Sorry, you need to enable JavaScript to visit this website.

പുസ്തകം തുറക്കൂ, മനസ്സ് തുറക്കൂ

വായന ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതികളാണ് സമ്മാനിക്കുന്നത്. ചിലർ വായനയുടെ അതിരുകളില്ലാത്ത ലോകത്ത് വിരാചിച്ച് സർഗ സഞ്ചാരത്തിൽ സായൂജ്യമടയുമ്പോൾ മറ്റു ചിലർ വായനയുടെ സൗരഭ്യം നുകർന്നും പകർന്നും സംതൃപ്തരാവുന്നു. പത്ത് നാൾ നീണ്ടുനിൽക്കുന്ന ഷാർജ ബുക് ഫെസ്റ്റിവൽ വായനയുടെ വസന്തമാണ് വിരിയിക്കുന്നത്.

പുസ്തകം തുറക്കൂ, മനസ്സ് തുറക്കൂ എന്ന സുപ്രധാനമായ പ്രമേയം ഉയർത്തിപ്പിടിച്ച് എക്‌സ്‌പോ സെന്റർ ഷാർജയിൽ നടക്കുന്ന മുപ്പത്തിയെട്ടാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള വായനയെ സ്‌നേഹിക്കുന്ന ഓരോ സഹൃദയനെ സംബന്ധിച്ചും സുപ്രധാനമാണ്.
ലോകോത്തരങ്ങളായ കൃതികളും രചയിതാക്കളും സാമൂഹിക സാംസ്‌കാരിക കലാരംഗത്തെ ലബ്ധപ്രതിഷ്ഠരും സംബന്ധിച്ചും ആദാന പ്രദാനങ്ങളുടെ സമ്മോഹന വേദിയായി പുസ്തക മേള മാറുമ്പോൾ ഗൾഫിൽ നിന്നും മറ്റു വിവിധ പ്രദേശങ്ങളിൽ നിന്നുമായി ആയിരക്കണക്കിനാളുകളാണ് അങ്ങോട്ട് ഒഴുകിയെത്തുന്നത്.

പുതുതായി ധാരാളം പുസ്തകങ്ങളിറങ്ങുമെന്നതും പ്രശസ്തമായ പല കൃതികളും പ്രത്യേക വിലക്കിഴിവിൽ സ്വന്തമാക്കാമെന്നതും മാത്രമല്ല, അക്ഷരോൽസവം സൃഷ്ടിക്കുന്ന സാമൂഹികവും സാംസ്‌കാരികവുമായ പരിസരമാണ് പ്രബുദ്ധ സമൂഹത്തെ ഈ മേളയിലേക്ക് ആകർഷിച്ചത്. സുപ്രധാനമായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ നേതൃപദവിയിൽ മലയാളിയായ മോഹൻ കുമാറാണ് എന്നതും കേരളീയരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.

ഒക്ടോബർ 30 ന് തുടങ്ങിയ പുസ്തക മേള നവംബർ 9 ന് അവസാനിക്കും. ചെറുതും വലുതുമായ നിരവധി സാംസ്‌കാരിക വിനിമയ പരിപാടികളിലൂടെ കൂടുതൽ പക്വതയും മാനവിക മൂല്യങ്ങളുമുള്ള സമൂഹമെന്നതാണ് സംഘാടകർ ലക്ഷ്യം വെക്കുന്നത്. അറിവിന്റെ ഉദാത്ത വാതിൽ തുറക്കുന്നതിലൂടെ മനസ്സിന്റെ എല്ലാ ഇടുക്കങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന പ്രമേയം സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ സന്ദേശമാണ് അടയാളപ്പെടുത്തുന്നത്. ഇന്ത്യൻ പ്രസാധകർക്കും പുസ്തക വിതരണക്കാർക്കും പ്രത്യേകമായ പവിലിയനുകളും സാംസ്‌കാരിക പരിപാടികൾക്കുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയ സംഘാടകർ പ്രശംസയർഹിക്കുന്നു.

എഴുത്തുകാരന്റെ കാലവും വായനക്കാരന്റെ സമകാലികതയും വായിക്കുന്നവന് നൽകുന്ന അറിവും അനുഭവവുമാണ് വായന. വായനയുടെ രൂപഭാവങ്ങളിൽ കാലികമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും മലയാളി സംസ്‌കാരം നിലനിൽക്കുന്നേടത്തോളം കാലം ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി വായന നിലനിൽക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

പുതു തലമുറക്ക് വായനയിൽ കമ്പം കുറയുമ്പോഴും പലർക്കും പുസ്തകങ്ങൾ ഗൃഹാതുരമായ ഓർമയാണ.് അതുകൊണ്ടാവാം സജീവമായി വായനയെ സമീപിക്കാത്തവർ പോലും ഗാർഹിക ഗ്രന്ഥശാലകൾക്ക് പ്രാധാന്യം നൽകുന്നത്. ജ്ഞാന വിജ്ഞാന സമ്പാദനത്തിന്റെ മുഖ്യ സ്രോതസ്സായിരുന്ന വായനയുടെ പ്രാധാന്യം ആധുനിക സാങ്കേതിക ലോകത്തും ഒട്ടും കുറവല്ല. വായനക്ക് പുതിയ മാനങ്ങൾ കൈവരികയും പുസ്തകങ്ങൾക്ക് പല തരത്തിലുള്ള പകരക്കാരുണ്ടാവുകയും ചെയ്യുമ്പോഴും വായനയുടെ പ്രസക്തി നഷ്ടപ്പെടുന്നില്ലെന്നതാണ് യാഥാർഥ്യം. ലോക കഌസിക്കുകൾക്ക് ഇ പതിപ്പുകൾ വരികയും പ്രമുഖ രചനകളൊക്കെ ലഭ്യമാവുകയും ചെയ്യുമ്പോഴും പുസ്തകങ്ങളിലേക്കൊരു മടക്കയാത്ര കാലം കരുതിവെച്ച കാവ്യ നീതി പോലെ സംഭവിക്കുകയാണ്. വാക്കുകളും വരികളും അക്ഷരങ്ങളും അറിവുകളും മലയാളിയുടെ മനസ്സുമായി അത്ര മേൽ പ്രണയത്തിലാണ്. നിത്യവും പുസ്തക മേളയിലെത്തുന്ന മലയാളി സന്ദർശകരുടെ ബാഹുല്യം ഈ കാഴ്ചപ്പാട് ശരിവെക്കുന്നതാണ്.

എഴുത്തുവിദ്യയുടെ കണ്ടുപിടിത്തം മാനവിക നാഗരിക ചരിത്രത്തിലെ വിപ്ലവകരമായ ഒരു വഴിത്തിരിവായിരുന്നു. ആശയവിനിമയവും വിചാര വികാരങ്ങളും മനോഹരമായ രീതിയിൽ പങ്കുവെക്കുവാനും ആസ്വദിക്കുവാനും ഏറെ സഹായിച്ചു എന്നതു മാത്രമല്ല മനുഷ്യ കുലത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണം രേഖപ്പെടുത്തി വെക്കുവാനും അത് സഹായകമായി. അക്ഷരങ്ങളും ഭാഷകളുമൊക്കെ സംസ്‌കാരവും പുരോഗതിയും അടയാളപ്പെടുത്തിയപ്പോൾ സാമൂഹ്യ സാംസ്‌കാരിക ജീവിത രംഗങ്ങളിൽ അഭൂതപൂർവമായ വളർച്ചയാണുണ്ടായത്. നന്മയുടെ വാടാമലരുകൾ വിരിയിക്കുവാനും സംസ്‌കാരത്തിന്റെ സൗരഭ്യം പരത്തുവാനുമൊക്കെ എഴുത്തും വായനയും മനുഷ്യനെ പ്രാപ്തനാക്കുമ്പോൾ വായനയില്ലാത്ത ലോകത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

വായന സംസ്‌കാരമുള്ള മനുഷ്യന്റെ ഒരു സ്വഭാവമാണ്. ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ ഒരു മാധ്യമമാണ് പുസ്തകം. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ പുരോഗതിയെ തുടർന്ന് ദൃശ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധി വരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിർത്താനാവില്ല. കാരണം മനുഷ്യന്റെ സാംസ്‌കാരിക വളർച്ചക്ക് വായന അനുപേക്ഷണീയമാണ്.

ചിന്തയുടെ ഇന്ധനമാണ് വായന. എവിടെ വായന ഇല്ലാതാകുന്നുവോ, അവിടെ ചിന്ത മരവിക്കുകയും സമൂഹം അധഃപതിക്കുകയും ചെയ്യും. നക്ഷത്ര പ്രഭയുള്ള കാലവും ഉൾക്കനമുള്ള രചനകളും മലയാളിക്ക് അവിസ്മരണീയമായ ഓർമകളാണ്. അക്ഷരമെന്നാൽ ഒരിക്കലും നാശമില്ലാത്തത് എന്നാണ്. മറ്റൊരു മാധ്യമത്തിനും വായനയെ ഇല്ലാതാക്കാനാവില്ല. നമ്മുടെ സമീപനത്തിലാണ് മാറ്റം വരേണ്ടത്.

സാങ്കേതിക വിദ്യയുടെ വികസനം വായനയും പഠനവും കൂടുതൽ സൗകര്യപ്രദമാക്കി എന്നാണ് നാം കരുതേണ്ടത്. പുസ്തകങ്ങളിൽ നിന്നും ഒരു വരി പോലും വായിക്കാത്തവരും എഴുതാത്തവരുമൊക്കെ സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തി ധാരാളം വായിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നുണ്ടെന്ന കാര്യം നാം കാണാതിരുന്നു കൂടാ. ആ ഇടപെടലുകളും വായനയും സർഗാത്മകമാക്കുക എന്നതാണ് ഏറെ പ്രധാനം.

സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളിൽ നിന്നും മുഖം തിരിക്കാതെ നല്ലതും തിയ്യതും വേർതിരിച്ചറിയുവാനും നല്ല വായനയിലൂടെ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ശരിയായ അനന്തരാവകാശികളാകുവാനുള്ള ശ്രമമാണ് അഭികാമ്യം. പുസ്തക വായനയും ഇ. വായനയും സോഷ്യൽ മീഡിയയിലൂടെയുള്ള വായനയുമൊക്കെ പ്രയോജനപ്പെടുത്താൻ കഴിയണം. കാരണം അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള താക്കോലാണ് വായന. വായിക്കുന്നവരാണ് യഥാർഥ നേതാക്കളെന്ന വാക്യം അന്വർഥമാക്കണം. ഇരുട്ടും വെട്ടവും മൽസരിക്കുന്ന കലിയുഗത്തിൽ ഇരുട്ടിനെ തട്ടിമാറ്റി വെട്ടത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാക്കി മാറ്റാൻ പരന്ന വായനക്ക് മാത്രമേ കഴിയൂ. ഈയർഥത്തിൽ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ പ്രമേയം ഏറെ ചിന്തോദ്ദീപകമാണ്.

വായന വളരുകയാണ്. വായനയുടെ തലങ്ങളിൽ മാത്രമാണ് മാറ്റം വരുന്നത്. വിശാലമായ മാനങ്ങളുള്ള ഒരു പ്രക്രിയയാണ് വായന. കഥയും കവിതയും നോവലും സർഗ രചനകളുമെന്ന പോലെ തന്നെ പ്രകൃതിയുടെ ദൃശ്യ വായനയും വൈകാരിക വായനയും വ്യത്യസ്തമായ തലങ്ങളാണ്. സാമൂഹികതയും മാനവികതയും വായനയുടെ സവിശേഷ തലങ്ങളാവണമെന്നു കൂടി പുസതോകോൽസവം നമ്മോട് പറയാതെ പറയുന്നുണ്ട്.


വായനയുടെ പരിമളം മനസ്സിന് കുളിരേകുന്ന അവാച്യമായ ഒരനുഭൂതിയാണ്. മുൻവിധികളില്ലാതെ സങ്കുചിതത്വമില്ലാതെ ഈ പരിമളം കാത്തു സൂക്ഷിക്കാനായാൽ ഒരു ശക്തിക്കും മനുഷ്യ മനസ്സുകളെ സാംസ്‌കാരിക പാതയിൽ നിന്നും പിറകോട്ട് വലിക്കാനാവില്ല.

അക്ഷരങ്ങളെ പ്രണയിക്കുന്ന ഓരോരുത്തർക്കും വായന അവാച്യമായ അനുഭൂതിയാണ് നൽകുന്നത്. വായിക്കുന്നതും വായനക്ക് പ്രചോദനമേകുന്നതും ഒരുപോലെ പുണ്യമാണ്. ഞാൻ സുഹൃത്തുക്കളുടെ അഭാവം പരിഹരിക്കുന്നത് പുസ്തകങ്ങളിലൂടെയാണെന്ന അംബേദ്കറുടെ പ്രസ്താവന പുസ്തകങ്ങളെ കൂട്ടുകാരാക്കാനുള്ള ആഹ്വാനമാണ്.


മനുഷ്യ പ്രയാണത്തിന് ചിന്തയുടെയും ചന്തയുടെയും രണ്ടു വഴികളാണുളളതെന്നും ചന്തയുടെ വഴി തെരഞ്ഞെടുക്കുന്ന ധനികരും ചിന്തയുടെ വഴി തെരഞ്ഞെടുക്കുന്നവർ ധന്യരുമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. അന്നം തേടിയുള്ള യാത്രയിലും ചിന്തയുടെയും ചന്തയുടെയും വഴികളെ സമന്വയിപ്പിക്കുവാൻ കഴിയുന്നവരാണ് ശരിയായ വിജയികൾ. മനുഷ്യന് വായന ശരീരത്തിന് രക്തം പോലെയാണ്. പരന്ന വായന മനുഷ്യനിൽ ധന്യത പ്രസരിപ്പിക്കുന്നതോടൊപ്പം വിനയാന്വിതരും സംസ്‌കാര സമ്പന്നരുമാക്കും. വായന വൈവിധ്യം നഷ്ടപ്പെടാതെ വായനയുടെ പരിമളം പരത്താനുള്ള സോദ്ദേശ്യ ശ്രമങ്ങളാണ് കാലഘട്ടം നമ്മോടാവശ്യപ്പെടുന്നത്. എന്തിന് വായിക്കണം, എന്തു വായിക്കണം എന്നിത്യാദി ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കണ്ടെത്തി കേവലം അറിവിനുമപ്പുറം തിരിച്ചറിവിലേക്ക് നയിക്കുന്ന വായനകളാണ് കാലാതീതമായി നിലനിൽക്കുകയെന്നും ഇത്തരം മേളയിൽ നമ്മെ ഓർമിപ്പിക്കുകയാണ്. 

സ്വപ്നം കാണാൻ കഴിയുന്നവർക്കേ കഥയും കവിതയുമെന്നല്ല നല്ല രചനകൾ നടത്താനാവുകയുള്ളൂ. മലയാളിയുടെ കുടിയേറ്റം പോലും സ്വപ്നം കാണുന്നതിന്റെ ഭാഗമായിരുന്നു. എന്നാൽ സ്വന്തമായ സ്വപ്നങ്ങൾ പോലുമില്ലാത്തവരായി മാറുക എന്ന അത്യന്തം ഗുരുതരമായ സാംസ്‌കാരിക പ്രതിസന്ധിയിലൂടെയാണ് മലയാളി സമൂഹം കടന്നുപോകുന്നത്. ലോകോത്തരങ്ങളായ കൃതികളും നൊബേൽ സമ്മാന ജേതാക്കളടക്കമുള്ള അതിഥികളും പുസ്തക മേളയെ ധന്യമാക്കുമ്പോൾ കാഴ്ചപ്പാടിലും സമീപനത്തിലുമൊക്കെ വലിയ സ്വാധീനമുണ്ടാക്കാൻ സഹായകമാകുമെന്ന കാര്യം നിശ്ചയമാണ്.

വായന ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതികളാണ് സമ്മാനിക്കുന്നത്. ചിലർ വായനയുടെ അതിരുകളില്ലാത്ത ലോകത്ത് വിരാചിച്ച് സർഗ സഞ്ചാരത്തിൽ സായൂജ്യമടയുമ്പോൾ മറ്റു ചിലർ വായനയുടെ സൗരഭ്യം നുകർന്നും പകർന്നും സംതൃപ്തരാകുന്നു. ക്രിയാത്മകതയും സർഗവാസനകളും പ്രസരിപ്പിക്കുന്ന നന്മയുടെ പരിമളവും സമൂഹത്തിന്റെ ധാർമികവും സാംസ്‌കാരികവുമായ വികാസത്തിന് സഹായകമാകുന്നതോടൊപ്പം തന്നെ മാനവ സൗഹാർദത്തിന്റെ ഉദാത്ത വികാരങ്ങളും അടയാളപ്പെടുത്തുമ്പോൾ സമൂഹം പുരോഗതിയിൽ നിന്നും പുരോഗതിയിലേക്കാണ് കുതിക്കുക.

എല്ലാതരം വായനക്കാരെയും ആസ്വാദകരെയും പരിഗണിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന വിഭവങ്ങളോടെ പ്രവാസ ലോകത്ത് നടക്കുന്ന ഈ അക്ഷര മേള വിപ്ലവകരമായ സാംസ്‌കാരിക പ്രവർത്തനമായി വേണം കരുതാൻ.    


 

Latest News