പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്  ദ്യശ്യങ്ങള്‍ പകര്‍ത്തി; ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി- കൊച്ചി വടുതലയില്‍ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഖ്യപ്രതി ലിതിന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളുടെ സഹായിയാണ് പിടിയിലായത്. ദമ്പതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടുതല സ്വദേശികളായ വര്‍ഷ (19) ബിബിന്‍ (25) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ഇവരുടെ വീടിന്റെ മുകളിലത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പന്ത്രണ്ടുകാരിയുടെ കുടുംബം. ഇവരുടെ ഉടമസ്ഥതയിലുള്ള കടയില്‍ സഹായി ആയി നിന്നിരുന്ന വടുതല സ്വദേശിയായ ലിതിന്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണില്‍ വീടിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. സംഭവമറിഞ്ഞ  വര്‍ഷയും ബിബിനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്‌നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. 
ഈ ദൃശ്യങ്ങള്‍ യൂടൂബില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിന്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാര്‍ മൊബൈലില്‍ ചിത്രീകരിച്ചു. ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ഇവിടെ നിന്നും താമസം മാറി. അച്ഛനമ്മമാരുടെ  പരാതിയില്‍ കേസെടുത്ത എറണാകുളം നോര്‍ത്ത് പൊലീസ് വര്‍ഷയേയും ബിബിനേയും അറസ്റ്റ് ചെയ്തു. 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ദൃശ്യങ്ങള്‍ റിക്കവര്‍ ചെയ്‌തെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

Latest News