Sorry, you need to enable JavaScript to visit this website.

സൗദി അധ്യാപകനെ ക്ലാസില്‍ കയറി മര്‍ദിച്ചതില്‍ അന്വേഷണം

അൽബാഹ- എലിമെന്ററി സ്‌കൂളിൽ ക്ലാസിൽ കയറി വിദ്യാർഥികളുടെ മുന്നിലിട്ട് രക്ഷാകർത്താവ് അധ്യാപകന്റെ മുഖത്തടിച്ചതിൽ സുരക്ഷാ വകുപ്പുകളും പബ്ലിക് പ്രോസിക്യൂഷനും അന്വേഷണം ആരംഭിച്ചു. എലിമെന്ററി രണ്ടാം ക്ലാസിൽ പഠിപ്പിക്കുന്ന മുപ്പതു വയസ്സു പ്രായമുള്ള സൗദി അധ്യാപകനെയാണ് രക്ഷാകർത്താവ് മർദിച്ചത്. ക്ലാസിൽ കയറിയ രക്ഷാകർത്താവ് കുട്ടികളിലൊരാളോട് തന്റെ കൂടെ പുറത്തു വരുന്നതിന് ആവശ്യപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. 


സന്ദർശകനെ മുമ്പ് കണ്ട പരിചയമില്ലാത്തതിനാൽ വിദ്യാർഥിയുമായുള്ള ബന്ധത്തെക്കുറിച്ച് അധ്യാപകൻ അന്വേഷിക്കുകയും തന്റെ മകനാണെന്ന് രക്ഷാകർത്താവ് മറുപടി പറയുകയും ചെയ്തു. 
എന്നാൽ ക്ലാസിൽനിന്ന് നേരിട്ട് വിദ്യാർഥിയെ വിളിച്ചിറക്കി കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നും ഓഫീസിൽ പോയി മുൻകൂട്ടി സമ്മതം വാങ്ങിയിരിക്കണമെന്നാണ് ചട്ടമെന്നും അധ്യാപകൻ രക്ഷാകർത്താവിനോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ രക്ഷാകർത്താവ് വിദ്യാർഥികൾക്കു മുന്നിലിട്ട് അധ്യാപകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതോടെ പരസ്പരം അടിപിടിയായി. ചകിതരായ വിദ്യാർഥികൾ നിലവിളിച്ച് ക്ലാസിൽനിന്ന് പുറത്തേക്കോടി. 


ബഹളം കേട്ട് സ്‌കൂൾ പ്രിൻസിപ്പൽ സ്ഥലത്തെത്തി രക്ഷാകർത്താവിനെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രാഥമികാന്വേഷണ റിപ്പോർട്ട് തയാറാക്കി പോലീസിന് കൈമാറി. മർദനമേറ്റ അധ്യാപകൻ നേരിട്ടും പോലീസിൽ പരാതി നൽകി. ഈ പരാതി പോലീസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടി.


അഞ്ചു വർഷം മുമ്പ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരം ക്ലാസുകളിൽ സന്ദർശകർ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഓഫീസിൽ പ്രിൻസിപ്പലിനെയോ അധ്യാപകരെയോ കാണുന്നതിനു മാത്രമാണ് സന്ദർശകർക്ക് അനുമതി. എന്നാൽ നിരവധി സന്ദർശകർ ഇത് ലംഘിക്കുന്നുണ്ട്. 
രക്ഷാകർത്താക്കളുടെ ആക്രമണങ്ങളിൽനിന്ന് അധ്യാപകർക്കും സ്‌കൂൾ ഓഫീസ് ജീവനക്കാർക്കും സംരക്ഷണം നൽകുന്നതിന് പ്രത്യേക നിയമം വേണമെന്ന് അധ്യാപകർ ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നൽകുകയും അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുകയും ചെയ്യുന്ന നിയമം നടപ്പാക്കിയിട്ടുണ്ട്. ഇതേപോലെ അധ്യാപകർക്കും സ്‌കൂൾ ഓഫീസ് ജീവനക്കാർക്കും സംരക്ഷണം നൽകുന്ന നിയമം വേണമെന്നാണ് അധ്യാപകരുടെ ആവശ്യം.

Latest News