. വിദ്യാർഥികളിൽ നിയമബോധം സൃഷ്ടിക്കുന്നതിന് നൂതനമായ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
സ്വാഭാവിക വനവത്കരണം നടത്തുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു.
വന്യജീവി സങ്കേതങ്ങളിലെയും സംരക്ഷിത മേഖലകളിലെയും പ്രായമേറിയ തേക്കുമരങ്ങൾ മുറിച്ചുനീക്കിയാണ് സ്വാഭാവിക വനവത്ക്കരണം നടത്തുക. 60 മുതൽ 68 വർഷം പഴക്കമുള്ള മരങ്ങൾ നിലവിലെ സംരക്ഷിത മേഖലകളിലുണ്ട്. ഇത്തരം മരങ്ങളുള്ളതിനാൽ അടിക്കാടുകൾ ഇല്ലാതാവുകയും ഒപ്പം വന്യജീവികൾക്ക് തീറ്റ ജല ലഭ്യത ഇല്ലാത്ത സ്ഥിതിയാണുള്ളത്.
നിലവിലെ നിയമപ്രകാരം സംരക്ഷിത മേഖലകളിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന് തടസമുണ്ട്. ഈ സാഹചര്യത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രവനം മന്ത്രാലയത്തെയും സുപ്രീം കോടതിയെയും സമീപിക്കാനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വനത്തിനുള്ളിലെ രാജ്യദ്രോഹ പ്രവർത്തനങ്ങൾ തടയുന്നതിന് പോലീസിന് വനം വകുപ്പിന്റെ അനുമതി വേണ്ടെന്ന് വനം മന്ത്രി രാജു നിയമസഭയിൽ പറഞ്ഞു. വിധ്വംസക പ്രവർത്തനങ്ങൾ നടത്തിയാൽ അവ കണ്ടെത്തുന്നതിനും നടപടി എടുക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികൾക്ക് അനുമതി ചോദിക്കേണ്ടതില്ല. ആളുകളെ വെടിവെച്ച് കൊല്ലാൻ മാത്രം കേരളത്തിലെ വനത്തിനുള്ളിൽ വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നതായി വനംവകുപ്പിൻെറ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നും ഇത്തരത്തിലുള്ള നീക്കങ്ങൾക്ക് വനംവകുപ്പിൻെറ അനുമതി വാങ്ങിയിട്ടുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. വനത്തിനുള്ളിൽ താവളമടിച്ച മാവോയിസ്റ്റ് ഭീകരരെ പോലീസ് വെടിവെച്ചുകൊന്നതിൽ സി.പി.ഐയുടെ അമർഷം നിലനിൽക്കെയാണ് സി.പി.ഐക്കാരനായ മന്ത്രിയെ വെട്ടിലാക്കിയുള്ള ചോദ്യം.
വനസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രത്തിൻെറ കാംപാ ഫണ്ടിനത്തിൽ കേരളത്തിന് ലഭിച്ചത് 80 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു.






