Sorry, you need to enable JavaScript to visit this website.

വാളയാർ; ഒടുങ്ങാത്ത വിലാപം

സമൂഹം കൈവരിച്ച പുരോഗതിയും വളർച്ചയും കുറ്റകൃത്യങ്ങളെയും അവയുടെ അന്വേഷണത്തെയും ഏറെ സങ്കീർണമാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ കുറ്റാന്വേഷണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കാൻ ഈ രംഗത്ത് സമഗ്ര പരിഷ്‌കാര നടപടികൾ അനിവാര്യമായിരിക്കുന്നു. വാളയാറും കൂടത്തായിയും കരമനയും കുറ്റാന്വേഷണ രംഗത്തെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പാലക്കാട് ജില്ലയിലെ വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാവാത്ത രണ്ടു സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ പീഡനത്തിന് ഇരകളായി മരണമടഞ്ഞ കേസിലെ മൂന്നു പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടയച്ച സംഭവത്തിന്റെ അലയൊലി ഇന്നലെ വീണ്ടും നിയമസഭയിൽ മുഴങ്ങി. വി.ടി. ബൽറാം എം.എൽ.എയാണ് സംഭവത്തിന്റെ പുതിയ ട്വിസ്റ്റ് നിയമസഭയിൽ വാദിച്ചതും നീതിക്ക് കേഴുന്ന ആ കുടുംബത്തിനു വേണ്ടി വീറോടെ വാദിച്ചതും. 
മക്കളെ പീഡിപ്പിച്ചു കൊന്നവരെ വെറുതെ വിട്ട കോടതി നടപടി പെൺകുട്ടികളുടെ മാതാവിനു മാത്രമല്ല, നീതിബോധമുള്ള ആർക്കും താങ്ങാവുന്നതല്ല. മതിയായ തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടിയെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. വസ്തുത അതാണെങ്കിൽ ഇപ്പോൾ പ്രതിസ്ഥാനത്ത് യഥാർഥത്തിൽ അന്വേഷണം നടത്തിയ കേരള പോലീസിലെ ഉദ്യോഗസ്ഥരാണ്. സഹോദരിമാരുടെ ദുരൂഹ മരണത്തെ തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് കുട്ടികൾ പീഡനത്തിന് ഇരയായതായി സൂചന നൽകുന്നുണ്ട്. തുടക്കത്തിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കേസ് എടുക്കുന്നതിലും തെളിവുകൾ ശേഖരിക്കുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് അന്നത്തെ വാളയാർ എസ്.ഐയെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. ചുമതലയുണ്ടായിരുന്ന സി.ഐ, രണ്ട് ഡിവൈ.എസ്.പിമാർ എന്നിവർക്കെതിരെയും തൃശൂർ റെയ്ഞ്ച് ഐ.ജി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തതും വിവാദമായിരുന്നു.

അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ നേരത്തെ തന്നെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിസ്ഥാനത്തുള്ള ഒരാൾക്കെതിരായ കേസ് ജുവനൈൽ കോടതിയുടെ പരിഗണനയിലാണ്. പരിഷ്‌കൃത മനസ്സുകളെ അസ്വസ്ഥമാക്കുന്ന കേസിന്റെ പരാജയത്തിന് കാരണം ബോധപൂർവമോ അല്ലാതെയോ തെളിവുകൾ ശേഖരിക്കുന്നതിൽ കേരള പോലീസിന് സംഭവിച്ച വീഴ്ചയാണെന്നു വേണം കരുതാൻ. കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച പല കേസുകളിലും പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുള്ളതായ വാർത്തകൾ തുടർക്കഥയാവുകയാണ്. കൂടത്തായി മരണ പരമ്പരയിലും ഏറ്റവും അവസാനം കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേരുടെ ദുരൂഹ മരണങ്ങളിലും സമാനമായ വീഴ്ച പോലീസ് അന്വേഷണത്തിൽ സംഭവിച്ചതായി ചൂണ്ടിക്കാട്ടപ്പെടുന്നു. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാരുടെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ സർക്കാർ അപ്പീൽ നൽകും. പക്ഷേ സി.പി.എം പ്രാദേശിക നേതാക്കളുടെ ഈ വിഷയത്തിലുള്ള ഇടപെടൽ വെളിച്ചത്ത് വന്നേ തീരൂ.
തെളിവുകളുടെ അഭാവത്തിൽ എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന ചോദ്യം പ്രസക്തമാണ്. അപ്പീലിനു പകരം സംഭവത്തിൽ പ്രാപ്തിയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലോ ഏജൻസി വഴിയോ പുനരന്വേഷണമായിരിക്കും യുക്തിഭദ്രമായ മറുവഴി. സംഭവത്തിൽ തെളിവ് സമാഹരിക്കാൻ നടക്കുന്ന പുനരന്വേഷണത്തോടൊപ്പം മുൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടായ വീഴ്ചകളും പരിശോധിക്കപ്പെടേണ്ടതാണ്. മനഃപൂർവമായ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത്തരം ഉദ്യോഗസ്ഥർ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടില്ലെന്ന് ഉറപ്പു വരുത്താനും സർക്കാറിന് ബാധ്യതയുണ്ട്.

കൂടത്തായിയിലും കരമനയിലും ഉണ്ടായ കൊലപാതക പരമ്പരകളിൽ അന്വേഷണം നടത്തുന്നതിൽ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ മനഃപൂർവമായ വീഴ്ച വരുത്തിയതായുള്ള വാർത്തകൾ അവഗണിക്കാവുന്നതല്ല. പോലീസ് സേനയിലെ ചില ഉദ്യോഗസ്ഥരെങ്കിലും നിയമ ലംഘകർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നത് അസാധാരണമല്ല. അത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ മേൽ നിയമ നടപടി സ്വീകരിക്കുന്നത് ജനങ്ങൾക്ക് പോലീസ് സേനയിലും അന്വേഷണം നടത്താനുള്ള അവരുടെ പ്രാപ്തിയിലും വിശ്വാസം പുനഃസ്ഥാപിക്കാൻ അനിവാര്യമാണ്. സമൂഹത്തെയാകെ ഞെട്ടിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ഫലപ്രദമായ അന്വേഷണം നടക്കാത്തതിനെപ്പറ്റി അത്തരം സംഭവങ്ങൾ പുറത്തു വരുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ അവയ്ക്ക് പരിഹാരം കണ്ടെത്താനുള്ള തുടർ നടപടികൾ ഉണ്ടാവുന്നില്ല. ഗവൺമെന്റ് ഇക്കാര്യം അർഹിക്കുന്ന ഗൗരവത്തോടെ പരിശോധിച്ച് പരിഹാര നടപടികൾക്ക് മുതിരണം. സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അത്തരം മുൻകരുതലുകൾ കൂടിയേ തീരൂ. പോലീസ് സേനയെ ക്രമസമാധാനം, കുറ്റാന്വേഷണം എന്നീ ചുമതലകളുടെ അടിസ്ഥാനത്തിൽ വിഭജിക്കുന്നതിനെപ്പറ്റി ഏറെക്കാലമായി ചർച്ചകൾ നടന്നുവരുന്നുണ്ട്.

ചർച്ചകളുടെ തലത്തിൽ നിന്ന് അത് പ്രായോഗിക തലത്തിൽ എത്തിക്കുന്നതിനുള്ള സത്വര നടപടികൾ കൂടിയേ തീരൂ. ശാസ്ത്രീയമായ കുറ്റാന്വേഷണ രീതികൾ അവലംബിക്കുന്നതിന് പോലീസ് സേനയുടെ ഇന്നത്തെ അവസ്ഥ വിഘാതമാണ്. കാര്യക്ഷമമായ കുറ്റാന്വേഷണം ഉറപ്പു വരുത്താൻ ആവശ്യമായ ഫോറൻസിക് ലാബുകൾ അടക്കമുള്ള ഉപരിഘടനയുടെ അഭാവവും പോലീസ് സേനയുടെയും കുറ്റാന്വേഷണ സംവിധാനത്തിന്റെയും പരിമിതിയാണ്. സമൂഹം കൈവരിച്ച പുരോഗതിയും വളർച്ചയും കുറ്റകൃത്യങ്ങളെയും അവയുടെ അന്വേഷണത്തെയും ഏറെ സങ്കീർണമാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെ കുറ്റാന്വേഷണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാക്കാൻ ഈ രംഗത്ത് സമഗ്ര പരിഷ്‌കാര നടപടികൾ അനിവാര്യമായിരിക്കുന്നു. വാളയാറും കൂടത്തായിയും കരമനയും കുറ്റാന്വേഷണ രംഗത്തെ പോരായ്മകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Latest News