Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ഇറങ്ങിയിരുന്നത് ഭയത്തോടെയെന്ന് പോലീസുകാര്‍

ന്യൂദല്‍ഹി- തീസ് ഹസാരി കോടതി വളപ്പിലെ അഭിഭാഷകരുടെ അക്രമത്തിന് ശേഷം യൂണിഫോം ധരിച്ച് ദല്‍ഹി നഗരത്തില്‍ ഇറങ്ങിയത് പേടിച്ചായിരുന്നുവെന്ന്  വനിത കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍.
അക്രമത്തിന് ശേഷവും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. മുതിര്‍ന്ന ഓഫീസര്‍മാര്‍ തങ്ങള്‍ക്ക് മാതാപിതാക്കളെപ്പോലെയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ കേട്ടില്ലെങ്കില്‍ പിന്നെ ആര് കേള്‍ക്കും- പോലീസുകാര്‍ ചോദിച്ചു.
സംഭവത്തെ തുടര്‍ന്ന് രണ്ട് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് ഹൈക്കോടതി ആദ്യം നിര്‍ദേശിച്ചത്. മറ്റ് രണ്ട് ഉദ്യോഗസ്ഥരെ കൂടി സസ്‌പെന്റ് ചെയ്യാനും പരിക്കേറ്റ അഭിഭാഷകര്‍ക്കു നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശം നല്‍കി. എന്നാല്‍, അക്രമം നടത്തിയ അഭിഭാഷകര്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസുകാരുടെ പ്രതിഷേധം. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒപ്പം നില്‍ക്കുമെന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍, പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിക്കാന്‍പോലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും സമരം ചെയ്ത പോലീസുകാര്‍ പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ദല്‍ഹിയില്‍ അഭിഭാഷകരും പണിമുടക്കിയിരുന്നു. തിങ്കളാഴ്ച ദല്‍ഹിയിലെ ആറ് ജില്ലാ കോടതികളിലെ അഭിഭാഷകര്‍ പണിമുടക്കിയിരുന്നു. എന്നാല്‍, പണിമുടക്ക് അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്ര വിവിധ അഭിഭാഷക സംഘടനകള്‍ക്ക് കത്തു നല്‍കി. ഗുണ്ടാ വിളയാട്ടം നടത്തിയ അഭിഭാഷകരെ കണ്ടെത്തണമെന്നും ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ ഇന്നലെയും സമരം തുടര്‍ന്നു. കുഴപ്പക്കാരായ അഭിഭാഷകരെ സംഘടനകളില്‍നിന്ന് അകറ്റിനിര്‍ത്തണമെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്റെ കത്തില്‍ ചൂണ്ടിക്കാട്ടി. ബൈക്കിലെത്തിയ പോലീസുകാരനെയും ഓട്ടോ ഡ്രൈവറെയും പൊതുജനങ്ങളെയും മര്‍ദിച്ച അഭിഭാഷകരുടെ നടപടി അങ്ങേയറ്റം കുറ്റകരമാണ്. ഇതെല്ലാം അങ്ങേയറ്റം അപലപനീയമാണെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.  

 

Latest News