മഹാരാഷ്ട്ര: ആര്‍ എസ് എസ് ഇടപെടുമോ? മുഖ്യമന്ത്രി ഫഡ്‌നാവിസ് മോഹന്‍ ഭാഗവതിനെ കാണുന്നു

മുംബൈ- മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപി തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു. അധികാരം പങ്കിടാനുള്ള മുന്‍ ഉടമ്പടി അംഗീകരിച്ച് മുഖ്യമന്ത്രി പദവി തങ്ങള്‍ക്കു വേണമെന്ന നിലപാടില്‍ ശിവ സേന ഉറച്ചു നില്‍ക്കുകയാണ്. ഇതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കാണാന്‍ നാഗ്പൂരിലേക്കു പോയി. അനിശ്ചിതത്വം അവസാനിപ്പിക്കാന്‍ ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസ് ഇടപെടണമെന്ന് നേരത്തെ ശിവ സേന ആവശ്യപ്പെട്ടിരുന്നു. ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി 72 മണിക്കൂറുകള്‍ മാത്രമെ ബാക്കിയുള്ളൂ. ഇതിനകം പുതിയ സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ നിയന്ത്രണം ഗവര്‍ണറുടെ കൈകളിലാകും. ഇത് രാഷ്ട്രപതി ഭരണത്തിലേക്കും വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്കും നയിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി.

പ്രതിസന്ധി പരിഹരിക്കാന്‍ നിതിന്‍ ഗഡ്കരിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ശിവ സേനാ നേതാവ് കിശോര്‍ തിവാരി മോഹന്‍ ഭാഗവതിന് കത്തയച്ചിരുന്നു. ഗഡ്കരിക്ക് രണ്ടു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരഹരിക്കാന്‍ കഴിയുമെന്നും എന്നാല്‍ അദ്ദേഹത്തെ ബിജെപി അരുക്കാക്കിയിരിക്കുകയാണെന്നും കിഷോര്‍ പറഞ്ഞിരുന്നു. പ്രതിസന്ധി തുടരുമ്പോഴും ആര്‍ എസ് എസ് മൗനം പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 


 

Latest News