തിരുവനന്തപുരം- മലയാളത്തിൽ സിനിമ ചെയ്യുന്നത് ചർച്ചയിലുണ്ടെന്നും ഇപ്പോൾ കരാറിലുള്ള സിനിമകൾ പൂർത്തിയാക്കിയതിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും തമിഴ് നടൻ വിക്രം.
മകൻ ധ്രുവ് വിക്രം ആദ്യമായി നായകനാകുന്ന 'ആദിത്യവർമ്മ' എന്ന തമിഴ് ചിത്രത്തി ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബിൽ നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിൽ അഭിനയിക്കുകയെന്നത് എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്. കർണൻ എന്ന സിനിമയുടെ ഷൂട്ട് തീയതി നീണ്ടുപോയതാണ് മലയാള ത്തിലേക്കുള്ള തിരിച്ചുവരവ് വൈകിയത്. ഇതേ സമയത്ത് മറ്റു തമിഴ് സിനിമകളിൽ കരാറായി. ലോംഗ് ഷെഡ്യൂളിൽ പൂർത്തിയാക്കേണ്ട മൂന്ന് തമിഴ് സിനിമകളിലാണ് ഇപ്പോൾ കരാറിലുള്ളത്. ഇവ പൂർത്തിയാക്കിയതിനു ശേഷമായിരിക്കും കർണനിൽ ജോയിൻ ചെയ്യുക. മലയാളത്തിൽ മറ്റു സിനിമകളും ചർച്ചയിലുണ്ട്. അത് ചെയ്യുന്നതിനെപ്പറ്റി പിന്നീട് ആലോചിക്കും. മകൻ ആദ്യമായി സിനിമയിൽ അഭിനയിക്കുകയാണ്. അവനെ ആദ്യമായി സ്‌കൂളിൽ പറഞ്ഞയക്കുമ്പോൾ, ചെറിയ കുട്ടിയായിരിക്കുമ്പോൾ അവൻ ഒരു മത്സരത്തിൽ പങ്കെടുക്കുമ്പോൾ ഒക്കെ അച്ഛൻ എന്ന നിലയിൽ ഉണ്ടായിരുന്ന അതേ ടെൻഷൻ അനുഭവിക്കുകയാണിപ്പോൾ. ധ്രുവിനെപ്പോലെ ഒരു പുതുമുഖത്തെ കൊണ്ടുവരുമ്പോൾ കാമ്പുള്ള ഒരു കഥ വേണമെന്ന് തോന്നിയിരുന്നു. നിർമാതാവ് മുകേഷ് മെഹ്തയ്ക്കാണ് ധ്രുവിന് ഈ റോൾ കിട്ടിയതിലെ ക്രെഡിറ്റ്. അദ്ദേഹമാണ് ധ്രുവിന്റെ ഡബ്‌സ് മാഷ് വീഡിയോകൾ കണ്ട് ആദിത്യവർമ്മയിൽ നായകനാക്കാൻ തീരുമാനമെടുത്തത്. ഇത്ര ഹെവി ആയ റോൾ ചെറുപ്രായത്തിൽ ധ്രുവിന് അഭിനയിച്ചു ഫലിപ്പിക്കാനാകുമോ എന്ന ടെൻഷനുണ്ടായിരുന്നു. പക്ഷേ അവൻ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഷൂട്ട് മുതൽ ഡബ്ബിംഗ്‌വരെ ധ്രുവിനോടൊപ്പമുണ്ടായിരുന്നു. സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ട്. വിക്രം പറഞ്ഞു.
അച്ഛന്റെ സാന്നിദ്ധ്യം ഷൂട്ട് സമയത്ത് ധൈര്യം തന്നെന്ന് ധ്രുവ് പറഞ്ഞു. അച്ഛനുള്ളതു കൊണ്ടാണ് ഞാൻ ഇന്നിവിടെ ഇരിക്കുന്നത്. എല്ലാവരേയും പോലെ വിക്രമെന്ന വലിയ നടന്റെ ആരാധകനാണ് ഞാനും. അച്ഛന്റെ പേര് ഒരിക്കലും ദുരുപയോഗം ചെയ്യില്ല. സിനിമ എല്ലാവർക്കും ഇഷ്ടമാകുമെന്നു തന്നെയാണ് വിശ്വാസം -ധ്രുവ് പറഞ്ഞു. ആദിത്യവർമ്മയിലെ നായിക പ്രിയ ആനന്ദും മുഖാമുഖത്തിൽ പങ്കെടുത്തു. വിജയ് ദേവരക്കൊണ്ട നായകനായ തെലുങ്ക് ചിത്രം അർജ്ജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കാണ് ആദിത്യവർമ്മ. നവംബർ എട്ടിനാണ് ചിത്രം പുറത്തിറങ്ങുന്നത്.