Sorry, you need to enable JavaScript to visit this website.

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ച കള്ളന് മുട്ടൻ പണി; മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളം കുരുക്കായി

തിരുവനന്തപുരം- മോഷണത്തിനിടെ ക്ഷീണം തീർക്കാൻ മുട്ട പൊട്ടിച്ച് കുടിച്ച വൻ മോഷ്്ടാവിന് അറിയില്ലായിരുന്നു തനിക്ക് ഇങ്ങിനെയൊരു അക്കിടി വരുമെന്ന്. മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളത്തിൽനിന്ന് പ്രതിയെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലിൽ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടൻ പണിയാണ്. മുട്ടത്തോടിൽ പതിഞ്ഞ വിരലടയാളമാണ് വൻ മോഷ്ടാവിനെ കുടുക്കിയത്. പത്തനംതിട്ട ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടിൽ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടർന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂർ സ്വദേശി കെ.കെ ഫക്രുദ്ദീൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തിൽ മുട്ടത്തോടിൽ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂർവമായ നേട്ടമാണ്.
പത്തനംതിട്ട, പാലക്കാട്, തൃശൂർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീൻ മുപ്പതോളം കേസുകളിലെ പ്രതിയാണ്. 
മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂർത്തടിക്കാനുമാണ് ഇയാൾ ചെലവഴിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ടെസ്റ്റർ ഇൻസ്‌പെക്ടർ വി. ബിജുലാലിന്റെ നേതൃത്വത്തിൽ ഫിംഗർ പ്രിന്റ് വിദഗ്ദരായ ശ്രീജ, ഷൈലജ, എ.എസ്.ഐ മോഹൻ, സിവിൽ പോലിസ് ഓഫീസർമാരായ വിനോദ്, ശ്രീജിത്ത്, ഡിപ്പാർട്ട്‌മെന്റ് ഫോട്ടോഗ്രാഫർ ജയദേവ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
 

Latest News